കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് ബാലവേല; കുട്ടികളും മാനേജരും പോലീസ് കസ്റ്റഡിയില്‍

Posted on: 23 Dec 2012ചേലക്കര: കുഴല്‍ക്കിണര്‍ നിര്‍മാണ പ്രവൃത്തിക്ക് കുട്ടികളെക്കൊണ്ട് പണിയെടുപ്പിച്ചതിന് പോലീസ് കേസെടുത്തു. മധ്യപ്രദേശ് സ്വദേശികളായ രണ്ടു കുട്ടികളെക്കൊണ്ട് ബാലവേല ചെയ്യിച്ചതിന് കുഴല്‍ക്കിണര്‍ നിര്‍മാണ കമ്പനി മാനേജരും നടത്തിപ്പുകാരനുമായ ഈറോഡ് സ്വദേശി മാരിമുത്തു (27). ബോര്‍വെല്‍ ഉടമ ബംഗ്ലൂര്‍ സ്വദേശിയായ സുബ്രഹ്മണ്യന്‍ (52) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മാരിമുത്തുവും കുട്ടികളും പോലീസ് കസ്റ്റഡിയിലാണ്.

ശനിയാഴ്ച വൈകിട്ട് പരക്കാട് സെന്ററില്‍ കുഴല്‍ക്കിണര്‍ നിര്‍മാണത്തിനിടെയാണ് പോലീസ് പിടികൂടിയത്. കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടെന്ന് നടത്തിപ്പുകാരന്‍ അറിയിച്ചെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി പി.എച്ച്. അഷറഫിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ചേലക്കര അഡീഷണല്‍ എസ്.ഐ. രാമചന്ദ്രന്‍, സ്‌പെഷല്‍ ബ്രാഞ്ച് സി.പി.ഒ. സാബു ജേക്കബ്ബ്, സി.പി.ഒ.മാരായ സാബു തോമസ്, കണ്ണന്‍കുട്ടി, തോമസ് എന്നിവരാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്. കസ്റ്റഡിയിലുള്ള കുട്ടികളെയും മാനേജര്‍ മാരിമുത്തുവിനെയും ഞായറാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. ബോര്‍വെല്‍ ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

More News from Thrissur