ചെറുതുരുത്തിയില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

Posted on: 23 Dec 2012ചെറുതുരുത്തി:കൊറ്റമ്പത്തൂര്‍ സ്വദേശിയായ യുവാവിനെ പോലീസ് അന്യായമായി സ്റ്റേഷനില്‍ പിടിച്ചുവെച്ചു എന്നാരോപിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ സംഘടിച്ചത് സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി. പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ചെറുതുരുത്തി പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും സംസ്ഥാനപാതയിലെ ഗതാഗതം തടയുകയും ചെയ്തു. കൊറ്റമ്പത്തൂരിലുള്ള ഒരു സ്ത്രീയെ ഓട്ടോ ഡ്രൈവറായ കൊറ്റമ്പത്തൂര്‍ പള്ളിഞ്ഞാലില്‍ രാജേഷ്(26) എന്നയാള്‍ ശല്യംചെയ്തതായി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍, വൈകുന്നേരമായിട്ടും തുടര്‍നടപടിയൊന്നും എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി.-ആര്‍.എസ്.എസ്. നേതാക്കളും പ്രവര്‍ത്തകരും സ്റ്റേഷനില്‍ എത്തിയത്. കേസ് എടുക്കുന്നത് സംബന്ധിച്ചുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ചെറിയ തോതില്‍ ഉന്തും തള്ളും സ്റ്റേഷനില്‍ നടന്നു. തുടര്‍ന്ന് പോലീസ് നേതാക്കളെയും സ്റ്റേഷനില്‍ പിടിച്ചിരുത്തിയതോടെ കൂടുതല്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് പരാതി നല്‍കിയ സ്ത്രീക്ക് എതിരെയുള്ള ആരോപണങ്ങള്‍ പോലീസ് അന്വേഷിക്കണമെന്നും നേതാക്കളെ പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ സംസ്ഥാനപാത ഉപരോധിച്ചു. വടക്കാഞ്ചേരി സി.ഐ. സുലൈമാന്റെ നേതൃത്വത്തില്‍ ചെറുതുരുത്തി എസ്.ഐ. ഉണ്ണികൃഷ്ണനും ചേലക്കര, വടക്കാഞ്ചേരി പോലീസ് സ്റ്റേഷനുകളില്‍നിന്ന് കൂടുതല്‍ പോലീസ്‌സംഘവും ചേര്‍ന്നാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ബി.ജെ.പി. നേതൃത്വവുമായി പോലീസ് സംഘം പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ രാജേഷിന് എതിരെയും സംസ്ഥാനപാത ഉപരോധിച്ച കണ്ടാലറിയാവുന്നവര്‍ക്കെതിരെയും കേസെടുക്കാന്‍ തീരുമാനമായി. സ്റ്റേഷനില്‍ തടഞ്ഞുവെച്ച നേതാക്കളെ വിട്ടയച്ചശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.

More News from Thrissur