'റിസ്‌ക് കൂടുമ്പോള്‍ ത്രില്ല് കൂടും. ഇത് എല്ലാവര്‍ക്കും സാധിച്ചെന്നുവരില്ല. അതേസമയം റിസ്‌ക് കുറവുള്ള ത്രില്ലിങ് അനുഭവങ്ങള്‍ ജീവിതത്തില്‍ നഷ്ടപ്പെടുത്താതിരിക്കാന്‍ നമുക്ക് സാധിക്കും...'

ദുബായില്‍ ആകാശച്ചാട്ടം നടത്തുന്നതിന് തൊട്ടുമുമ്പായുള്ള കുഞ്ചാക്കോ ബോബന്റെ ഈ വാക്കുകള്‍, പുതിയ ചിത്രമായ രാമന്റെ ഏദന്‍തോട്ടത്തിലെ കഥാപാത്രത്തിന്റെ ആപ്തവാക്യമാണ്. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി നടത്തിയ സ്‌കൈഡൈവ് ഫെയ്‌സ്ബുക്കിലൂടെ പ്രേക്ഷകര്‍ക്കായി അദ്ദേഹം പങ്കുവെച്ചു.

ആദ്യമായാണ് സ്‌കൈ ഡൈവ് ചെയ്യുന്നതെന്ന ആമുഖത്തോടെയാണ് കുഞ്ചാക്കോ ബോബന്‍ വിമാനത്തില്‍ കയറുന്നത്. ഭാര്യ പ്രിയയോട് താഴെയെത്തുമ്പോള്‍ കാണാമെന്നു പറഞ്ഞാണ് കുഞ്ചാക്കോ ബോബന്‍ വിമാനത്തിന് പുറത്തേക്ക് ചാടിയത്. ആഢംബരദ്വീപായ പാം ജുമൈറയുടെ പശ്ചാത്തലത്തില്‍ സാഹസികപ്രകടനങ്ങള്‍ നടത്തുന്ന വീഡിയോയാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

Dubai Skydive Kunchako boban

ദുബായ് സ്‌കൈഡൈവ് 

13000 അടി ഉയരത്തില്‍ നിന്നുള്ള ആകാശച്ചാട്ടം ദുബായില്‍ എത്തിച്ചേരുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന ഏറ്റവും സാഹസിക അനുഭവങ്ങളിലൊന്നാണ്. വിമാനത്തില്‍ ഉയര്‍ന്നുപൊങ്ങിയ ശേഷം പരിശീലകനൊപ്പമാണ് ഫ്രീ ഫാള്‍ നടത്തുക. കടലോരത്തെ അത്ഭുതനിര്‍മിതിയായ പാം ജുമൈറയുടെ ആകാശക്കാഴ്ചയും സ്‌കൈഡൈവ് നമുക്ക് കാട്ടിത്തരും. ഏതാനും മിനിട്ടുകള്‍ ആകാശത്ത് ഒഴുകിനടന്ന ശേഷം പരിശീലകന്‍ പാരച്യൂട്ട് തുറക്കുകയും സുരക്ഷിതമായി നമ്മെ നിലത്തിറക്കുകയും ചെയ്യുന്നു.

Dubai Skydive Kunchako boban

ധൈര്യമുള്ള ആര്‍ക്കും ചെയ്യാമെങ്കിലും, ശരീരത്തിന് ബലം കൊടുക്കരുത്, കാല്‍ മുട്ട് അല്‍പം മടങ്ങിയിരിക്കണം, ലാന്‍ഡ് ചെയ്യുമ്പോള്‍ കാലുകള്‍ 90 ഡിഗ്രി അകലത്തില്‍ വയ്ക്കണം എന്നിങ്ങനെയുള്ള ചില കാര്യങ്ങള്‍ ശ്രദ്ധിച്ചുവേണം ചാടാന്‍. ജീവിതത്തിലെ ഈ മറക്കാനാവാത്ത അനുഭവം, മടങ്ങുമ്പോള്‍ വീഡിയോയില്‍ പകര്‍ത്തി നമുക്ക് തന്നുവിടുകയും ചെയ്യും.