മധ്യ അമേരിക്കയിലെ സ്വര്‍ണഖനി എന്നാണ് കോസ്റ്ററീക്ക അറിയപ്പെടുന്നത്. എന്നാല്‍ കാപ്പി വിറ്റു ജീവിക്കുന്ന ഒരു പാവം രാജ്യമാണ് ഇത്. തികച്ചും കേരളീയമായ ഒരു സൗന്ദര്യം പക്ഷെ അടിമുടി അതിനെ ചൂഴ്ന്നു നില്‍ക്കുന്നുണ്ട്. ആരെയും പ്രലോഭിപ്പിക്കുന്ന ആത്മസൗന്ദര്യം!

ഐ.ടി മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് ഗോളാന്തരയാത്രകള്‍ പുതുമയല്ല. പക്ഷേ ഹണിമൂണ്‍ ടൂറിസത്തിന് പേരെടുത്ത കോസ്റ്ററീക എന്ന മദ്ധ്യഅമേരിക്കന്‍ രാജ്യത്തേക്ക് യാത്ര തിരിച്ച എന്നോട് യു.എസ്. ഇമ്മിഗ്രേഷന്‍ ഓഫീസര്‍ ചോദിച്ചു.  ''കോസ്റ്ററീക്കയിലേക്ക് തനിച്ചോ?'' ചിരിയില്‍ മറുപടിയൊതുക്കി ഞാന്‍ യാത്രയായി.

സാധാരണ വിദേശയാത്രകളേക്കാള്‍ പ്രയാസമേറിയതാണ് മദ്ധ്യഅമേരിക്കന്‍ നാടുകളിലേക്കുള്ള യാത്ര. എന്റെ കമ്പനിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം കോസ്റ്ററീക്കയില്‍ നടക്കുന്നു. അതിനോടനുബന്ധിച്ച് ചെയ്യേണ്ട മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഞാന്‍ പോകുന്നത്. ചെന്നൈയില്‍ നിന്ന് ഫ്രാന്‍ക്ഫര്‍ട് വഴി ന്യൂയോര്‍ക്ക്. ന്യൂയോര്‍ക്കില്‍ നിന്ന് 5 മണിക്കൂര്‍, മയാമിയില്‍ നിന്ന് 4 മണിക്കൂര്‍. ട്രാന്‍സിറ്റ് സമയം കൂടി കൂട്ടിയാല്‍ 32 മണിക്കൂര്‍ വേണം ഇന്‍ഡ്യയില്‍ നിന്ന് കോസ്റ്ററീക്കയുടെ തലസ്ഥാനമായ 'സാനോസെ'യിലേക്ക്.

രസകരമായിരുന്നു എന്റെ തുടക്കം. കറുത്ത കണ്ണുകളും മുടിയും പുരികവും കണ്ട് ഞാനേതോ സ്പാനിഷ്‌കാരിയാണെന്ന് അവര്‍ ധരിച്ചുവെന്നു തോന്നുന്നു. എല്ലാവരും എന്നോട് സ്പാനിഷ് ഭാഷയിലാണ് സംസാരം തുടങ്ങുന്നത്. ഇന്ത്യാക്കാരിയാണ് എന്നു തിരുത്തുമ്പോള്‍ കണ്ണുകളില്‍ കൗതുകവും അത്ഭുതവും. 'രേഖ' എന്ന പേരു കൂടി കേള്‍ക്കുമ്പോള്‍ അതൊരു കുസൃതിച്ചിരിയില്‍ കലരുന്നു. 'റീഖ' എന്നാല്‍ സ്പാനിഷില്‍ 'അതീവരുചികരം' എന്നാണത്രെ അര്‍ഥം!

