മൊബൈല്‍ ടവറിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

Posted on: 23 Dec 2012വേളൂക്കര:ജനവാസകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന മൊബൈല്‍ ടവറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. തുമ്പൂര്‍ പീച്ചനങ്ങാടി പന്ത്രണ്ടാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന സ്വകാര്യ മൊബൈല്‍ കമ്പനിയുടെ മൊബൈല്‍ ടവറിനെതിരെയാണ് നാട്ടുകാര്‍ പൗരസമിതി രൂപവത്കരിച്ച് സമരത്തിനൊരുങ്ങുന്നത്. ടവര്‍ വരുന്നതിനുമുമ്പെ നാട്ടുകാര്‍ പ്രതിഷേധിച്ച് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും ജനങ്ങളുടെ എതിര്‍പ്പു വകവയ്ക്കാതെ പഞ്ചായത്ത് ടവറിന് അനുമതി നല്‍കുകയായിരുന്നെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. യാതൊരു നിബന്ധനകളും പാലിക്കാതെ നിയമവിരുദ്ധമായിട്ടാണ് ടവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ടവറിന് ചുറ്റും നിരവധി വീടുകളും അങ്കണവാടിയും കടകളും സ്ഥിതി ചെയ്യുന്നുണ്ട്. കറന്റില്ലാതെ മുഴുവന്‍ സമയവും ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നതുമൂലം സമീപവാസികള്‍ക്ക് ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. അനുവദനീയമല്ലാത്ത രീതിയില്‍ ഉയര്‍ന്ന തോതിലാണ് ഇതില്‍ നിന്നും റേഡിയേഷന്‍ വ്യാപിക്കുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയായ ടവര്‍ അടിയന്തരമായി അധികൃതര്‍ ഇടപെട്ട് നിറുത്തിവയ്പ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കും നാട്ടുകാര്‍ പരാതി അയച്ചിട്ടുണ്ട്.

More News from Thrissur