അക്കരെയക്കരെയക്കരെ... മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ ദുബായ് യാത്രാവിവരണം - രണ്ടാം ഭാഗം

ദുബായ് ഡോള്‍ഫിനേറിയത്തിലേക്കാണ് ഇന്നത്തെ യാത്ര...

രാവിലെ 10 മണിയോടെ ദുബായ് കാണാന്‍ ഞങ്ങള്‍ ഒരുങ്ങിയിറങ്ങി. ഞങ്ങള്‍ എട്ടുപേര്‍ക്ക് ചുറ്റിയടിക്കാന്‍ ഫോഡിന്റെ എസ് യു വിയായ എക്‌സ്പഡേഷന്‍ തയാറായിരുന്നു. യാത്രയില്‍ പുറത്തെ കാഴ്ചകളിലേക്ക് ഇറങ്ങിച്ചെന്ന് ആസ്വദിക്കാന്‍ സണ്‍ റൂഫും ഈ വാഹനത്തിലുണ്ട്.

കേരളത്തില്‍ നിന്ന് അറബിനാട്ടിലേക്കുള്ള ആകാശയാത്ര.... ആദ്യ ഭാഗം കാണാം

ഡോള്‍ഫിനുകളുടെ അഭ്യാസപ്രകടനങ്ങള്‍ അരങ്ങേറുന്ന ദുബായ് ഡോള്‍ഫിനേറിയമാണ് ഞങ്ങളുടെ ആദ്യ ലക്ഷ്യം. കൂട്ടത്തിലെ ജൂനിയര്‍ ഗൗരിക്കുട്ടിക്കു വേണ്ടിയാണ് ഇവിടം തിരഞ്ഞെടുത്തത്. കുടുംബയാത്രയില്‍ എല്ലാവരുടെയും താത്പര്യങ്ങള്‍ക്ക് ഇടം കൊടുക്കണമല്ലോ... ആദ്യ ഡെസ്റ്റിനേഷന്‍ ഇളംതലമുറയില്‍ നിന്നു തന്നെ തുടങ്ങാമെന്ന് കരുതി...

കൃത്യമായി രേഖപ്പെടുത്തിയ ഗതാഗതമാര്‍ഗങ്ങള്‍. കുണ്ടും കുഴിയും പോയിട്ട് ചെറിയൊരു പൊട്ടല്‍പോലും കാണാനില്ലാത്ത റോഡ്. ദുബായ് നഗരത്തിലെ പകല്‍ക്കാഴ്ചകളിലൂടെ യാത്ര പുരോഗമിച്ചു. 

dolphin

സണ്‍റൂഫിലൂടെ നഗരക്കാഴ്ചകളിലേക്ക് ഞാന്‍ ഇറങ്ങിച്ചെന്നു. ജനുവരി മാസമായതിനാല്‍ വെയിലുണ്ടെങ്കിലും അന്തരീക്ഷത്തില്‍ തണുപ്പാണ്.

ഞങ്ങളുടെ താമസസ്ഥലമായ അല്‍ നദയില്‍ നിന്ന് 12 കിലോമീറ്റര്‍ സഞ്ചരിക്കണം, ഡോള്‍ഫിനേറിയം സ്ഥിതി ചെയ്യുന്ന ക്രീക്ക് പാര്‍ക്കിലേക്ക്. 

ദുബായുടെ ടോള്‍ സംവിധാനം എന്നെ അത്ഭുതപ്പെടുത്തി. സാലിക് എന്നാണ് അവിടുത്ത ടോള്‍ സംവിധാനത്തിന്റെ പേര്. വണ്ടി നിര്‍ത്തുകയോ, നീണ്ടനിരയില്‍ കാത്തിരിക്കുകയോ വേണ്ട. കമാനത്തിലൂടെ കടന്നുപോകുന്ന വാഹനത്തിലെ ടാഗില്‍ നിന്ന് ടോള്‍ ഈടാക്കിക്കോളും.

dolphin

കാറുകളില്‍ ഒട്ടിച്ചിരിക്കുന്ന ടാഗ് കമാനത്തിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്താണ് പണം ഈടാക്കുക. മൊബൈല്‍ഫോണ്‍ പോലെ ഇടയ്ക്കിടയ്ക്ക് ഉപയോക്താക്കള്‍ ടാഗുകള്‍ റീച്ചാര്‍ജ് ചെയ്തുകൊണ്ടിരിക്കും. 