 

Costa Rica

 

കോസ്റ്ററീക്കയില്‍ എന്റെ ഗൈഡ് അഡോള്‍ഫോ ബോറില്ല ആയിരുന്നു. ഗൈഡല്ല, അവിടത്തെ ഓഫീസിലെ ഒരു സഹപ്രവര്‍ത്തകന്‍. സുമുഖന്‍. സുന്ദരന്‍. അയാളില്‍നിന്ന് കോസ്റ്ററീക്കയുടെ ചരിത്രവും പഴങ്കഥകളും കേള്‍ക്കാന്‍ നല്ല രസമായിരുന്നു. ചിലപ്പോള്‍ ഞാനിത് യാത്രാവിവരണമായി ഞങ്ങളുടെ നാട്ടിലെ മാസികയില്‍ എഴുതുമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ കൂടുതല്‍ വാചാലനായി.

ഒരു സാധാരണ ഏഷ്യന്‍ നഗരത്തിന്റെ ഛായയാണ് സാനോസെയ്ക്ക്. ഇടുങ്ങിയ റോഡുകള്‍. കെട്ടിടങ്ങള്‍ പഴയതും പുതിയതും ഇടകലര്‍ന്ന്. നഗരത്തില്‍ നിന്ന് എളുപ്പം എത്താവുന്നത്ര തുല്യദൂരത്തില്‍ മലകളും ബീച്ചും, കേരളത്തിലേതുപോലെ. പക്ഷെ ഹര്‍ത്താലെന്ന ബന്ദുകളോ, പോലീസ് സേനയോ, പട്ടാളമോ, പ്രതിരോധ മന്ത്രാലയമോ ഒന്നുമില്ലാത്ത രാജ്യം. സമാധാന പ്രിയരായ മനുഷ്യര്‍. വടക്ക് നീക്കരാഗ്വ, തെക്ക് പനാമ, കിഴക്ക് കരീബിയന്‍ കടല്‍, പടിഞ്ഞാറ് ശാന്തസമുദ്രം- ജനസംഖ്യയാവട്ടെ, കേരളത്തെക്കാള്‍ അല്‍പ്പം കൂടുതല്‍ -നാലര കോടി മാത്രം.

'കോസ്റ്ററീക്ക' എന്നാല്‍ സ്പാനിഷില്‍ 'സമ്പന്നമായ കടല്‍ത്തീരം' എന്ന് അര്‍ത്ഥം. 1502ല്‍ കൊളമ്പസ് ആണ് രാജ്യത്തിന് ഈ പേര് നല്‍കിയതത്രെ. സ്വര്‍ണ്ണത്തിന്റെ വന്‍ശേഖരം ഇവിടെ ഉണ്ടെന്നായിരുന്നു വിശ്വാസം. നീക്കരാഗ്വ, ഗോട്ടിമാല, എല്‍സാല്‍വദോര്‍ എന്നീ മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍ക്കൊപ്പം കോസ്റ്ററീക്കയും അങ്ങിനെ സ്‌പെയിന്റെ കോളനി ആയി. നൂറ്റാണ്ടുകള്‍ നീണ്ട കോളനി വാഴ്ചക്കു ശേഷം 1868 സെപ്റ്റംബര്‍ ഒന്നിനാണ് സ്‌പെയിന്‍ ഈ രാജ്യങ്ങള്‍ക്കെല്ലാം സ്വാതന്ത്ര്യം നല്‍കിയത്. രസം അതല്ല, ആ വിവരം കോസ്റ്ററീക്കയിലറിയുന്നത് ഒക്‌ടോബര്‍ 29നാണത്രെ. രണ്ടു മാസത്തോളം യാത്ര ചെയ്ത് ഒരു വിദ്വാന്‍ കുതിരപ്പുറത്തെത്തി വിവരം അറിയിച്ചപ്പോഴാണ് അവര്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്!

