ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ചതിനാലാകണം ഓരോ രാജ്യത്തും ചെല്ലുമ്പോള്‍  ഞാനവിടുത്തെ മരങ്ങളും കാര്‍ഷികവിളകളുമൊക്കെ സൂക്ഷ്മമായി ശ്രദ്ധിക്കുന്നത്. നല്ലതു കാണുമ്പോള്‍ തുമ്മാരുകുടിയില്‍ എത്തിക്കണം എന്നും തോന്നും.  ജപ്പാനിലെ ചെറി മരങ്ങള്‍, സ്വിട്‌സര്‍ലാന്റിലെ വീപ്പിങ് വില്ലോ ട്രീ, ഫിലിപ്പൈന്‍സിലെ ആംഗ്‌സാന, കാലിഫോര്‍ണിയയിലെ ജയ്ന്റ്റ് റെഡ് വുഡ് ട്രീ എന്നിങ്ങനെ ഇഷ്ടപ്പെട്ടവ പലതും നാട്ടിലേക്ക് കൊണ്ടുപോരണം എന്നും തോന്നാറുണ്ട്.  ഏറ്റവും ആഗ്രഹമുള്ളത് അമേരിക്കയിലെ ഭീമന്‍ മത്തങ്ങ കൊണ്ടുവരണമെന്നാണ്. 

അമേരിക്ക വലിയ വ്യാവസായിക രാഷ്ട്രമാണെങ്കിലും കൃഷി ഇപ്പോഴും  അവിടെ വ്യാപകമാണ്. കാര്‍ഷികമേളകളും കാര്‍ഷിക ആഘോഷങ്ങളും അവിടെ ഇപ്പോഴുമുണ്ട്. അതിന്റെ ഭാഗമായി അവര്‍ സ്വന്തം പറമ്പില്‍ മത്തങ്ങാ വളര്‍ത്തുന്നതില്‍ മത്സരിക്കും. നൂറും ഇരുനൂറും കിലോ തൂക്കം വരുന്ന മത്തങ്ങകള്‍ അവിടെ സാധാരണമാണ്. അഞ്ഞൂറ് കിലോയുള്ള മത്തങ്ങാ വരെ ചിലപ്പോള്‍ ഉണ്ടാകാറുണ്ട്.  അതിന്റെ വിത്ത് നാട്ടില്‍ കൊണ്ടുപോയി കൃഷിചെയ്യാനാണ് എന്റെ ആഗ്രഹം. 

വിത്ത് കിട്ടാന്‍ എളുപ്പമാണെങ്കിലും അത് നാട്ടിലെത്തിക്കാന്‍  അത്ര എളുപ്പമല്ല. കാരണം മറ്റ് നാടുകളില്‍ നിന്നും എന്തിന്റെയെങ്കിലും വിത്ത് കൊണ്ടുവരുന്നത് നിയമവിധേയമല്ലാത്തത്  തന്നെ. നമ്മുടെ കസ്റ്റംസ് ഫോമില്‍ ഇത് പ്രത്യേകം ചോദിക്കാറുമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വലിയ അറിവുള്ളവരൊന്നും നമ്മുടെ കസ്റ്റംസ് സര്‍വീസില്‍ ഇല്ലതാനും. അതുകൊണ്ട്  വിത്തുകള്‍ ഇന്ത്യയിലെത്തിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. 

