യനാട്ടിലേക്കുള്ള ഞങ്ങളുടെ അവസാന വര്‍ഷ കോളേജ് ടൂര്‍. 35 വിദ്യാര്‍ഥികളുമായി ബുധനാഴ്ച രാത്രി യാത്ര പുറപ്പെട്ട ഞങ്ങള്‍ താമരശ്ശേരി ചുരത്തിന്റെ രാത്രി കാഴ്ചകള്‍ കണ്ട് മലകയറി. ആടിയും പാടിയും വന്യഭംഗി ആസ്വദിച്ചും ഞങ്ങള്‍ യാത്ര തുടര്‍ന്നു...

ടൂറിന്റെ അവസാന ദിനമായ ശനിയാഴ്ചയാണ് ഞങ്ങള്‍ ചെമ്പ്രമലയിലേക്ക് പോയത്. പുലര്‍ച്ചെ ഏഴു മണിക്ക് തയാറായി നില്‍ക്കാന്‍ അധ്യാപകര്‍ ആവശ്യപ്പെട്ടു. പക്ഷെ ഞങ്ങള്‍ എഴുന്നേറ്റപ്പോള്‍ തന്നെ 7:15 കഴിഞ്ഞിരുന്നു. ഒടുവില്‍ ചെമ്പ്ര പീക്കിലേക് പുറപ്പെട്ട ഞങ്ങള്‍ അവിടെ എത്തി ടിക്കറ്റ് എടുത്ത് കയറുമ്പോള്‍ സമയം 11 മണി കഴിഞ്ഞിരുന്നു. പ്ലാസ്റ്റിക് കുപ്പിയുടെ കണക്കും ടിക്കറ്റും കാണിച്ച് പ്രവേശിച്ചു. 300 രൂപ കൊടുത്തു. തിരികെ വരുമ്പോള്‍ കുപ്പി കാണിച്ച് കൊടുത്താല്‍ പൈസ തിരിച്ചു കിട്ടും. ഞങ്ങള്‍ മല കയറാന്‍ തുടങ്ങി. ഏകദേശം രണ്ടര കിലോമീറ്റര്‍ മുകളിലാണ് ഹൃദയ തടാകം. 35 വിദ്യാര്‍ഥികളും നാല് അധ്യാപകരും ആയിരുന്നു ഞങ്ങളുടെ ടീം. 

chembra

തുടക്കത്തില്‍ ആവേശത്തോടെ കയറിയ പലരും കുറച്ച് കഴിഞ്ഞപ്പോള്‍ പല ഗ്രുപ്പുകളായി. എനര്‍ജി കൂടുതല്‍ ഉള്ളവര്‍ ആദ്യം ആദ്യം കയറി പോയി. 

ഒടുവില്‍ ചെമ്പ്രയുടെ നെറുകയില്‍ എത്തിയ ഞങ്ങള്‍ വയനാടിന്റെ ദൃശ്യ ഭംഗി 360 ഡിഗ്രിയില്‍ ആസ്വദിച്ചു. ഹൃദയ തടാകം കണ്ടു നില്‍ക്കുമ്പോള്‍ കുറച്ച് അകലെയായി ഞങ്ങള്‍ നടന്നു കയറിയ ഒരു ചെറിയ കുന്നില്‍ നിന്നും തീ ഉയരുന്നത് കണ്ടു. തുടക്കത്തില്‍ അതൊരു കൗതുകമായിട്ടാണ്  തോന്നിയത്. അത് കണ്ടു നില്‍കുമ്പോഴാണ് ഞങ്ങളുടെ കൂട്ടത്തിലെ കുറച്ചു പേരുകൂടി മുകളിലേക്കു കയറി വന്നത്. 

chembra

അവര്‍ പറഞ്ഞു, കയറി വരുന്ന വഴിയില്‍ ഒരു ചെറിയ അരുവിയുണ്ട്, അവിടെ എല്ലാവരും റസ്റ്റ് എടുക്കാനായിരിക്കുന്ന സ്ഥലത്താണ് തീ പിടിച്ചതെന്ന്. ചെറിയ മരങ്ങള്‍ ഉള്ള സ്ഥലമാണ്. ഒരാള്‍ അവിടെ സിഗരറ്റു പോലെ എന്തോ എറിയുന്നത് കണ്ടെന്ന് പറയുന്നു. ആദ്യം തീ കണ്ട എന്റെ സുഹൃത്തുക്കള്‍ ഹസീബ്, വിധു, സ്രിബിന്‍, അദ്‌നാന്‍ എന്നിവര്‍ ഷൂ ഉപയോഗിച്ച് തല്ലിക്കെടുത്താന്‍ ശ്രമിച്ചു. പക്ഷെ ശക്തമായ കാറ്റില്‍ അപ്പോഴേക്കും മുകളിലേക്കു തീ പടര്‍ന്നിരുന്നു. ചൂട് കൂടിയതോടെ അവര്‍ മുകളിലേക്കു കയറി. 