 

Costa Rica

 

1949ല്‍ പട്ടാളഭരണം അവസാനിപ്പിച്ച ആദ്യത്തെ ലാറ്റിനമേരിക്കന്‍ രാജ്യമാണ് കോസ്റ്ററീക്ക. ഒരു പാട് ദാരിദ്ര്യം അനുഭവിച്ച ഈ നാട് രക്ഷപ്പെട്ടത് കാപ്പി കൃഷി ചെയ്യാന്‍ തുടങ്ങിയതോടെയാണ്. 1843ലായിരുന്നു അത്. യൂറോപ്പിലേക്ക് വന്‍തോതില്‍ കാപ്പി കയറ്റി അയക്കുന്ന രാജ്യമായി ഇന്ന് കോസ്റ്ററീക്ക വളര്‍ന്നിരിക്കുന്നു. അതിനു വേണ്ടി ദുര്‍ഘടം പിടിച്ച മലനിരകളിലൂടെ ഒരു റെയില്‍പ്പാത തന്നെ അവര്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ ടൂറിസം, ഐടി മേഖലകളിലും ചുവടുറപ്പിച്ചു തുടങ്ങി. ആഗസ്റ്റ് 15ന് അവര്‍ മദേഴ്‌സ്‌ഡേയും സപ്തംബര്‍ 4ന് സ്വാതന്ത്ര്യദിനവും ആഘോഷിക്കുന്നു.

ഇത്രയും ചരിത്രപഠനം കഴിഞ്ഞപ്പോഴേക്കും ഞാന്‍ തളര്‍ന്നു. ഇനി നമുക്ക് നാടുകാണാമെന്നായി ഞാന്‍. വാരാന്ത്യമായതുകൊണ്ട് സാനോസെയിലെ തെരുവുകളില്‍ നല്ല ആള്‍ത്തിരക്ക്. എല്ലാരും വളരെ സൗഹൃദത്തോടെ പെരുമാറുന്നു. മെക്‌സിക്കന്‍, സ്പാനീഷ്, കോസ്റ്ററീക്കന്‍ പൗരന്മാരെല്ലാം വളരെ അടുത്തിടപഴകുന്നു. അയല്‍ രാജ്യമായ നിക്കരാഗ്വയുടെ പേരു പറയുമ്പോള്‍ കുറച്ചൊരു ശങ്കയാണ് മുഖത്ത്. നമ്മള്‍ ഇന്ത്യക്കാര്‍ക്ക് പാക്കിസ്ഥാന്‍ എന്ന് കേള്‍ക്കുന്ന പോലെ. സ്ത്രീകളും പുരുഷന്മാരും ഇഷ്ടംപോലെയുള്ള വസ്ത്രധാരണം. നമ്മുടെ നാട്ടിലേതു പോലെ തുറിച്ചുനോട്ടമെന്ന മര്യാദക്കുറവ് ഇല്ല തന്നെ.

പാളയം ചന്തപോലെ തോന്നും സനോസയിലെ സെന്‍ട്രല്‍ മാര്‍ക്കറ്റ്- എല്ലാപഴങ്ങളും പച്ചക്കറികളും കിട്ടും. പക്ഷെ വില വളരെ കൂടുതലാണ്. ടൂറിസംകൊണ്ട് ജീവിക്കുന്ന രാജ്യമായതിനാലാവാം, (പിന്നെ, കാപ്പി കൂടാതെ ഒന്നും കൃഷി ചെയ്യുന്നുമില്ലല്ലോ) എല്ലാം ഇറക്കുമതി തന്നെ. അവരുടെ പ്രത്യേകത കാപ്പിയാണ്. വ്യത്യസ്ത സ്ഥലങ്ങളില്‍ കൃഷി ചെയ്യുന്ന കാപ്പി വിവിധ ബ്രാന്‍ഡുകളിലാണ് വില്‍ക്കുന്നതും കയറ്റുമതി ചെയ്യുന്നതും. ഞങ്ങള്‍ കാപ്പി വാങ്ങിക്കാന്‍ കയറിയ കടയില്‍ സുന്ദരികളായ രണ്ടു പെണ്‍കുട്ടികള്‍ കാപ്പിയുണ്ടാക്കി രുചിക്കാന്‍ തന്നു. ഏത് തരമാണ് നല്ലതെന്നു മനസ്സിലാക്കി, അതിന് ഓര്‍ഡര്‍ കൊടുക്കാം. കൂടെയുണ്ടായിരുന്ന ഇന്ത്യന്‍ സഹപ്രവര്‍ത്തകര്‍ക്ക് രുചിച്ചിട്ടും രുചിച്ചിട്ടും തിരഞ്ഞെടുക്കാന്‍ വലിയ പ്രയാസം. കാരണം മനസ്സിലായല്ലൊ!

