റ്റപ്പെട്ട രാജ്യമെന്ന് വിശേഷിപ്പിക്കാവുന്ന ഉത്തര കൊറിയയെ കുറിച്ച് പേടിപ്പെടുത്തുന്ന കഥകളാണ് പുറംലോകത്ത് പ്രചരിക്കുന്നത്. എന്നാല്‍ കിങ് ജോങ് ഉന്നിന്റെ നാട്ടിലേക്ക് വിനോദസഞ്ചാരം നടത്തിയ അമേരിക്കന്‍ യുവാവിന് പറയാനുള്ളത് രസകരമായ അനുഭവങ്ങളാണ്.

നിരവധി രാജ്യങ്ങളിലൂടെ യാത്ര ചെയ്യുകയും അനുഭവങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെയ്ക്കുകയും ചെയ്തുവരുന്ന ഡ്രൂ ബിന്‍സ്‌കിയുടെ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

North Korea

ഉത്തരകൊറിയ തലസ്ഥാനമായ പ്യോങ്യാങ്ങിലൂടെയാണ് ഡ്രൂവിന്റെ സഞ്ചാരം. രാജ്യത്തെ കുറിച്ച് പ്രചരിച്ചുവരുന്ന മോശമായ അഭിപ്രായങ്ങളില്‍ നിന്നു വ്യത്യസ്തമായി, അവിടുത്തെ സന്തോഷങ്ങള്‍ അവതരിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന ആമുഖത്തോടെയാണ് നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത്. തന്റെ സ്വകാര്യ അഭിപ്രായങ്ങളാണ് ഇവയെന്നും രാഷ്ട്രീയ കാഴ്ചപ്പാടുകളല്ല എന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നുണ്ട്.

ഗൈഡിന്റെ സഹായത്തോടുകൂടിയ നഗരപര്യടനമാണ് ഡ്രൂ നടത്തിയത്. ഉത്തരകൊറിയയിലെ ടൂര്‍ കമ്പനികളെല്ലാം മികച്ച സംഘാടനവും ആസൂത്രണവുമാണ് കാഴ്ചവെയ്ക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

North Korea

ആധുനിക സംവിധാനങ്ങള്‍ നിറഞ്ഞ നഗരമാണ് പോങ്യാങ്. മൂന്നു ദിവസത്തെ യാത്രയ്ക്കിടെ ഒരിക്കല്‍ പോലും പ്രദേശവാസികളില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നിട്ടില്ല. അതേസമയം നഗരത്തിന്റെ മുക്കും മൂലയും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. നിയമം അനുസരിക്കുന്നവര്‍ക്ക്‌ ആരെയും ഭയപ്പെടേണ്ടി വരില്ല എന്നാണ് നഗരയാത്രകളിലൂടെ ഡ്രൂ തിരിച്ചറിഞ്ഞത്.

North Korea

North Korea

പ്യോങ്യാങ്ങിലെ പ്രധാന തെരുവുകളും സ്മാരകങ്ങളും ഡ്രൂ സന്ദര്‍ശിച്ചു. മുഖമുദ്രയായ ജുചെ ടവറിന് മുകളില്‍ കയറി. പ്രാദേശിക വിഭവങ്ങള്‍ രുചിച്ചു. സര്‍ക്കസിന് പോയി. പ്രോങ്യാങ് മാരത്തണില്‍ പങ്കെടുത്തു. ലോകത്തിലെ ഏറ്റവും ആഴത്തില്‍ സ്ഥിതി ചെയ്യുന്ന ഭൂഗര്‍ഭ മെട്രോയില്‍ സഞ്ചരിച്ചു. ഉത്തരകൊറിയയുടെ രാഷ്ട്രശില്‍പിയായ കിം സങ് രണ്ടാമന്റെ പിറന്നാള്‍ ആഘോഷത്തിനായി തയാറെടുക്കുന്ന ഗായകരെയും നര്‍ത്തകരെയും അദ്ദേഹം വീഡിയോയില്‍ പകര്‍ത്തി. കലാകായിക വിദ്യകളില്‍ മുന്നിട്ടു നില്‍ക്കുന്നവരാണ് കൊറിയക്കാരെന്ന് ഡ്രൂ വിലയിരുത്തുന്നു. 

North Korea

North Korea

വലിയ കെട്ടിടങ്ങളും തെരുവുകളുമുള്ള ഉത്തരകൊറിയയില്‍ തൊഴില്‍ അവസരങ്ങള്‍ കുറവാണെന്ന് യാത്രയിലൂടെ ഡ്രൂവിന് മനസിലാക്കാന്‍ സാധിച്ചു. സ്വന്തമായി കാറുള്ളവര്‍ കുറവാണ് അവിടെ. ഇന്റര്‍നെറ്റ് വളരെ കുറച്ചുപേര്‍ക്കേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. ജനങ്ങള്‍ എന്തറിയണം എന്ന് സര്‍ക്കാരാണ് തീരുമാനിക്കുന്നത്. തങ്ങളുടെ അതിരുകള്‍ക്ക് അപ്പുറം എന്താണ് സംഭവിക്കുന്നത് എന്നവര്‍ അറിയുന്നില്ല. 

സ്വാതന്ത്രം അനുഭവിക്കാന്‍ സാധിക്കുന്നതില്‍ താന്‍ എത്ര ഭാഗ്യവാനാണ് എന്ന സന്ദേശത്തോടെയാണ് ഡ്രൂവിന്റെ വീഡിയോ അവസാനിക്കുന്നത്.