മുകളില്‍ തീ കണ്ട എന്റെ ഒരു സുഹൃത്ത് കാര്യമറിയാതെ അവന്റെ കൂടെയുണ്ടായിരുന്ന ടീച്ചേഴ്‌സിനെയും വയ്യാതെ ഇരുന്ന രണ്ട് പെണ്‍കുട്ടികളെയും കൊണ്ട് താഴേക്കു പോയി. ബാക്കി എല്ലാവരും തീ കത്തുന്നത് കണ്ടെങ്കിലും താഴെയല്ലേ കത്തുന്നത്, ഇങ്ങോട്ടു വരില്ലെന്നു കരുതി. പക്ഷെ ശക്തമായ കാറ്റില്‍ തീ അതിവേഗം പടരുകയാണ്. അപ്പോഴാണ് ഒരു കാര്യം കൂടി അറിഞ്ഞത്. മലയുടെ മൂന്ന് വശവും കത്തുന്നുണ്ടെന്ന്. ഇതറിഞ്ഞ പെണ്‍കുട്ടികളില്‍ രണ്ടുപേര്‍ കരഞ്ഞുതുടങ്ങി. ബാക്കിയുള്ള പെണ്‍കുട്ടികളും പേടിച്ചു നില്‍കുന്നു. എന്തു ചെയ്യണമെന്നോ, ആരെ വിളിക്കണമെന്നോ അറിയ്യില്ല. ഈ സമയം അവിടെ ഉണ്ടായിരുന്ന ഞങ്ങള്‍ 30 പേര്‍ക്ക് ഒപ്പം ഉണ്ടായിരുന്നത് സുനില്‍ സര്‍ മാത്രമായിരുന്നു. ബാക്കി അധ്യാപകര്‍ തീ കാരണം താഴെ കുടുങ്ങി.

chembra

അഗ്നിബാധയുടെ ഇപ്പോഴത്തെ സ്ഥിതി അറിയാന്‍ ഞാന്‍ ഒന്നുകൂടി താഴേക്ക് നോക്കി. പാറയുടെ മുകളില്‍ നില്‍കുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും വന്ന ഒരു ചേട്ടന്‍ ചോദിക്കുകയാണ് ' കപാത്താന്‍ ഹെലികോപ്റ്റര്‍ വരുമാളെന്ന്!'

കലിപ്പായി നിന്ന ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു 'ആ ഇപ്പോ വരും'. ഇതിന്റെ ഇടയില്‍ ആകെ ഒരു കോമഡി ആയി തോന്നിയ സംഭവം അതായിരുന്നു. 

ഒടുവില്‍ തീ ഞങ്ങളുടെ തൊട്ടടുത്ത് എത്തുന്നു എന്നറിഞ്ഞ നിമിഷം, ഇനി അവിടെ നിന്നാല്‍ രക്ഷയില്ല എന്നു മനസിലാക്കിയ ഞങ്ങള്‍ കാടിനോട് അടുക്കാന്‍ തുടങ്ങി. ആത്മരക്ഷക്കായി കുറച്ചു മരക്കൊമ്പുകള്‍ ഒടിക്കാന്‍ കുറച്ചു താഴെയുള്ള ഒരു പാറയിലേക്ക് ഇറങ്ങുമ്പോള്‍ ആരൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു, അവിടേക്കു പോകണ്ടാ എന്നൊക്കെ. അതൊന്നും ചെവിക്കൊള്ളാതെ എന്റെ സുഹൃത്ത് ശ്രിബിനൊപ്പം മരക്കൊമ്പുകള്‍ മുറിക്കുമ്പോള്‍ അതാ ഒരാള്‍ കഷ്ട്ടപെട്ട് അപകടകരമായ ആ പാറയുടെ മുകളിലേക്കു വലിഞ്ഞു കയറി വരുന്നു.