Costa Rica

എന്നെ ഏറ്റവും ആകര്‍ഷിച്ച ഒരു വിശേഷവസ്തു അവിടെ കിട്ടുന്ന മുഖംമൂടികളാണ്. മരത്തില്‍ കൊത്തിയെടുത്ത മുഖംമൂടികള്‍. ശ്രീലങ്ക, മലേഷ്യ, ഇന്‍ഡൊനേഷ്യ തുടങ്ങി ഒരുപാട് സ്ഥലങ്ങളില്‍ നിന്നുള്ള മുഖംമൂടികളുടെ ശേഖരം തന്നെയുള്ള എനിക്ക് ലാറ്റിന്‍ അമേരിക്കന്‍ മുഖംമൂടികളോടു വലിയ പ്രിയം തോന്നി. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മരത്തില്‍ നിന്ന് നിര്‍മ്മിച്ച ബുരാക്കാ മാസ്‌ക്കാണ് കൂട്ടത്തില്‍ ഏറ്റവും വില പിടിച്ചത്. 875 ഡോളര്‍. ആദിവാസികള്‍ ആചാരങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കുമായി പ്രത്യേകം ഉണ്ടാക്കി ധരിക്കുന്ന വിവിധതരം മുഖംമൂടികളും അവിടെ കണ്ടു.

ഭക്ഷണമാണ് രസം. പന്നിയാണ് പ്രധാന മെനു. അതിന്റെ എല്ലാ അവയവങ്ങളും വിവിധ രൂപങ്ങളില്‍ മേശപ്പുറത്ത് പൊരിച്ചും വേവിച്ചും വരും. കൂടാതെ മാട്ടിറച്ചിയും, രാജ്മ ബീന്‍സും ബേക്ക് ചെയ്ത് കഴിക്കുന്നതും സാധാരണം. ഭക്ഷണത്തില്‍ അമേരിക്കന്‍ സ്വാധീനം നന്നായി കാണാം. വിലയും കൂടുതല്‍ തന്നെ. അമേരിക്കയേക്കാള്‍ ജീവിത ചെലവ് കൂടുതലാണ് ഇവിടെ. ഒരു കുപ്പി വെള്ളത്തിന് എട്ടു ഡോളര്‍. കേരളീയര്‍ക്ക് 'ക്ഷ' പിടിക്കുന്ന ഒരു കാര്യം പറയാം. വെള്ളത്തിനേക്കാള്‍ വിലക്കുറവാണ് ലോക്കല്‍ മദ്യത്തിന്. അവിടെത്തന്നെ ഉണ്ടാക്കുന്ന ടെന്റിനാറോ എന്ന റമ്മിന് മാത്രം വലിയ വിലയാണ്.

സന്ധ്യക്ക് 6 മണിയോടെ കടകളെല്ലാം അടക്കും. രാത്രികള്‍ നിശ്ശബ്ദം. കടകളില്‍ ചെന്നാല്‍ വലിയ സൗഹൃദമാണ്. കൂട്ടത്തിലൊരു കടയില്‍ അനുഭവിച്ച പാരുഷ്യം കണ്ടപ്പോള്‍ ഞാന്‍ ഉടമസ്ഥനെത്തിരക്കി. അത് ഇന്ത്യന്‍ കടയായിരുന്നു! പട്ടണത്തിന്റെ പാര്‍ശ്വത്തിലുള്ള ചില സ്ഥലങ്ങളില്‍ പോകരുത് എന്ന് അഡോല്‍ഫോ പറഞ്ഞു. അപകടമാണത്രെ. ഇവിടെ സിനിമ തിയ്യറ്ററുകളില്ല. ഫുട്ബാള്‍ ആണ് എല്ലാവരുടെയും മനസ്സിലും ടിവിയിലും.

