സുരക്ഷാ സന്ദേശവുമായി സാന്താക്ലോസ് തീവണ്ടിയില്‍

Posted on: 23 Dec 2012തൃശ്ശൂര്‍: 'നമ്മുടെ രക്ഷ നമ്മുടെ കൈകളില്‍', 'യാത്രയില്‍ സദാ ജാഗ്രത പാലിക്കുക' തുടങ്ങിയ ലഘുസന്ദേശക്കുറിപ്പുകള്‍ യാത്രക്കാര്‍ക്ക് സമ്മാനിച്ചുള്ള സാന്താക്ലോസിന്റെ ട്രെയിന്‍ യാത്ര ജാഗ്രതാ സന്ദേശയാത്രയായി. ഡല്‍ഹിയില്‍ നടന്ന പീഡനസംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ട്രെയിന്‍ സീസണ്‍ പാസഞ്ചേഴ്‌സിന്റെ ആലപ്പി എക്‌സ്​പ്രസ് ഫേസ്ബുക്ക് സൗഹൃദകൂട്ടായ്മ ജാഗ്രതാ സന്ദേശവുമായി സാന്താക്ലോസിനെ രംഗത്തിറക്കി ക്രിസ്മസ് ആഘോഷം നടത്തിയത്. ചെന്നൈയില്‍നിന്ന് ആലപ്പുഴ വരെ പോകുന്ന ചെന്നൈ-ആലപ്പി എക്‌സ്​പ്രസ്സില്‍ വടക്കാഞ്ചേരി സ്റ്റേഷന്‍ മുതലാണ് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഓരോ കമ്പാര്‍ട്ടുമെന്റുകളും കയറിയിറങ്ങി യാത്രക്കാരായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മധുരപലഹാരങ്ങളും ബലൂണുകളും സമ്മാനിച്ചു.

ഡല്‍ഹി സംഭവത്തില്‍ കുറ്റവാളികളായവര്‍ക്ക് വധശിക്ഷ നല്‍കി മാതൃകാപരമായി ശിക്ഷിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു. വിഷയവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന പ്രതികരണങ്ങള്‍ സമാഹരിച്ച് പ്രധാനമന്ത്രിക്കും ഡല്‍ഹി മുഖ്യമന്ത്രിക്കും അയച്ചുകൊടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പരിപാടികള്‍ക്ക് ബെന്നി തരകന്‍, സിനോജ്, ഫഹദ് എന്നിവര്‍ നേതൃത്വം നല്‍കി.

More News from Thrissur