chembra

ആ ചെറുപ്പക്കാരന്‍ പറഞ്ഞു കൂടെ വരാന്‍. അവന്റെ പേര് മുജീബ് എന്നോ മറ്റോ ആണ്. അവിടുത്തെ ഗൈഡ് ആണ്. മുജീബ് ഇക്ക നേരെ കയറി ചെന്ന് മുകളില്‍ നില്‍ക്കുന്ന ഞങ്ങളുടെ ടീമിന്റെ മുന്നില്‍ നടക്കുകയും പിറകെ വന്ന് കാട്ടില്‍ കയറാന്‍ ആവശ്യപെടുകയും ചെയ്തു.

അപ്പോഴേക്കും തീ നമ്മുടെ ഹൃദയതടാകത്തെ വിഴുങ്ങിക്കഴിഞ്ഞിരുന്നു. പേടിച്ചു വിറച്ച വിദ്യാര്‍ഥികള്‍ ശരവേഗത്തില്‍ കാട്ടിലേക്കു കയറി. പിന്നാലെ ബാക്കി കുറച്ചു സഞ്ചാരികളും. കാട്ടില്‍ കൂടെ വരി വരിയായി ശബ്ദം ഉണ്ടാകാതെ നടക്കാന്‍ ഗൈഡ് ടീം നിര്‍ദ്ദേശം തന്നു. വഴി നീളെ ആനപ്പിണ്ടമായിരുന്നു. തിരിഞ്ഞുനോക്കുമ്പോള്‍ മല കത്തുന്നത് കാണാം. 

chembra

ഒടുവില്‍ ഒരു വ്യത്താകൃതിയിലുള്ള സ്ഥലത്തു ഞങ്ങള്‍ എത്തിച്ചേര്‍ന്നു. ചെറിയൊരു കുളം ആണെന്നു തോന്നുന്നു, പക്ഷെ വെള്ളം ഇല്ല. നനവുണ്ട്, അതില്‍ പലതരം മൃഗങ്ങളുടെ കാല്‍ പാടുകളും കാണാം. അതു കണ്ട് പലര്‍ക്കും പേടി തോന്നി. ആ സമയത്ത് മുജീബ്ക്ക പറഞ്ഞു ആരും പേടിക്കണ്ട ഉള്‍കാട്ടിലേക്ക് തീ വരില്ലെന്ന്. അങ്ങനെ നില്‍ക്കുമ്പോള്‍ ഒരുത്തന്‍ സെല്‍ഫി സ്റ്റിക്കില്‍ ഫോട്ടോ എടുത്തു കളിക്കുന്നു (പുര കത്തുമ്പോള്‍ വാഴവെട്ടല്‍ എന്ന പഴഞ്ചൊല്ല് ഓര്‍മ വന്നു.)

നമ്മുടെ ഗൈഡ് മുജീബ്ക്ക പറഞ്ഞു 'മര്യാദക്ക് ആ സെല്‍ഫി സ്റ്റിക്ക് എടുത്തു വച്ചോ, അല്ലേല്‍ വലിച്ചെറിഞ്ഞുകളയും' അതുകേട്ട അവന്‍ 'എന്താടാ നിനക്ക്' എന്ന് കലിപ്പ് മോഡില്‍ മറുപടി നല്‍കി. ഇതുകേട്ടപ്പോള്‍ എനിക്ക് ശരിക്കും ദേഷ്യം വന്നു. 

chembra

വഴക്കുണ്ടാകുന്നതിന് മുമ്പ് അവരെ പിടിച്ചുമാറ്റി. നമുക്ക് തീ കെടുത്തി ബാക്കി നോക്കാമെന്നുപറഞ്ഞ് ഒരു വിധം പിടിച്ചു നിര്‍ത്തി. അപ്പോഴേയ്ക്കും ബാക്കിയുള്ള പിള്ളേരും കൂടി അവനെ നേരിട്ടു. 

