അക്കരെയക്കരെയക്കരെ... മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ ദുബായ് യാത്രാവിവരണം - അഞ്ചാം ഭാഗം

ദുബായില്‍ എത്തിയിട്ട് രണ്ടുദിവസം പിന്നിട്ടെങ്കിലും ഇതുവരെ മരുഭൂമി കാണാനായിട്ടില്ല. മരുഭൂമിയുടെ നടുവില്‍ സ്ഥിതി ചെയ്യുന്ന അല്‍കുദ്ര തടാകത്തിലേക്കാണ് അടുത്ത യാത്ര. മണ്ണും ജലവും ജീവജാലങ്ങളും ചേരുന്ന അറബിനാടിന്റെ ജൈവവൈവിധ്യം!

Al Qudra

നഗരത്തോട് വിട പറഞ്ഞ ഞങ്ങളുടെ വാഹനം അബുദാബി - അല്‍ എയ്ന്‍ റോഡിലൂടെ കുതിച്ചു. കെട്ടിടങ്ങള്‍ അപ്രത്യക്ഷമായി. ഇരുവശങ്ങളിലും നോക്കെത്താ ദൂരം മണല്‍പ്പരപ്പ്, കുറ്റിക്കാടുകള്‍, അങ്ങകലെ ചെറുകുന്നുകള്‍ പോലെ മണല്‍ക്കൂനകള്‍. 

Al Qudra

ദുബായ് സംരക്ഷിത മരുഭൂമിയാണ് ഇരുവശവും. സണ്‍ റൂഫിലൂടെ പുറത്തേക്ക് തലയിട്ട് നിന്ന് ഈ കാഴ്ചകളൊക്കെ ഞാന്‍ ആസ്വദിച്ചു. പലപ്പോഴും മണല്‍ക്കാറ്റ് അസഹ്യമാണെങ്കിലും മനസിലെ കൗതുകത്തിനു മുന്നില്‍ പൊടിപടലങ്ങള്‍ ഒരു പ്രശ്‌നമായി തോന്നിയില്ല.

Al Qudra

ഒട്ടക മത്സര കേന്ദ്രങ്ങളുടെയും ഡെസേര്‍ട്ട് റിസോര്‍ട്ടുകളുടെയും ബോര്‍ഡുകള്‍ വഴിയോരത്ത് ഇടയ്ക്കിടയ്ക്ക് കാണാം. ഹൈവേയുടെ വശത്തായി സൈക്കിള്‍ ട്രാക്കുകളും കണ്ടുതുടങ്ങി. അല്‍കുദ്ര സൈക്കിള്‍ ട്രാക്ക് റൗണ്ട് എബൗട്ടിലേക്കാണ് വഴി എത്തിച്ചേരുന്നത്. 

അല്‍കുദ്രയിലേക്ക് എങ്ങനെ എത്താം?

Al Qudra

ദുബായ് - അല്‍ ഐന്‍ റൂട്ടില്‍ ഔട്ട്ലെറ്റ് മാളിനു ശേഷം അല്‍ ലിസലി എക്‌സിറ്റ് വഴി വലത്തോട്ട് തിരിഞ്ഞ് പോയാല്‍ അല്‍കുദ്രയില്‍ എത്താം. അല്‍ഖുദ്ര സൈക്കിള്‍ ട്രാക്ക് റൗണ്ട് എബൗട്ടിലാണ് വഴി എത്തിച്ചേരുക. ഗൂഗിള്‍ മാപ്പില്‍ ഈ ഭാഗം അടയാളപ്പെടുത്തിയിട്ടുണ്ട്, വഴി തെറ്റാതിരിക്കാന്‍ ഉപയോഗിക്കാം. ദ ഒയാസിസ് എന്ന ദിശാസൂചിക നോക്കി, ടാറിടാത്ത വഴിയിലൂടെ പോയാല്‍ തടാകത്തിലെത്താം. ദുബായ് നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് അല്‍കുദ്ര.