എന്നാല്‍ ഇതേ വിത്തുമായി ആസ്‌ട്രേലിയയ്‌ക്കോ ന്യൂസീലന്‍ഡിലേക്കോ  ആണ് പോകുന്നതെങ്കില്‍ പണിപാളും. പൊതുവെ ദ്വീപ് രാജ്യങ്ങള്‍ അവരുടെ ജൈവവൈവിധ്യത്തെപ്പറ്റി വലിയ ആശങ്കാകുലരാണ്. മറ്റു രാജ്യങ്ങളില്‍നിന്നും വേര്‍പെട്ട് നില്‍ക്കുന്നതിനാല്‍ വ്യത്യസ്തമായ ജന്തുക്കളും മരങ്ങളും ഒക്കെയാണ് അവിടെ വളരുന്നത്. അവിടെയൊരു പുതിയ അതിഥി എത്തിയാല്‍ നാട്ടിലുള്ളവരെ  അത് അടിച്ചുപരത്താനും മതി. ഒന്നാം ലോകമഹായുദ്ധക്കാലത്ത് യുദ്ധപരിശീലനത്തിനായി അറേബ്യയില്‍നിന്ന് കുറെ ഒട്ടകങ്ങളെ ആസ്‌ട്രേലിയയില്‍ എത്തിച്ചു. ഇന്ന് അവയുടെ വംശം പെറ്റുപെരുകി അറേബ്യയിലേക്കാള്‍ കൂടുതല്‍ ഒട്ടകങ്ങളായി. എന്നാലിപ്പോള്‍ ആ നാട്ടുകാര്‍ക്ക് ഒട്ടകത്തിന്റെ ഒരാവശ്യവും ഇല്ലതാനും.  ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് വിത്തും തൈയും കടത്തിക്കൊണ്ടുവരുന്നത് രാജ്യങ്ങള്‍ നിരോധിച്ചിരിക്കുന്നത്. ദക്ഷിണ അമേരിക്കയിലെ പല രാജ്യങ്ങളും ഇതുപോലെ കര്‍ശന നിയന്ത്രണം ഉള്ളവര്‍ ആണ്. യാത്രയില്‍ കഴിക്കാന്‍ മേടിച്ചു വച്ച ആപ്പിള്‍ പോലും കസ്റ്റംസില്‍ ഉപേക്ഷിച്ചിട്ട് പോണം. 

Read More | യാത്രയിലെ സുരക്ഷ

ഓരോ രാജ്യത്തിനും ഇതുപോലെ സാധനങ്ങള്‍ കൊണ്ടുപോകാനും കൊണ്ടുവരാനുമുള്ള  ചില നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ഇതിന് ആഗോളപരമായ ഒരു ഏകരൂപം ഇല്ല. ഇന്ത്യ പ്രധാനമായും സ്വര്‍ണ്ണവും വിദേശനാണ്യവും മയക്കുമരുന്നും ആണ് തടയാന്‍ ശ്രമിക്കുന്നതെങ്കില്‍, സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് വിദേശനാണ്യമോ സ്വര്‍ണ്ണമോ കൊണ്ടുപോകുന്നത് ഒരു വിഷയമേയല്ല. നമ്മുടെ കൈവശമുള്ള പണമോ സ്വര്‍ണ്ണമോ  അവിടെ ഒരു പ്രശ്‌നമല്ല. അതുകൊണ്ടു തന്നെ ഓരോ രാജ്യത്തേക്കും പോകുന്നതിന് മുന്‍പ് അതൊന്ന് അന്വേഷിക്കണം, അല്ലെങ്കില്‍ പണി കിട്ടും.

വിദേശനാണ്യം:  നിയന്ത്രണങ്ങള്‍ രണ്ടു തരത്തില്‍ ഉണ്ട്. ഒന്ന് ഒരു രാജ്യത്തേക്ക് എത്ര വിദേശനാണ്യം കൊണ്ടുപോകാം എന്നതില്‍, രണ്ട് എത്ര തുകയില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ അത് കസ്റ്റംസില്‍ പറയണം എന്ന കാര്യത്തില്‍   അമേരിക്കയിലേക്കും നമുക്ക് എത്ര വിദേശനാണ്യം വേണമെങ്കിലും  കൊണ്ടുപോകാം. പക്ഷെ, പതിനായിരം ഡോളറില്‍ കൂടുതലുണ്ടെങ്കില്‍ കസ്റ്റംസില്‍ എഴുതിക്കൊടുക്കണം. ഇന്ത്യയില്‍ ഈ പരിധി അയ്യായിരം ഡോളറാണെന്ന് തോന്നുന്നു. അതുപോലെ വിദേശനാണ്യ പരിധികള്‍ ലോകത്തെല്ലായിടത്തുമുണ്ട്. യാത്രയില്‍ ശ്രദ്ധിക്കുക.

