കൊടകര: തേശ്ശേരിയില്‍ മരണവീട്ടിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ഭാര്യാസഹോദരന്റെ കുത്തേറ്റയാള്‍ മരിച്ചു.കൊടകര  മരത്തോമ്പിള്ളിയില്‍ ചേമ്പാട്ട് വീട്ടില്‍ രാജന്‍ (49) ആണ് മരിച്ചത്. സംഭവത്തില്‍ പേരാമ്പ്ര തേശ്ശേരി ഏണാഞ്ചേരി വീട്ടില്‍ ഗോപാലകൃഷ്ണന്‍ (47) അറസ്റ്റിലായി.ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.

പോലീസ് പറയുന്നതിങ്ങനെ: ഭാര്യ സുജാതയുടെ അമ്മ അമ്മിണി മരിച്ചതിനെത്തുടര്‍ന്നാണ് രാജന്‍ കുടുംബവുമൊത്ത് തേശ്ശേരിയിലെത്തിയത്. രാത്രി മകന്‍ ഗോപാലകൃഷ്ണന്‍ മൃതശരീരത്തിനരികെയിരുന്ന് സഹോദരിമാരെക്കുറിച്ച് മോശമായ കാര്യങ്ങള്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. രാജന്‍ ഇയാളെ മൃതശരീരത്തിനരികില്‍നിന്ന് മാറ്റാന്‍ ശ്രമിച്ചു.ഇതോടെ ഇരുവരും വാക്കേറ്റത്തിലായി. ഗോപാലകൃഷ്ണന്‍ രാജനെ ചവിട്ടിയശേഷം വീടിന്റെ വരാന്തയിലിരുന്ന കത്തിയെടുത്ത് നെഞ്ചില്‍ കുത്തുകയായിരുന്നു.

gopalakrishnan
ഗാപാലകൃഷ്ണന്‍

ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയില്‍ രാജനെ സമീപവാസികളും ബന്ധുക്കളുംചേര്‍ന്ന് ചാലക്കുടിയിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിവരമറിഞ്ഞ് രാത്രി തന്നെ കൊടകര പോലീസ് സംഭവസ്ഥലത്തെത്തി ഗോപാലകൃഷ്ണനെ(47) പിടികൂടി.
കൊടകരയിലെ സി.ഐ.ടി.യു. അംഗമായ ചുമട്ടുതൊഴിലാളിയാണ് മരിച്ച രാജന്‍.മക്കള്‍: ഹൃതിക്, ഹൃദോഷ്, ഹൃദുല്‍. പ്രതി ഗോപാലകൃഷ്ണന്‍ അപ്പോളോ ടയേഴ്സ് ജീവനക്കാരനാണ്.