സ്ത്രീകള്‍ നല്ല സുന്ദരികളാണ്. സ്വതന്ത്രസ്വഭാവികളും നന്നായി വേഷം ധരിക്കുന്നവരുമാണ്. യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം വളരെ ചെലവുള്ള ഏര്‍പ്പാടായതിനാല്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ജോലിയെടുത്ത് പൈസയുണ്ടാക്കിയാണ് പഠിക്കുന്നത്. ടൂറിസം മേഖലയിലും കടകളിലും എല്ലാം ഇങ്ങിനെയുള്ള കുട്ടികളാണ് അധികം.

വിവാഹം വലിയ ഒരു സംഭവമാണ,് ഇന്ത്യയിലെപ്പോലെ അവിടെയും. രണ്ട് കുടുംബങ്ങളും പങ്കെടുത്ത് വിരുന്നുകള്‍ നടത്തി ആഘോഷിക്കുന്ന ഉത്സവം. 60000 ഡോളര്‍ വരെ ഒരു ഇടത്തരം കുടുംബം ഇതിനായി ചിലവാക്കുമത്രെ. കുടുംബബന്ധങ്ങള്‍ വളരെ ശക്തമാണ്. ഇതിനിടയില്‍ ചില അവിവാഹിതകളായ അമ്മമാരും ഉണ്ട്, കേട്ടൊ.

അരീനല്‍ എന്ന, എന്നും പുകയുന്ന അഗ്നിപര്‍വ്വതമാണ് കോസ്റ്ററീക്കയിലെ മറ്റൊരു ആകര്‍ഷണം. വലിയൊരു ടൂറിസ്റ്റ് കേന്ദ്രമാണ് ഈ പര്‍വ്വതത്തെ കേന്ദ്രീകരിച്ച് വളര്‍ന്നിരിക്കുന്നത്. സനോസയില്‍ നിന്ന് 90 കി.മീറ്റര്‍ ദൂരം. പച്ച പുതച്ച മലയോരങ്ങളും താഴ്‌വാരങ്ങളും താണ്ടി കയറിയിറങ്ങുന്ന മലമ്പാത. നമ്മുടെ കോട്ടയം, റാന്നി, ശബരിമല റൂട്ട്‌പോലെ തോന്നും. 5000 അടി ഉയരത്തില്‍ തീയും പുകയും തുപ്പുന്ന ഈ പര്‍വതം കണ്ടാല്‍ തീപാറുന്ന കണ്ണുകളാല്‍ ശപിക്കാന്‍ നില്‍ക്കുന്ന ദുര്‍വാസാവിന്റെ കഥ ഓര്‍മ്മ വരും. 1968ലാണ് മൂപ്പര് ആദ്യം തീ തുപ്പിയത്. 1998ല്‍ 28 പ്രാവശ്യം പൊട്ടിയത്രെ. 2010ലായിരുന്നു അവസാനത്തെ പ്രകടനം. ഇപ്പോള്‍ ശാന്തനാണ്. പുക മാത്രമാണ് വരുന്നത്. അവര്‍ പറയുന്നത,് മുഖക്കുരുപോലെ ഇവന്‍ അമരുമ്പോള്‍ മറ്റൊരുവന്‍ അടുത്തുതന്നെ പൊട്ടിയേക്കാം എന്നാണ്.  

