രാജ്യമെമ്പാടുമെന്നപോലെ കേരളത്തിലും ബാഹുബലി തരംഗം അലതല്ലുകയാണ്. ബാഹുബലിയുടെ ലോകം വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ കേരളത്തിനും അഭിമാനിക്കാം. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ അതിരപ്പിള്ളിയാണ് താരമായതെങ്കില്‍ ഇത്തവണ കണ്ണൂരിലെ കണ്ണവം വനമാണ് ഹീറോ.

bahubali

നോക്കെത്താദൂരം പച്ചപ്പണിഞ്ഞ കൂറ്റന്‍ മരങ്ങള്‍ നിറഞ്ഞ വനം. വനാന്തര്‍ഭാഗത്ത് നിന്ന് ഒഴുകിയെത്തി പാറക്കെട്ടുകളില്‍ തട്ടി ശാന്തമായി ഒഴുകുന്ന പെരുവ പുഴ, കണ്ണിനും കാതിനും മനസ്സിനും കുളിരേകുന്ന ഇവിടെയാണ് സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനായി മാറിയ പെരുവ വനപ്രദേശം.

കത്തുന്ന വേനല്‍ ചൂടേറ്റ് കണ്ണവത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്ത് ചങ്ങല ഗേറ്റിലെത്തുമ്പോള്‍ തന്നെ തണുത്ത കാറ്റ് തലോടും. 83.9893 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് കണ്ണവം വനമേഖലയ്ക്കുള്ളത്. ചങ്ങലഗേറ്റില്‍ നിന്ന് പെരുവയിലേക്കുള്ള റോഡ് വനത്തില്‍ കൂടിയാണ് കടന്ന് പോകുന്നത്. ഇരുവശവും മരവും കാടുകളും നിറഞ്ഞ റോഡില്‍ കൂടിയുള്ള യാത്ര മറക്കാനാവാത്തതാണ്. ഈ റോഡില്‍ കൂടി രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പെരുവ വനത്തിലെത്താം.

bahubali

വലിയ മരങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ ചെറിയ ഒരു മൈതാനമാണ് ലൊക്കേഷന്‍. മൈതാനത്തിന്റെ മൂന്ന് ഭാഗത്തുകൂടിയും പെരുവ പുഴ ശാന്തമായൊഴുകുന്നു. കണ്ണവം വനത്തിലെ പ്രകൃതിഭംഗിയാണ് സിനിമാക്കാരെ പെരുവയിലേക്ക് ആകര്‍ഷിച്ചത്.

2000 മുതല്‍ തന്നെ സിനിമാക്കാര്‍ കണ്ണവം വനത്തില്‍ ഷൂട്ടിങ്ങിനായെത്തിയിരുന്നു. പ്രകൃതി ഭംഗിയും ലോക്കേഷനില്‍ എത്താനുള്ള യാത്രാ സൗകര്യവും തടസ്സങ്ങളില്ലാത്ത ഷൂട്ടിങ്ങുമാണ് ഇവരെ ആകര്‍ഷിച്ചത്. പരസ്യ ചിത്രങ്ങളുടെയും മലയാളം, തമിഴ് ചിത്രങ്ങളുടെയും ചിത്രീകരണം ഇവിടെ നടന്നിരുന്നു. മമ്മൂട്ടി നായകനായ പഴശ്ശിരാജയുടെ പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചത് കണ്ണവം വനത്തിലാണ്. ചിത്രം വന്‍ വിജയമായതോടെ കണ്ണവം വനത്തിലെ ലൊക്കേഷന്‍ ഇതര സംസ്ഥാനങ്ങളിലും അറിയപ്പെട്ടു. പഴശ്ശരിരാജയുടെ മനോഹരമായ ലൊക്കേഷന്‍ കണ്ട് ഇഷ്ടപ്പെട്ടാണ് ബാഹുബലിയുടെ രണ്ടാം ഭാഗം ചിത്രീകരണത്തിനായി പ്രസിദ്ധ സംവിധായകന്‍ എസ്.എസ്.രാജമൗലിയും സംഘവും ജനുവരിയില്‍ പെരുവയിലെത്തിയത്.

വനത്തിലെ ചിത്രീകരണത്തിന് തടസ്സമുണ്ടാകുമെന്ന് കരുതി സര്‍വ സന്നാഹത്തോടെയാണ് സംഘം പെരുവയിലെത്തിയത്. നടന്‍ പ്രഭാസ്, നടി അനുഷ്‌ക തുടങ്ങി 100 ഓളം പേര്‍ ഉള്‍പ്പെട്ട സംഘമാണ് ഷൂട്ടിങ്ങിനായി കണ്ണവം വനത്തിലെത്തിയത്. ഇവിടെ തടസ്സങ്ങളില്ലാതെ ഷൂട്ടിങ് പൂര്‍ത്തിയാക്കാനും രാജമൗലിയുടെ സംഘത്തിന് കഴിഞ്ഞു