അല്‍ ഐന്‍ റോഡില്‍ നിന്ന് അല്‍കുദ്ര റോഡിലേക്ക് പ്രവേശിക്കുമ്പോള്‍, ആകര്‍ഷകമായ ഒരു സൈക്ലിങ് ട്രാക്ക് കവാടമാണ് നിങ്ങളെ സ്വാഗതം ചെയ്യുക. തുടര്‍ന്നങ്ങോട്ട് വഴിയുടെ വശത്തുകൂടി സൈക്ലിങ് ട്രാക്കും അതിലൂടെ ഇടയ്ക്കിടെ പാഞ്ഞുപോകുന്ന സൈക്കിളുകളും കാണാം. അതിനുമപ്പുറം നോക്കെത്താ ദൂരം പടര്‍ന്നുകിടക്കുന്ന മരുഭൂമിയും.

ദുബായില്‍ നിന്നുള്ള യാത്ര ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ അല്‍കുദ്ര റൗണ്ടില്‍ എത്തിച്ചേരും. വശത്തുതന്നെ സൈക്ലിങ് സമുച്ചയവും മരുപ്പച്ചയിലേക്കുള്ള പ്രവേശനകവാടവും കാണാം. 

ശരിക്കും വട്ടംചുറ്റിക്കുന്ന ഒരു റൗണ്ട് തന്നെയാണ്. വണ്‍വേയാണ്, ഒപ്പം വഴിയെ 'നൂറാ'യി തിരിച്ച് കുറേ മാര്‍ഗ്ഗസ്തംഭങ്ങളും ( ട്രാഫിക് കോണ്‍ ). കൃത്യമായി ചെറുവഴിയിലേക്ക് കയറാനായില്ലെങ്കില്‍ മുന്നോട്ട് മൂന്നര കിലോമീറ്റര്‍ വണ്‍വേ പോയിവേണം തിരിച്ചുവരാന്‍. 

ദ ഒയാസിസ് എന്ന ബോര്‍ഡ് ചൂണ്ടിക്കാട്ടുന്ന കവാടത്തിലൂടെ മണ്‍പാതയിലേക്ക് പ്രവേശിക്കാം. ടയര്‍ താഴ്ന്നുപോകുമെന്ന് പേടിക്കേണ്ട. ഏതു വാഹനവും പോകുന്ന വഴിയാണ്.

ഹൈവേയില്‍ നിന്ന് വശത്തേക്കുള്ള വഴിയിലേക്ക് വണ്ടി തിരിച്ചു. മരുഭൂമിയുടെ സൗന്ദര്യം ആസ്വദിക്കാനായി ഞങ്ങള്‍ അവിടെ ഇറങ്ങി. നമ്മുടെ നാട്ടിലെ പോലെ റോഡില്‍ നിന്ന് വാഹനം ഇറക്കിനിര്‍ത്തിയാല്‍ ചിലപ്പോള്‍ മണ്ണില്‍ താഴ്ന്നുപോയെന്ന് വരാം. ടാര്‍ റോഡില്‍ നിര്‍ത്തിയിട്ട ശേഷം പുറത്തേക്കിറങ്ങി.

സൈക്കിള്‍ ട്രാക്കിലൂടെ വിദേശികള്‍ കുതിച്ചുപായുന്നത് കാണാം.

Al Qudra

Al Qudra

Al Qudra

മണല്‍പ്പരപ്പിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. തരിതരിയായ മണലിലൂടെ നടക്കുന്നത് രസകരമായ അനുഭവം തന്നെ. കുറച്ചുനേരം അവിടെ ചുറ്റിത്തിരിഞ്ഞ ശേഷം കാറില്‍ അല്‍കുദ്ര റൗണ്ടിലേക്ക്... 