അച്ചാറുകുപ്പി വീണ്ടും: അമേരിക്കയിലേക്ക് പോകുന്ന ഒരു ശരാശരി ഇന്ത്യക്കാരന്റെ കൈവശം  പതിനായിരം ഡോളറൊന്നും ഇല്ലെങ്കിലും പത്തുകുപ്പി അച്ചാര്‍ മിനിമം കാണും. അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ ഏഷ്യയില്‍നിന്നും വരുന്ന യാത്രക്കാരുടെ  കൈവശമുള്ള ഭക്ഷ്യവസ്തുക്കള്‍ പരിശോധിക്കാനും പിടിച്ചെടുത്ത് നശിപ്പിക്കാനും പ്രത്യേകം പരിശീലിപ്പിക്കപ്പെട്ട പട്ടിയും പോലീസും വരെയുണ്ട്. പല ഭാഷകളില്‍ ഇക്കാര്യം ഓര്‍മ്മിപ്പിക്കുന്ന ബോര്‍ഡും കഴുത്തിലിട്ട് അവര്‍ അങ്ങനെ നില്‍ക്കും. ഇവരെ എല്ലാം കബളിപ്പിച്ച് അവിടെ അച്ചാര്‍ എത്തിക്കുക എന്നത് അമേരിക്കന്‍ മലയാളികള്‍ പ്രാക്ടീസ് ചെയ്യുന്ന ഒരു കലാരൂപം ആണ്.   അച്ചാറില്ലാതെ നമുക്കെന്താഘോഷം!  

പാലും റോളക്‌സ് വാച്ചും: സ്വിറ്റ്‌സര്‍ലാന്റുകാര്‍ക്ക് അച്ചാറൊന്നും വിഷയമല്ലെങ്കിലും  പാലുമായി അങ്ങോട്ട് ചെന്നാല്‍ പണി പാലുംവെള്ളത്തില്‍ തന്നെ കിട്ടും. പശുക്കള്‍ക്കും പാലിനും പേരുകേട്ട നാടായതുകൊണ്ടാകാം ഇത്. രണ്ടുലിറ്ററില്‍ കൂടുതല്‍ പാലുമായി ആരും ആ വഴിക്ക് വന്നേക്കരുത്. പാല് കഴിഞ്ഞാല്‍ സ്വിട്‌സര്‍ലാന്‍ഡില്‍ ശ്രദ്ധിക്കുന്നത് ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളെയാണ്. പ്രത്യേകിച്ചും  ബാങ്കോക്കില്‍നിന്നും ചൈനയില്‍ നിന്നും വരുന്നവരില്‍ നല്ല ശ്രദ്ധയാണ്. കാരണം ബാങ്കോക്കിലും ബീജിങിലും റോളക്‌സ് വാച്ച് മുതല്‍ ലകോസ്റ്റയുടെ ബെല്‍റ്റ് വരെ വ്യാജന്‍ കിട്ടും. പിടിക്കപ്പെട്ടാല്‍ ഒരുലക്ഷം ഫ്രാങ്കാണ് ഫൈന്‍. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ വരുന്നവര്‍ പേരുകേട്ട ബ്രാന്‍ഡുകളുടെ വ്യാജ ഷര്‍ട്ടും ബാഗും ഒന്നുമായി  വരാതിരിക്കാന്‍ പ്രത്യേകം  ശ്രദ്ധിക്കുക.

Read More | യാത്രയിലെ ഭക്ഷണം

മയക്കുമരുന്നുകള്‍ വേണ്ടേ വേണ്ട. മരുന്നോ?:  മയക്കുമരുന്നുകള്‍ ലോകത്ത് ഏതുരാജ്യത്തും പ്രശ്‌നം തന്നെയാണ്.  സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങളില്‍ വധശിക്ഷയാണ് മയക്കുമരുന്ന് കൈവശം വെക്കുന്നതിനുള്ള ശിക്ഷ. നല്ല ശ്രദ്ധ വേണം. അതിലും ബുദ്ധിമുട്ടുള്ള പ്രശ്‌നം മയക്കുമരുന്ന് എന്നതിന് ലോകത്ത് ഒരു ഏകീകൃത നിര്‍വചനം ഇല്ല എന്നതാണ്. ഒരു രാജ്യത്ത് അംഗീകരിച്ച മരുന്നാകാം, അടുത്ത രാജ്യത്ത് മയക്കുമരുന്നാകുന്നത്.  അതുകൊണ്ടു തന്നെ ഡോക്ടറുടെ കുറിപ്പോടെ വേണം മരുന്നുകള്‍ കൊണ്ടുപോകാന്‍. അതെ സമയം  കഷായവും ലേഹ്യവുമൊക്കെ ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിലും ഒഴിവാക്കണം.  മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ഉപയോഗിക്കുന്ന ചൈനീസ് മരുന്നുകളും ഒഴിവാക്കേണ്ടത് തന്നെയാണ്.