ടാഗ് റീച്ചാര്‍ജ് ചെയ്തുവെച്ചാല്‍ മതി. ഇനി കാര്‍ഡില്‍ കാശില്ലെങ്കില്‍ വലിയൊരു തുക പിഴയായി ഈടാക്കുകയും ചെയ്യും. നാലു ദിര്‍ഹമാണ് ഇവിടുത്തെ ടോള്‍. ടാഗില്‍ കാശ് റീചാര്‍ജ് ചെയ്തിട്ടില്ലെങ്കില്‍ 50 ദിര്‍ഹം പിഴ.

നൂറു കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന കാറിന്റെ വിന്‍ഡ് ഷീല്‍ഡില്‍ ഒട്ടിച്ച ചെറു സ്റ്റിക്കറിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് ടോള്‍ പിരിവ് നടത്തുക എന്നത് സാങ്കേതികത്തികവിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. നീണ്ട നിരകളുള്ള നമ്മുടെ നാട്ടിലെ ടോള്‍ ബൂത്തുകള്‍ ഇതുപോലൊരു സംവിധാനത്തിലേക്ക് എത്തിച്ചേരാന്‍ ഇനിയും എത്രനാള്‍ എടുക്കുമോ എന്തോ?

ആറുവരി പാതയിലൂടെയും പാലങ്ങളിലൂടെയും കാര്‍ പാഞ്ഞുനീങ്ങി. പുല്‍ത്തകിടിയും പൂക്കളും നഗരത്തിന്റെ വിവിധ കോണുകളിലായി കാണാം. ജനുവരി മാസമായതിനാല്‍ കുളിരേകുന്ന കാലാവസ്ഥയും. ഒരു മരുഭൂമിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസം.

dubai

ദുബായുടെ ജലപാതയായ ക്രീക്കിന് കുറുകെയുള്ള അല്‍ഗരൂദ് പാലത്തിലൂടെ കയറിയിറങ്ങിയാണ് ഡോള്‍ഫിനേറിയത്തിലേക്ക് എത്തിച്ചേരുക. ക്രീക്ക് പാര്‍ക്കിലാണ് ഡോള്‍ഫിനേറിയം ഒരുക്കിയിരിക്കുന്നത്. സമീപത്തുള്ള പാര്‍ക്കിങ്ങില്‍ ഞങ്ങളുടെ വാഹനം നിര്‍ത്തി.

പാര്‍ക്കിങ് ഫീസ് വാങ്ങാനും മനുഷ്യരാരുമില്ല. വഴിയോരത്ത് രേഖപ്പെടുത്തിയ സ്ഥലത്ത് വാഹനം നിര്‍ത്തിയിടാം. സമീപത്തെ ബൂത്തില്‍ കാര്‍ഡ് ഉരച്ച് കാശടയ്ക്കാം.

ആരും ചോദിക്കാനും പറയാനുമില്ല എങ്കിലും കാശുകൊടുക്കാതെ ആരും ഇവിടെ വാഹനം നിര്‍ത്തിയിട്ട് പോകാറില്ല. കാരണം ഇടയ്ക്കിടയ്ക്ക് പരിശോധിക്കാന്‍ പോലീസ് വരും. ഫീസ് അടച്ചില്ല എന്നു കണ്ടെത്തിയാല്‍ പത്തിരട്ടി പിഴയായി ഈടാക്കും.

dubai

ദുബായ് നിവാസിയായ സഹോദരന്‍ ദീപു ഞങ്ങള്‍ക്ക് പാര്‍ക്കിങ് ബൂത്തിന്റെ പ്രവര്‍ത്തനം വിശദീകരിച്ചുതന്നു. ഒരു മണിക്കൂറിന് രണ്ട് ദിര്‍ഹമാണ് നിരക്ക്. നഗരങ്ങളിലെ വിവിധ ഭാഗങ്ങളില്‍ വിവിധ നിരക്കാണ് ഈടാക്കുന്നത്.

dubai

11 മണിയോടെ ഞങ്ങള്‍ ക്രീക്ക് പാര്‍ക്കിന്റെ ഒന്നാം ഗേറ്റിലെത്തി. 5 ദിര്‍ഹമാണ് ക്രീക്ക് പാര്‍ക്കിലേക്കുള്ള പ്രവേശനനിരക്ക്. ചെറിയൊരു നിരയില്‍ നിന്ന് ടിക്കറ്റ് എടുത്തു. പാര്‍ക്കിനകത്ത് ഡോള്‍ഫിനേറിയത്തിനായി മറ്റൊരു കൗണ്ടറുണ്ട്.