ഞങ്ങള്‍ കൈയില്‍ കരുതിയ മരക്കൊമ്പുകള്‍ കൊണ്ട് ഗൈഡുകളുടെ കൂടെ തീ കെടുത്താന്‍ പുറപ്പെട്ടു. ഓരോ അടിക്കും തീ പെട്രോള്‍ ഒഴിച്ച പോലെ ആളിക്കത്താന്‍ തുടങ്ങി. അസഹ്യമായ ചൂട്. ക്രിക്കറ്റില്‍ ബാറ്റ് ചെയ്യുന്ന പോലെ തീ തല്ലിക്കെടുത്തി തുടങ്ങി. അതു വിജയിച്ചു. കൂടെ എല്ലാ നല്ലവരായ സുഹൃത്തുക്കളും കഠിനമായി പരിശ്രമിച്ചു. ഒടുവില്‍ കത്തിത്തീര്‍ന്ന കുന്നിന്‍മുകളില്‍ നില്‍ക്കുന്ന ഞങ്ങള്‍ക്ക് ഒരു യുദ്ധ ഭൂമിയില്‍ നില്‍ക്കുന്ന പ്രതീതിയായിരുന്നു. 

പച്ചപ്പ് നിറഞ്ഞ തണുത്ത ഇളം കാറ്റിനു പകരം ചെമ്പ്രമലയില്‍ ഞങ്ങളെ വരവേറ്റത് കത്തിച്ചാമ്പലായ പുല്ലുകളുടെ ചാരവും ശക്തമായ കാറ്റും ആയിരുന്നു. എല്ലാവരും നന്നായി തളര്‍ന്നിരുന്നു. പുകപടലങ്ങളും ചാരവും വലിയ തടസം ആയിരുന്നു. അപ്പോഴേക്കും ഞങ്ങള്‍ നടന്നു വന്ന കുന്നുകള്‍ എല്ലാം അഗ്നിക്ക് ഇരയായി തീര്‍ന്നിരുന്നു. തീ അതിവേഗം അടുത്ത മലകള്‍ ലക്ഷ്യമായി നീങ്ങി കൊണ്ടിരുന്നു. 

chembra

എല്ലാവരും ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെട്ടതില്‍ ദൈവത്തിന് ആദ്യം സ്തുതി പറഞ്ഞു. ഒന്ന് രണ്ടു പെണ്‍കുട്ടികളുടെ ചെരുപ്പുകള്‍ നഷ്ട്ടപ്പെട്ടു എന്നല്ലാതെ മറ്റു നഷ്ട്ടങ്ങള്‍ ഒന്നും ഉണ്ടായില്ല. അപ്പോഴേക്കും സമയം മൂന്ന് മണി കഴിഞ്ഞിരുന്നു. ഗൈഡുകളുടെ അനുവാദം വാങ്ങി കുറച്ചു ഫോട്ടോസ് എടുത്തു. അപ്പോഴും താഴെ തീ കത്തുന്നതിനാല്‍ ഇറങ്ങാന്‍ സാധിച്ചില്ല. അവരോടൊപ്പം പാറയുടെ മുകളില്‍ ഇരുന്ന് ഞങ്ങളും നെടുവീര്‍പ്പിട്ടു. തീര്‍ത്തും സങ്കടകരമായ ഒരു കാഴ്ചയായിരുന്നു. ഒരുപാട് ജീവികള്‍ ജീവനും കൊണ്ട് ഓടുന്നുണ്ടായിരിന്നു. തീയിലേക് ചാടിയ കാട്ടുമുയല്‍ പൊള്ളലേറ്റ് പാറയുടെ അടിയില്‍ പതുങ്ങി ഇരിക്കുന്നു. 

ഗൈഡ് ആയിട്ട് വര്‍ക്ക് ചെയ്യുന്ന അവര്‍ അവിടുത്തെ നാട്ടുകാര്‍ ആയിരുന്നു. അവര്‍ സങ്കടത്തോടെ പറയുന്നുണ്ടായിരുന്നു ആറു വര്‍ഷമായി കാട്ടുതീ ഉണ്ടാകാതിരുന്ന ചെമ്പ്ര ഇന്ന് കത്തിയത് അവരുടെ ജീവിത മാര്‍ഗത്തെ കൂടിയാണ് കത്തിച്ചാമ്പലാക്കിയത് എന്ന്. ഇനി അടുത്ത മഴക്കാലത്തേ തുറക്കാനാകൂ. അവര്‍ ആ പാറ മുകളില്‍ ഇരുന്നു പറഞ്ഞത് ആ സിഗരറ്റു വലിച്ചവനെ കുറച്ചായിരുന്നു. അവര്‍ അവനെ പ്രാകി പ്രാകി സങ്കടം തീര്‍ത്തു.മനസുകൊണ്ട് ഞാനും അതില്‍ പങ്കുചേര്‍ന്നു. 