AlQudra

Al Qudra

സൈക്ലിങ് സമുച്ചയത്തിലേക്കാണ് ഞങ്ങള്‍ ആദ്യം പ്രവേശിച്ചത്. അവിടെയുള്ള ട്രെക്ക് ബൈസൈക്കിള്‍ സ്‌റ്റോറില്‍ നിന്ന് സൈക്കിള്‍ വാടകയ്ക്ക് എടുക്കാം. സൈക്ലിങ് വിദഗ്ധര്‍ക്കും സാധാരണക്കാര്‍ക്കും യോജിച്ച വാഹനങ്ങള്‍ ഇവിടെ ലഭ്യമാണ്. എല്ലാ ദിവസവും പുലര്‍ച്ചെ ആറുമുതല്‍ രാത്രി പത്ത് വരെ ഇവിടുത്തെ സൈക്കിള്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കും.

Al Qudra

Al Qudra

സൈക്കിള്‍ അറ്റകുറ്റപ്പണികള്‍ക്കും ട്രാക്കിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിയാനും ഇവിടെ സൗകര്യം ഒരുക്കിയിരിക്കുന്നു. പൊടിക്കാറ്റില്‍ യാത്ര ചെയ്ത് മടങ്ങിയെത്തുന്നവര്‍ക്ക് കുളിമുറിയും ക്ഷീണം അകറ്റാന്‍ വിശ്രമമുറികളും ഭോജനശാലകളും പ്രാര്‍ഥനാമുറികളുമെല്ലാം ഈ സമുച്ചയത്തിലുണ്ട്.

ഏതാനും സമയം ഇവിടെ ചുറ്റിക്കറങ്ങിയ ശേഷം കാറില്‍ തടാകത്തിലേക്ക് നീങ്ങി. 

Al Qudra

അല്‍കുദ്രയിലെ അരയന്ന തടാകത്തിലേക്കാണ് വഴി എത്തിച്ചേരുന്നത്. അരയന്നങ്ങള്‍ നീന്തിത്തുടിക്കുന്ന ഈ ജലാശം മനുഷ്യനിര്‍മിതമാണ്. തടാകത്തില്‍ ധാരാളം അലങ്കാരമല്‍സ്യങ്ങളുമുണ്ട്. പ്രദേശത്ത് ഏതാനും തണല്‍മരങ്ങളുമുണ്ട്. 

അല്‍കുദ്രയെ കുറിച്ച്

സയ്യഹ് അല്‍ സലാം സംരക്ഷിത മരുഭൂമിയില്‍ 25 ഏക്കറിലായി നിര്‍മിച്ച ആറു ജലാശയങ്ങളില്‍ ഒന്നാണ് ഈ തടാകം. ദുബായ് ഭരണാധികാരി ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്‌തോമിന്റെ നിര്‍ദേശപ്രകാരം നിര്‍മിച്ച ഈ ശുദ്ധജല തടാകങ്ങളുടെ പരിസരം ഇന്ന് നിരവധി ദേശാടനപക്ഷികളുടെ താവളമാണ്.

തടാകത്തിന് സമീപമുള്ള നിരീക്ഷണഗോപുരത്തിലേക്ക് ഞങ്ങള്‍ കയറി. 

AlQudra

Al Qudra

ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 175 ഇനത്തിലുള്ള പക്ഷികളെ അല്‍കുദ്രയില്‍ കണ്ടെത്തിയിട്ടുണ്ട്. ഒപ്പം 26 ഇനം ഇഴജന്തുക്കളെയും 12 ഇനം സസ്തനികളെയും. മരുഭൂമിയില്‍ 73 ഇനത്തിലുള്ള ചെടികളും വളര്‍ത്തിയെടുക്കാമെന്ന് ഈ മനുഷ്യനിര്‍മിത ജൈവഭൂമി തെളിയിച്ചു. വംശനാശഭീഷണി നേരിടുന്ന ലാപ്പറ്റ് ഫെയ്‌സ്ഡ് വള്‍ചര്‍, കായല്‍ പരുന്ത് എന്നിങ്ങനെ അപൂര്‍വ ഇനത്തിലുള്ള ഏതാനും പക്ഷികളുടെ അഭയസ്ഥാനം കൂടിയാണ് അല്‍കുദ്ര.

