കാറളം പുല്ലത്തറ പാലവും റോഡും ഇന്ന് തുറക്കും

Posted on: 23 Dec 2012ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തില്‍ 5.49 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പാലത്തിന്റെയും അനുബന്ധ റോഡിന്റെയും ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നിര്‍വ്വഹിക്കുമെന്ന് അഡ്വ. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. പത്രസമ്മേളനത്തില്‍ അറിയിച്ചു. പി.സി. ചാക്കോ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്‍, കാറളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. ഓമന, നബാര്‍ഡ് എജിഎം പി.ടി. ഉഷ, അനിത രാധാകൃഷ്ണന്‍, ഐ.ഡി. ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിക്കും. 17.7 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയുമുള്ള മൂന്ന് സ്​പാനുകളായിട്ടാണ് പാലം നിര്‍മ്മിച്ചിട്ടുള്ളത്. ഇതിനുപുറമെ 1.5 മീറ്റര്‍ വീതിയുള്ള നടപ്പാതകളും പാലത്തിന് ഇരുവശത്തുമായിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന പാലം മഴക്കാലത്ത് വെള്ളം കയറിയാല്‍ മുങ്ങിപ്പോകുന്ന അവസ്ഥയിലായിരുന്നു. ഇതില്ലാതിരിക്കാന്‍ ഇരുവശവും മണ്ണിട്ട് ഉയര്‍ത്തിയാണ് പാലം പണിതീര്‍ത്തിരിക്കുന്നത്. പാലത്തിനോട് ചേര്‍ന്ന റോഡ് 60 ലക്ഷം ചെലവഴിച്ച് പുതുക്കിപ്പണിതതായും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു.

More News from Thrissur