അരീനലിലേക്കു പോകുന്ന വഴി പോലും നല്ല രസമാണ്. ഉടനീളമുണ്ട്, ചെറിയ ചെറിയ അങ്ങാടികള്‍- അടിമാലിയൊക്കെ ഉള്ളതു പോലെ. സന്ദര്‍ശകര്‍ക്ക് ഭക്ഷണവും വെള്ളവും വാങ്ങാം. അങ്ങിനെയൊരിടത്ത് വെച്ച് അവിടത്തെ സെനറ്ററേയും കണ്ടു. ഒട്ടും ഔപചാരികതയില്ല. എല്ലാരും അദ്ദേഹത്തെ പുണരുന്നു. അഭിവാദ്യം ചെയ്യുന്നു. കൂട്ടത്തില്‍ ഒരു ലോട്ടറി കച്ചവടക്കാരന്‍, പഴക്കച്ചവടക്കാരന്‍ ഒക്കെയുണ്ട്. സൗഹൃദത്തില്‍ എല്ലാവരും സമൃദ്ധര്‍. അടിവാരങ്ങളില്‍ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ധാരാളം റിസോര്‍ട്ടുകളുമുണ്ട്. പുകയുന്ന അഗ്നിപര്‍വതം അവര്‍ക്കൊരു പ്രശ്‌നമേയല്ല.

Costa Rica

ഓരോ യാത്രയിലും മറക്കാനാവാത്ത എന്തെങ്കിലും ഒരനുഭവം ഉണ്ടാവും. ഇവിടെ അത്, കോസ്റ്ററീക്കയിലെ ഏറ്റവും വലിയ അഡ് വന്‍ഞ്ചര്‍ സ്‌പോര്‍ട്ട് ആയ സിപ് ലിര്‍സ് സവാരിയായിരുന്നു. എട്ടു മലകളെ കൂട്ടിയിണക്കി, ബലത്തില്‍ ഉറപ്പിച്ചിരിക്കുന്ന ഒരു ഇരുമ്പിന്റെ ദണ്ഡ്. അതില്‍നിന്ന് തൂങ്ങിക്കിടക്കുന്ന വേറൊരു ദണ്ഡ്. ഇത് സവാരിചെയ്യുന്ന ആളിന്റെ അരക്കെട്ടില്‍ ബലമായി ഉറപ്പിക്കും. നമ്മള്‍ മുകളിലേക്ക് നോക്കി മലര്‍ന്ന് കിടന്ന് കാലുകള്‍ മുട്ടിനു താഴെ പിണച്ചുവെക്കണം. ആകാശം മുകളില്‍, മലഞ്ചെരുവുകളും കടലും എല്ലാ ദൂരെ താഴെ. തള്ളിവിട്ടാല്‍ നമ്മള്‍ തനിയെ മുകളിലെ വടിയിലൂടെ ഉരസിനീങ്ങാന്‍ തുടങ്ങും. എന്തായാലും കാലുകളുടെ പിണച്ചുവെക്കുന്ന സ്ഥിതി മാറരുത്. മാറിയാല്‍ വണ്ടിനില്‍ക്കും. പിന്നെ പതിയെ കൈകള്‍കൊണ്ട് തുഴഞ്ഞ് അടുത്ത മല വരെ എത്തണം. വലിയ ദുര്‍ഘടമാണ് അത്. ഞങ്ങള്‍ ഏഴുപേരും വലിയ ധൈര്യത്തില്‍ പുറപ്പെട്ടു. ഗൈഡ് വേണ്ട നിര്‍ദ്ദേശങ്ങളൊക്കെ തന്നു.  ക്ലാബ്രിയല്‍ എന്ന പയ്യനാണ് എന്നെ അഭ്യസിപ്പിച്ചത്. ലിയോണാഡോ ഡികാപ്രിയോവിന്റെ ഛായയുള്ള സുന്ദരന്‍. അവനും കോളേജ് പഠനത്തിന് പണം സമ്പാദിക്കാനാണ് ഈ പണിക്ക് വന്നിരിക്കുന്നത്.