അരയന്ന തടാകത്തിന്റെ പരിസരത്ത് ദേശാടനപക്ഷികളൊന്നും വരാറില്ല. ബാര്‍ബിക്യുവിനുള്ള ഒരുക്കങ്ങളുമായി തമ്പടിച്ചിരിക്കുന്ന മനുഷ്യസംഘങ്ങളാണ് ഇവിടെ അധികവും.

Al Qudra

Al Qudra

Al Qudra

Al Qudra

അരയന്ന തടാകത്തിന് ചുറ്റും വടം കെട്ടിയിട്ടുണ്ട്. സംരക്ഷണത്തിനായി കാവല്‍ക്കാരും. എന്നാല്‍ കാവല്‍ക്കാരുടെ നിര്‍ദേശം അവഗണിച്ചും സന്ദര്‍ശകര്‍ തടാകക്കരയില്‍ ഒത്തുകൂടുന്നു. വെള്ളത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന പാഴ്‌വസ്തുക്കളുടെ അളവില്‍ നിന്ന് ഇതൊരു സ്ഥിരം സംഭവമാണെന്ന് അനുമാനിക്കാം.

AlQudra

അല്‍കുദ്രയിലെ മറ്റു തടാകങ്ങളിലേക്ക് പോകാന്‍ കൃത്യമായ വഴികാട്ടികളൊന്നും ഇല്ല. വാച്ച് ടവറില്‍ നിന്ന് നോക്കിയാല്‍ പ്രദേശത്തെ കുറിച്ച് ഏകദേശ ധാരണ ലഭിക്കും. എന്നാലും വളരെ ശ്രദ്ധിച്ചുതന്നെ പോകണം. ഇല്ലെങ്കില്‍ മരുഭൂമി നിങ്ങളെ വട്ടംചുറ്റിക്കും. ( അല്‍കുദ്രയിലൂടെ ഡ്രൈവ് ചെയ്ത് വഴി തെറ്റിയ അനുഭവങ്ങള്‍ പല ട്രാവല്‍ പോര്‍ട്ടലുകളിലും യാത്രികര്‍ പങ്കുവെച്ചിട്ടുണ്ട്.)

അരയന്ന തടാകത്തില്‍ നിന്നു വ്യത്യസ്തമാണ് മറ്റ് തടാകങ്ങള്‍. വിസ്തീര്‍ണം കൂടുതലും ജനത്തിരക്ക് കുറവും. വളര്‍ത്തുപക്ഷികളല്ലാതെ, സൈ്വര്യവിഹാരം നടത്തുന്ന പക്ഷികളെ കാണാം. 

Al Qudra

Al Qudra

നല്ലൊരു മരത്തണല്‍ കണ്ടെത്തിയ ശേഷം ഈ പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതാണ് എപ്പോഴും നല്ലത്.

പ്രദേശം മുഴുവന്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചിരിക്കുകയാണ്. അവയുടെ ചുവട്ടിലേക്ക് ഹോസുകളും ഇട്ടിരിക്കുന്നു. വൈകുന്നേരങ്ങളില്‍ കൃത്യമായി ഇതിലേക്ക് വെള്ളം എത്തും. മരങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ അറബി അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍, ഫലഭൂയിഷ്ടമായ മണ്ണുണ്ടായിട്ടു കൂടി പച്ചപ്പ് ഇല്ലാതാക്കാന്‍ മല്‍സരിക്കുന്ന മലയാളികള്‍ക്ക് കണ്ടുപഠിക്കാവുന്നതാണ്.