വിഐപി ടിക്കറ്റാണ് ഞങ്ങള്‍ ബുക്ക് ചെയ്തിരുന്നത്. മുതിര്‍ന്നവര്‍ക്ക് 120 ദിര്‍ഹവും കുട്ടികള്‍ക്ക് 80 ദിര്‍ഹവുമാണ് ചാര്‍ജ്. മുന്നിലിരുന്ന് പരിപാടി കാണാം എന്നതാണ് വിഐപി ടിക്കറ്റിന്റെ പ്രത്യേകത. പിന്നിലെ സീറ്റാണെങ്കില്‍ 100, 70 ദിര്‍ഹം എന്നിങ്ങനെ നല്‍കിയാല്‍ മതി.

ഓഡിറ്റോറിയത്തിലേക്ക് പ്രവേശിച്ച ഞങ്ങളെ അടിപൊളി സംഗീതവും കുട്ടികളുടെ കരഘോഷവുമാണ് വരവേറ്റത്.

ഡോള്‍ഫിന്‍ ആന്‍ഡ് സീല്‍ ഷോ എന്നാണ് പരിപാടിയുടെ പേര്. ശീതീകരിച്ച ഓഡിറ്റോറിയത്തില്‍ വലിയൊരു കുളമാണ് വേദി. ആദ്യ 15 മിനിട്ട് നീര്‍നായയുടെ പ്രകടനമാണ്. കരയിലുള്ള പരിശീലകയുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് നീര്‍നായയുടെ ജലകേളികള്‍.

dolphin

പരിപാടിയുടെ യഥാര്‍ഥ താരങ്ങളായ ഡോള്‍ഫിനുകള്‍ പിന്നാലെ രംഗപ്രവേശം ചെയ്തു. രണ്ട് ഡോള്‍ഫിനും രണ്ട് പരിശീലകരും. കാണികളെ, പ്രത്യേകിച്ച് കുട്ടികളെ കൂടി പങ്കെടുപ്പിച്ചാണ് പരിപാടി മുന്നേറുന്നത്.

dolphin

ഡോള്‍ഫിനൊപ്പം നൃത്തച്ചുവടുകള്‍ വെയ്ക്കാന്‍ ഞങ്ങളുടെ ഗൗരിക്കുട്ടിയും ഇറങ്ങി. സമ്മാനവും കൂടി ലഭിച്ചതോടെ നിറചിരിയുമായാണ് അവള്‍ സീറ്റിലേക്ക് മടങ്ങിയെത്തിയത്.

dubai

ഓഡിറ്റോറിയത്തിന്റെ ഒരു വശത്ത് ഒരു പറ്റം കുട്ടിക്കുറുമ്പുകള്‍ ആടിത്തിമിര്‍ക്കുന്നു. ഏതോ സ്‌കൂള്‍ സംഘമാണ്. അവര്‍ക്കൊപ്പം അധ്യാപികയുമുണ്ട്.

dubai

ഡോള്‍ഫിനുകള്‍ കാണികളിലേക്ക് പന്തുതട്ടുന്ന ഭാഗമാണ് എന്നെ ഏറ്റവും രസിപ്പിച്ചത്. ഞങ്ങള്‍ക്കു നേരെ വന്ന പന്ത് ഞാന്‍ തിരിച്ച് അടിച്ചത് ഗൗരിക്കുട്ടിയെ ചൊടിപ്പിച്ചു. കുറച്ചുനേരം അക്കാര്യം പറഞ്ഞ് പരിഭവിച്ചെങ്കിലും അടുത്ത പ്രകടനം വന്നപ്പോഴേയ്ക്കും വീണ്ടുമവള്‍ ആവേശത്തില്‍ മുഴുകി.

കുട്ടികള്‍ എല്ലാവരും ചേര്‍ന്ന് കുളത്തിലേക്ക് പന്തുകള്‍ എറിയുകയും അതില്‍ നിന്ന് ഡോള്‍ഫിനുകള്‍ കടിച്ചെടുത്തവയ്ക്ക് സമ്മാനവും നല്‍കുന്നതോടെയാണ് പരിപാടിയുടെ അവസാനം.

dolphinarium

ഏകദേശം 12 മണിയോടെ ഡോള്‍ഫിന്‍ ഷോ അവസാനിച്ചു. കുട്ടിക്കൂട്ടങ്ങളുടെ ആരവത്തിനിടയിലൂടെ ഞങ്ങള്‍ പുറത്തേക്ക് ഞങ്ങള്‍ കടന്നു...

തുടരും