തൃപ്തികരമല്ലെന്ന് നഗരസഭ; വീണ്ടും വിശദീകരണം ആവശ്യപ്പെട്ടു

Posted on: 23 Dec 2012ഇരിങ്ങാലക്കുട:നഗരസഭ 2012-13 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിരേഖ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് നഗരസഭ. ഇക്കാര്യത്തില്‍ വീണ്ടും വിശദീകരണം ആവശ്യപ്പെട്ട് ഉദ്യോഗസ്ഥന് മെമ്മോ നല്‍കിയതായി ചെയര്‍പേഴ്‌സന്‍ ബെന്‍സി ഡേവിഡ് കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. പദ്ധതിരേഖ വൈകിച്ചുവെന്നുകാണിച്ചാണ് എല്‍.ഡി. ക്ലര്‍ക്ക് സുരേഷിന് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നത്. ഭരണകക്ഷി കൗണ്‍സിലര്‍ പി.കെ. ഷാജുവിന്റെ ചോദ്യത്തിന് മറുപടിയിയായിട്ടാണ് ചെയര്‍പേഴ്‌സന്‍ ഇക്കാര്യം പറഞ്ഞത്. അനുമതിയില്ലാതെ ഡല്‍ഹിയിലേയ്ക്ക് വിമാനയാത്ര നടത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥനില്‍ നിന്നും കൗണ്‍സിലറില്‍ നിന്നും ചെലവായ തുക ഈടാക്കണമെന്ന ഓഡിറ്റ് റിപ്പാര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കൗണ്‍സിലര്‍ കെ.എന്‍. ഗിരിഷിനും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനായ സ്റ്റാന്‍ലിക്കും കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിട്ടുണ്ടെന്നും ചെയര്‍പേഴ്‌സന്‍ കൂട്ടിച്ചേര്‍ത്തു. ഠാണ-കാട്ടൂര്‍ ബൈപ്പാസ് റോഡ് മണ്ണിട്ട് ഫോര്‍മേഷന്‍ നടത്താന്‍ മുന്‍കൂര്‍ അനുമതി നല്‍കിയ ചെയര്‍പേഴ്‌സന്റെ നടപടി അഴിമതിക്ക് വഴിവയ്ക്കുമെന്ന് യോഗത്തില്‍ എം.വി. ജെയ്‌സന്‍ കുറ്റപ്പെടുത്തി. ഇതിനായി സൗജന്യമായി മണ്ണ് നല്‍കാമെന്ന സ്വകാര്യവ്യക്തിയുടെ വാഗ്ദാനത്തിനുപിന്നില്‍ അഴിമതിയുണ്ടോയെന്ന് അന്വേഷിക്കണമെന്നും ജെയ്‌സന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സദുദ്ദേശത്തോടെയാണ് ആ വ്യക്തി മണ്ണ് നല്‍കാന്‍ തയ്യാറായിരിക്കുന്നതെന്നും അതില്‍ അഴിമതിയുണ്ടെങ്കില്‍ കണ്ടെത്തേണ്ടത് അംഗങ്ങളാണെന്നും ചെയര്‍പേഴ്‌സന്‍ പറഞ്ഞു.

More News from Thrissur