Al Qudra

AlQudra

AlQudra

അല്‍കുദ്രയില്‍ തമ്പടിക്കാനും ഭക്ഷണം പാകം ചെയ്യാനുമെല്ലാം യോജിച്ച സമയം പുലര്‍ച്ചെയും സായാഹ്നവുമാണ്. ഉപയോഗശൂന്യമായ വസ്തുക്കള്‍ നിക്ഷേപിക്കാന്‍ ചവറ്റുകൊട്ടകളും ഒട്ടുമിക്കയിടത്തും സ്ഥാപിച്ചിട്ടുണ്ട്.

മൂന്ന് തടാകങ്ങളാണ് ഈ പ്രദേശത്തുള്ളത്. മറ്റ് മൂന്ന് തടാകങ്ങള്‍ വഴിയുടെ മറുഭാഗത്താണ്. 

പ്രകാശമലിനീകരണം കുറത്ത പ്രദേശമായതിനാല്‍, രാത്രിയിലെ ആകാശക്കാഴ്ച കാണാനും നിരവധി പേര്‍ ഇവിടെ തമ്പടിക്കാറുണ്ട്. നക്ഷത്രങ്ങളെ പിന്തുടരാനും (star trail), ക്ഷീരപഥം (milky way) കാണുവാനും ക്യാമറയില്‍ പകര്‍ത്തുവാനും ഉത്തമമായ സ്ഥലം. പതിവുപോലെ ഇതിലും പാശ്ചാത്യരാണ് ഭൂരിപക്ഷം.

മണല്‍കാറ്റിനോട് മല്‍സരിച്ച് സൈക്കിള്‍ ഓടിക്കാം

സാഹസികര്‍ക്ക് സ്വാഗതമരുളാന്‍ 84 കിലോമീറ്റര്‍ നീളുന്ന സൈക്ലിങ് പാതയാണ് അല്‍കുദ്രയില്‍ ഒരുക്കിയിട്ടുള്ളത്. സൂര്യോദയവും സൂര്യാസ്തമനവും കണ്ട് മണലാരണ്യസൗന്ദര്യം ആസ്വദിച്ചൊരു യാത്ര. മാന്‍ വര്‍ഗത്തില്‍പ്പെട്ട ഓറിക്‌സ്, ഒട്ടകം എന്നിങ്ങനെ മരുഭൂമിയിലെ പല അന്തേവാസികളും ഓട്ടത്തിനിടയ്ക്ക് നിങ്ങളെ കാണാന്‍ വഴിയോരത്തുണ്ടാവും.

Al Qudra

ഇടമുറിയാത്ത സൈക്കിള്‍ പാതയെ സാഹസികതയുടെ കാഠിന്യം അനുസരിച്ച് 20 ഉം 50 ഉം കിലോമീറ്ററുള്ള ചെറുവിഭാഗങ്ങളായും തിരിച്ചിരിക്കുന്നു.

___________________________________________________________________________________________________തുടരും

AlQudra

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് -

  • പ്രധാന പാതകളില്‍ എല്ലാ വാഹനങ്ങളും സഞ്ചരിക്കും. എന്നാല്‍ മരുഭൂമിയെന്ന നിലയ്ക്ക് ഫോര്‍ വീല്‍ ഡ്രൈവ് ഉപയോഗിക്കുന്നതാണ് ഉത്തമം.
  • വെള്ളിയാഴ്ചകളിലും മറ്റ് അവധി ദിനങ്ങളിലും തിരക്ക് പ്രതീക്ഷിക്കാം
  • ഉള്‍പ്രദേശമായതിനാല്‍ രാത്രികാലത്തെ തങ്ങലുകള്‍ക്ക് സുരക്ഷ ഉറപ്പില്ല
  • ഗൂഗിള്‍ മാപ്പാണ് അല്‍കുദ്രയിലേക്ക് എത്തിച്ചേരാന്‍ ഏറ്റവും നല്ല മാര്‍ഗദര്‍ശി

About Al Qudra Lake 

Man-made lake in the middle of the Saih Al Salam Desert, Dubai. The Lake, spread over 25 acres, is home to hundreds of bird species including many migratory birds.