സ്‌കൂളിലെ ഓഫീസ്മുറി കുത്തിത്തുറന്ന് മോഷണം

Posted on: 23 Dec 2012കൊരട്ടി: ലിറ്റില്‍ ഫ്‌ളവര്‍ എല്‍.പി. സ്‌കൂളില്‍ ഓഫീസ് മുറി കുത്തിത്തുറന്ന് മൂന്ന് ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ മോഷ്ടിച്ചു. സ്‌കൂളിന്റെ ഇരുമ്പ് ഗ്രില്ലിട്ട പ്രധാന വാതില്‍ ഉള്‍പ്പെടെ അഞ്ച് വാതിലുകളുടെ ഓടാമ്പലുകള്‍ അറുത്ത് മാറ്റിയും ഇളക്കി എടുത്തുമാണ് മോഷണം. പത്ത് അലമാരികള്‍ കുത്തിത്തുറന്ന് പരിശോധിച്ചിട്ടുണ്ട്. ഒരു ലാപ്പ്‌ടോപ്പ് കമ്പ്യൂട്ടര്‍, രണ്ട് ഡിവിഡി പ്ലെയറുകള്‍, കുട്ടികളില്‍ നിന്ന് സ്വരൂപിക്കുന്ന ചാരിറ്റി രൂപയടങ്ങിയ പെട്ടി, വാര്‍ഷികാഘോഷങ്ങള്‍ക്കായി കലാപരിപാടികള്‍ ഒരുക്കുന്നതിനുള്ള പട്ടുവസ്ത്രങ്ങള്‍ എന്നിവ മോഷണം പോയി.

രാവിലെ സ്‌കൂളിലെത്തിയ ജീവനക്കാരാണ് മോഷണം നടന്ന കാര്യം അറിയുന്നത്. കൊരട്ടി പോലീസ് എസ്‌ഐ പി.പി. ഫര്‍ഷാദ്, ചാലക്കുടി സിഐ വി.ടി. ഷാജന്‍ എന്നിവരും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി.

More News from Thrissur