എല്ലും പല്ലും വേണ്ട: ലോകത്തെ ധാരാളം രാജ്യങ്ങളില്‍ മൃഗങ്ങളുടെ എല്ല്, കൊമ്പ്, തുകല്‍  എന്നിവ കൊണ്ടുണ്ടാക്കിയ കരകൗശലവസ്തുക്കള്‍ നിയമവിധേയമാണെങ്കിലും മറ്റു രാജ്യങ്ങളിലേക്ക് ഇവ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ്. ആഫ്രിക്കയിലേക്ക് പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അവിടുത്തെ ഗ്രാമങ്ങളിലും മാര്‍ക്കറ്റിലും പോയി മൃഗങ്ങളുടെ എല്ലു കൊണ്ടുണ്ടാക്കിയ  ചീപ്പും വളയും ഒന്നും വാങ്ങരുത്. നിയമവിരുദ്ധമല്ലെങ്കില്‍ പോലും അവിടുത്തെ കസ്റ്റംസുകാര്‍ നിങ്ങളെ വിരട്ടും, ചിലപ്പോള്‍ കാശ് പോകും, നിങ്ങള്‍ ചെല്ലുന്ന നാട്ടിലും അതുപോലെ തന്നെ.

അപ്പൊ ജീവന്‍ ഉള്ളതോ ?: ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക്  പട്ടികളെയും പൂച്ചകളെയും മറ്റ് വളര്‍ത്തുമൃഗങ്ങളെയും കൊണ്ടുപോകുന്നത് നിയമവിരുദ്ധമല്ല. പക്ഷെ, അതിന് വ്യക്തമായ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. പട്ടിക്കും പൂച്ചക്കും സ്വന്തം പേരില്‍ പാസ്സ്‌പോര്‍ട്ട് വരെയുണ്ട്. പൂര്‍ണ്ണമായ വാക്‌സിനേഷന്‍ റിപ്പോര്‍ട്ടുകളും ഉണ്ടായിരിക്കണം. എയര്‍ലൈനില്‍  മുന്‍കൂട്ടി പറഞ്ഞ് അതിനുള്ള സൗകര്യങ്ങള്‍ ശരിയാക്കണം. വിവിധ രാജ്യങ്ങളില്‍ ഒരാഴ്ച മുതല്‍ മൂന്നുമാസം വരെ ഇവരെ ക്വാറന്റൈനില്‍ താമസിപ്പിക്കേണ്ടിയും വരും. ഇതെല്ലാം മുന്‍കൂര്‍ അന്വേഷിച്ച് ചെയ്തില്ലെങ്കില്‍ നിങ്ങള്‍ എത്ര വലിയ പുള്ളിയാണെങ്കിലും ജയിലിലാകും. പൈറേറ്റ്‌സ് ഓഫ് കരീബിയനിലെ  നായകനും പട്ടികള്‍ക്കും ഓസ്‌ട്രേലിയയില്‍ പണി കിട്ടിയ കഥ ഓര്‍ക്കുമല്ലോ. (https://www.theguardian.com/film/2017/jun/27/johnnydeppsdogsautsraliasdeptuy-pmthreatensactorwithperjuryinvestigation).

മറ്റു മൃഗങ്ങള്‍ അരുത്: വളര്‍ത്തുമൃഗങ്ങളല്ലാതെ, വളര്‍ത്താനായി  ആമയെയും ഒറംഗുട്ടാനും പോലുള്ള എക്‌സോട്ടിക് മൃഗങ്ങളെ കടത്തിക്കൊണ്ടു വരുന്നത് വലിയ കുറ്റമാണ്. ഒരുകാരണവശാലും ഇത്തരം മൃഗങ്ങളുടെ വില്‍പ്പനയിലും നാടുകടത്തലിലും അറിഞ്ഞോ അറിയാതെയോ തലവെച്ചു കൊടുക്കരുത്. പ്രകൃതിയുടെ നാശത്തിന് നിങ്ങള്‍ കൂട്ടുനില്‍ക്കുകയാണ്. പോരാത്തതിന് നിങ്ങള്‍ക്ക്  വ്യക്തിപരമായി വലിയ നഷ്ടവുമുണ്ടാകും. ഇതിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ഉണ്ട് (https://www.cites.org/)