യാത്ര തുടങ്ങി. ആദ്യത്തെ ധൈര്യമൊക്കെ പോയി. കൂടെയുള്ളവരും അതേ സ്ഥിതി തന്നെ. പേടിച്ചു വിറച്ച്. അതിനിടെ അതാ, എന്റെ കാലിന്റെ പൊസിഷന്‍ മാറി. വണ്ടി നിന്നു. ശരിക്കും ത്രിശങ്കുവില്‍! ആകാശത്ത് തൂങ്ങിനിന്ന എന്നെ ഗൈഡ് വന്ന് സഹായിച്ച് നിലത്തെത്തിച്ചു. എന്റെ സഹയാത്രികര്‍ക്കും ഒട്ടും മോശമല്ലാതെ ഈ സ്ഥിതി തന്നെ. മറക്കില്ല ആ യാത്ര, ജീവിതം മുഴുവന്‍.

അടുത്ത ദിവസം ഞങ്ങളുടെ കമ്പനിയുടെ ഉദ്ഘാടനമായിരുന്നു. പ്രസിഡണ്ടായിരുന്നു പ്രധാന അതിഥി. അമേരിക്കന്‍ ഔദ്യോഗിക വേഷത്തില്‍ വന്ന, വളരെ പ്രൗഢയും സുന്ദരിയും ആയ വനിത. ലോറ ചിംചിജ. കോസ്റ്ററിക്കന്‍ പ്രസിഡണ്ടായ ശേഷം രാജ്യത്തെ അവര്‍ സിലിക്കന്‍ വാലി ഓഫ് സെന്‍ട്രല്‍ അമേരിക്ക എന്ന പദവിയിലേക്ക് ഉയര്‍ത്തി. അവിടത്തെ ഐ.ടി.സംരംഭങ്ങളില്‍ ആദ്യം കാലുറപ്പിച്ചത് എച്ച്.പി. പോലെയുള്ള ലോക ഭീമന്‍മാര്‍. പിന്നീടാണ് ഞങ്ങളെപ്പോലെ മദ്ധ്യനിരയിലുള്ളവര്‍ എത്തിയത്. ബഹുഭാഷാ പരിജ്ഞാനമുള്ള കോസ്റ്ററിക്കന്‍ യുവജനങ്ങള്‍ക്ക് അങ്ങിനെ പുതിയ ഒരു ലോകം തുറന്നു. ഞാന്‍ പ്രസിഡണ്ടുമായി ചെയ്ത മുഖാമുഖം പരിപാടിയില്‍ അവര്‍ പങ്കുവെച്ച സ്വപ്നം രാജ്യത്തെ ഓരോപൗരനും ഒരു ഐ.ടി അംബാസിഡര്‍ ആകണം എന്നതാണ്. എന്നോട് സംസാരിച്ചു തുടങ്ങിയപ്പോള്‍ അവര്‍ തികച്ചും ഒരു വീട്ടമ്മയായി. മൂന്നു കുട്ടികള്‍, അവരുടെ പഠിത്തം, വളര്‍ച്ച, എല്ലാത്തിനും പ്രചോദനം നല്‍കുന്ന ഭര്‍ത്താവ്. കുടുംബവും ജോലിയും ഒരുമിച്ചു നടത്തുന്ന ഒരു ഇന്ത്യന്‍ വീട്ടമ്മ തന്നെ.

അങ്ങിനെ ഏഴു പകലുകളുടെ ലാറ്റിന്‍ അമേരിക്കന്‍ ഓര്‍മ്മച്ചെപ്പുമായി ഞാന്‍ മടങ്ങി. അവരുടെ അഭിവാദനം “Puravida (Life is full on), ഏതോ സ്പാനീഷ് നടന്‍ ഒരു സിനിമയില്‍ പറഞ്ഞ പഞ്ച് ലൈന്‍, ആണ്. പരസ്പരം വിടവാങ്ങലായി അതവര്‍ ആവര്‍ത്തിക്കുന്നു.

ഞാനും പറയട്ടെ, എന്റെ കോസ്റ്ററീക്കന്‍ സുഹൃത്തുക്കളോട്: Puravida.