chembra

ഭയങ്കര ദാഹം; വെള്ളത്തിന്റെ വില എന്താണെന്നു പഠിച്ചു. തിരിച്ച് ഇറങ്ങുമ്പോള്‍ ആ അരുവിയില്‍ നിന്നും ധഅവിടെ നിന്നാണ് തീ കത്തി പിടിച്ചത് പ കുറച്ചു വെള്ളം കുപ്പിയില്‍ ശേഖരിച്ചു. നോക്കുമ്പോള്‍ ആകെ കലങ്ങിയ ചാരം വീണ് മലിനമായിരുന്നു. മല കയറി പോകുമ്പോള്‍ അതിലെ ചെറിയ കലക്കം കാരണം മുഖം കഴുകാന്‍ മാത്രം ഉപയോഗിച്ച ഞാന്‍ അതിനേക്കാള്‍ വൃത്തികേടായ ആ വെള്ളത്തെ എന്റെ തൊപ്പി ഉപയോഗിച്ച് കുപ്പിയുടെ വായ്ഭാഗത്ത് വെച്ച് ഫില്‍റ്റര്‍ ചെയ്തു കുടിച്ചു. 

ഞങ്ങള്‍ താഴേക്ക് ഇറങ്ങാന്‍ തുടങ്ങി. കൂടെ ഉണ്ടായിരുന്ന എന്റെ സുഹൃത്ത് അഞ്ജുവിനോട് ഞാന്‍ ചോദിച്ചു, 'എന്നോട് ദേഷ്യം ഉണ്ടോയെന്ന്' ധകാരണം കയറിവരുമ്പോള്‍ ക്ഷീണിച്ച് മടങ്ങാനൊരുങ്ങിയ അവളെ നിര്‍ബന്ധിച്ചു കൊണ്ട് പോയത് ഞാന്‍ ആയിരുന്നുപ. ഇത് കേട്ട അവള്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, 'ഇല്ല ഇതും ഒരു അനുഭവം. പിന്നെ ചെരുപ്പ് പോയ ഒരു വിഷമം മാത്രമേയുള്ളൂ' (ചെരുപ്പ് പോയ പെണ്‍കുട്ടികള്‍ സ്വന്തം ചെരുപ്പുകള്‍ കൊടുത്തു. സുബിന്‍, ദിവ്യ തുടങ്ങിയവരെ സ്മരിക്കുന്നു)  ഒടുവില്‍ താഴെ എത്തിയ ഞങ്ങള്‍ മതിയാവോളം വെള്ളം കുടിച്ചു. 

chembra

ഞങ്ങളെ കണ്ടപ്പോഴാണ് താഴെ ഉണ്ടായിരുന്ന അധ്യാപകര്‍ക്ക് സമാധാനമായത്. തിരികെ എത്തുമ്പോള്‍ രണ്ടു വണ്ടി പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ഗൈഡുകളും നല്ലവരായ കുറച്ചു നാട്ടുകാരും.

തിരിച്ചു പോകുമ്പോള്‍ ഫോറസ്‌റ് ജീപ്പ് വരുന്നത് കണ്ടു. ചെമ്പ്ര മലയുടെ അപ്പുറത്തെ വശം എങ്ങനെ കത്തി എന്ന് വ്യക്തമല്ല. പക്ഷെ കയറി വരുന്ന ഭാഗം കത്താന്‍ കാരണം ഒരു കൂട്ടം സഞ്ചാരികളാണെന്ന് അവിടെ സംസാരം. ധഅതിന്റെ തെളിവുകള്‍ അവര്‍ക്കു കിട്ടിയിട്ടുണ്ടെന്നാണ് കേട്ടത്.

പേര് എടുത്തു പറയാത്ത എന്റെ സുഹൃത്തുക്കള്‍ ഉണ്ട്. എല്ലാവരും നന്നായി കഷ്ട്ടപെട്ടതു കൊണ്ടാണ് ഞങ്ങള്‍ രക്ഷപെട്ടത്. എല്ലാത്തിനും ഉപരി ദൈവത്തോട് നന്ദി പറയുന്നു...