കിണറ്റില്‍ വെള്ളമില്ല; കുടിവെള്ള പദ്ധതികളുടെ പമ്പിങ് നിലയ്ക്കുന്നു

Posted on: 23 Dec 2012കുന്നംകുളം: ചെറുകിട കുടിവെള്ള പദ്ധതികളുടെ കിണറ്റിലെ ജലനിരപ്പ് താഴ്ന്നതോടെ പമ്പിങ് നിര്‍ത്തിവെയ്ക്കാന്‍ വാട്ടര്‍ അതോറിറ്റി ആലോചിക്കുന്നു. കഴിഞ്ഞ ഏപ്രില്‍-മെയ് മാസങ്ങളിലെ നിലയിലേക്ക് കിണറുകളിലെ കുടിവെള്ളം താഴ്ന്നതോടെയാണ് പമ്പിങ് നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള ഒമ്പത് പമ്പുഹൗസുകളിലെ കിണറുകളിലാണ് ജലനിരപ്പ് താഴ്ന്നത്. ഗുരുവായൂര്‍, കടപ്പുറം, പാവറട്ടി, വെങ്കിടങ്ങ്, ഏങ്ങണ്ടിയൂര്‍ എന്നിവിടങ്ങളിലെ കിണറുകളിലാണ് വെള്ളം വറ്റി ത്തുടങ്ങിയത്. ഒരു മാസത്തെ വിതരണത്തിനുള്ള ജലനിരപ്പാണ് കിണറുകളിലുള്ളത്.

വേനല്‍ കടുക്കുന്നതോടൊപ്പം മേഖലയില്‍ ശുദ്ധജലക്ഷാമവും നേരിടും. പാവറട്ടി ശുദ്ധജലവിതരണ പദ്ധതിയിലെ വെള്ളം ഈ പ്രദേശങ്ങളിലേക്ക് എത്തിക്കാന്‍ കഴിയാത്തതുകൊണ്ട് പൊതുജനങ്ങള്‍ കുടിവെള്ളത്തിന് മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടിവരും. വാട്ടര്‍ അതോറിറ്റി ചെറുകിട കുടിവെള്ള പദ്ധതികള്‍ വഴിയാണ് മേഖലയില്‍ ശുദ്ധജലവിതരണം നടത്തിവന്നത്. പഞ്ചായത്തുകള്‍ നടത്തുന്ന കുടിവെള്ള പദ്ധതികളിലെ കിണറുകളിലും വെള്ളം ഇരിന്നിട്ടുണ്ട്.

2,250 കുടുംബങ്ങള്‍ക്കാണ് ഒമ്പതു പമ്പുഹൗസ് വഴി കുടിവെള്ളം വിതരണം ചെയ്യുന്നത്. ജനവരി 15 വരെ വിതരണം ചെയ്യാനുള്ള കുടിവെള്ളമാണ് കിണറുകളില്‍ ഉള്ളത്. മഴ കിട്ടുന്ന മെയ് വരെ കുടിവെള്ളത്തിന് പകരം സംവിധാനത്തെക്കുറിച്ച് ആലോചിക്കുകയാണ് വാട്ടര്‍ അതോറിറ്റി.

More News from Thrissur