മെഡിക്കല്‍ കോളേജ് സബ് ട്രഷറി ഫയലിന് ജീവന്‍ വെക്കുന്നു

Posted on: 23 Dec 2012മുളങ്കുന്നത്തുകാവ്:ഗവ. മെഡിക്കല്‍ കോളേജ് ആസ്ഥാനമായുള്ള സബ് ട്രഷറിയുടെ ഫയലിന് വീണ്ടും ജീവന്‍ വെക്കുന്നു. സബ് ട്രഷറിയുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ ഭാഗമായി ജില്ലാ ട്രഷറി ഓഫീസര്‍ മെഡിക്കല്‍ കോളേജില്‍ ട്രഷറിക്ക് ഒരുക്കിയ ലക്ചര്‍ ഹാള്‍ സന്ദര്‍ശിച്ചു. സംസ്ഥാന ട്രഷറി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍ 26ന് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തും.

ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മെഡിക്കല്‍ കോളേജ് വികസന യോഗത്തില്‍ സബ് ട്രഷറിയുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനിച്ചത്. മന്ത്രിയുടെ ഓഫീസില്‍നിന്ന് സംസ്ഥാന ട്രഷറി ഡയറക്ടറുമായി ബന്ധപ്പെടുകയും ഫയലുകള്‍ പരിശോധിക്കുകയും ചെയ്തു.

ജില്ലാ ട്രഷറി ഓഫീസര്‍ സി.യു. ജയകുമാറിന്റെ നേതൃത്തിലുള്ള സംഘം ശനിയാഴ്ച മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി. പ്രിന്‍സിപ്പല്‍ ഡോ. സി. സുധീന്ദ്രഘോഷുമായി ഇവര്‍ ചര്‍ച്ച നടത്തി. ട്രഷറി സീനിയര്‍ അക്കൗണ്ടന്റ് ചാക്കോ ആന്റണി, കെ. ഉണ്ണികൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ടി.എ. മോഹനന്‍, അക്കൗണ്ട്‌സ് ഓഫീസര്‍ വേലായുധന്‍, പി.ബി. മുരളീധരന്‍, കെ.എന്‍. നാരായണന്‍, ഇ. മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലക്ചര്‍ ഹാളില്‍ ട്രഷറിക്കാവശ്യമായ കൗണ്ടറുകള്‍, ഇലക്ട്രിസിറ്റി, ടോയ്‌ലെറ്റ് സംവിധാനങ്ങള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. സബ് ട്രഷറിക്കായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞെങ്കിലും മാസങ്ങളായി ഇതിന് തീരുമാനമാകാതെ കിടക്കുകയായിരുന്നു. നോണ്‍ ബാങ്കിങ് സംവിധാനത്തില്‍ ട്രഷറി പ്രവര്‍ത്തനം ആരംഭിക്കാന്‍ ഫിബ്രവരിയിലാണ് ഉത്തരവായത്.

More News from Thrissur