Read More | ചെലവ് കുറഞ്ഞ യാത്ര 

സിഗരറ്റും മദ്യവും: ചില ഗള്‍ഫ് രാജ്യങ്ങളിലും ബ്രൂണെയിലും മദ്യം  കൊണ്ടുപോകുന്നതിന്  നിരോധനമുണ്ട്. പൂര്‍ണ്ണനിരോധനമില്ലാത്ത സ്ഥലങ്ങളിലും എത്ര അളവ് മദ്യം കൊണ്ടുപോകാം എന്നതിന് പരിധിയുണ്ട്. രണ്ട് ലിറ്ററാണ് ഇന്ത്യയിലേക്ക് ഒരു യാത്രക്കാരനുള്ള പരിധി. അതേസമയം മദ്യക്കുപ്പികളടക്കം ദ്രാവകങ്ങള്‍ പ്രത്യേക സുരക്ഷാപരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. അപ്പോള്‍ ജനീവയിലെ സെക്യൂരിറ്റി കഴിഞ്ഞു വാങ്ങിയ സാധനം ദുബായ് വിമാത്താവളം വഴി കൊച്ചിയിലേക്ക് എത്തിക്കാന്‍ പറ്റിയില്ല എന്ന് വരും.  വിലകൂടിയ മദ്യം കടത്തിക്കൊണ്ടുപോകാന്‍ പറ്റാത്തവര്‍ സുരക്ഷക്കാരന്റെ മുന്നില്‍ തന്നെ നില്‍പ്പനടിക്കുന്ന ദയനീയ കാഴ്ച്ച ഞാന്‍ ധാരാളം കണ്ടിട്ടുണ്ട്. പാവം കുടിയന്മാര്‍... കണ്ടാല്‍ സഹിക്കില്ല.

എത്ര സിഗരറ്റ് ഒരു രാജ്യത്തേക്ക് കൊണ്ടുപോകാം എന്നതിനും  പരിധിയുണ്ട്. ഇക്കാര്യം എയര്‍ ലൈനില്‍ അന്വേഷിച്ച് മനസ്സിലാക്കണം. 

പ്ലാസ്റ്റിക് ബാഗ്: ആഫ്രിക്കയിലെ ഏറ്റവും ശുചിത്വമുള്ള രാജ്യമാണ്  റുവാണ്ട. ശക്തമായ നിയമങ്ങളും നടത്തിപ്പുമാണ് അവിടെയുള്ളത്. പ്ലാസ്റ്റിക് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. വിമാനം കിഗാളിയില്‍ ഇറങ്ങുന്നതിനു മുന്‍പ് തന്നെ അറിയിപ്പ് കിട്ടും, പ്ലാസ്റ്റിക് ഉണ്ടെങ്കില്‍ വിമാനത്താവളത്തില്‍ ഉപേക്ഷിക്കണം എന്ന്. കെനിയയിലും ഇതേ നിയമം അടുത്തുതന്നെ  നിലവില്‍ വരും. നാലുവര്‍ഷത്തെ ജയില്‍വാസമാണ് ശിക്ഷ. സൂക്ഷിക്കുക. (https://www.theguardian.com/environment/2017/aug/28/kenyabringsinworldstoughestplasticbagbanfouryearsjailor40000fine)

ജി പി എസും ഫോണുകളും: സുരക്ഷാകാരണങ്ങളാല്‍ ചില രാജ്യങ്ങളിലേക്ക്  സാറ്റലൈറ്റ് ഫോണുകളും ജി പി എസും കൊണ്ടുപോകാന്‍ പാടില്ല എന്ന് നിബന്ധനയുണ്ട്. എല്ലാ മൊബൈല്‍ ഫോണിലും ഇപ്പോള്‍ ജി പി എസും കാമറയും ഉള്ളതിനാല്‍ ഈ നിയമത്തിന് ഇപ്പോള്‍ വലിയ പ്രസക്തിയില്ല. പക്ഷെ, നിയമം നിയമമാണ്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട!

ഇത്രയും കാര്യങ്ങള്‍ ആണ് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നത്. ഒരു പക്ഷെ വേറെയും വസ്തുക്കള്‍ ഉണ്ടാകാം. നിങ്ങള്‍ക്ക് അറിവുണ്ടെങ്കിലോ, നിങ്ങള്‍ താമസിക്കുന്ന രാജ്യത്തെ പ്രത്യേക നിയമങ്ങള്‍ അറിയാമെങ്കിലോ പങ്കുവെക്കുക.