ചാവക്കാടിന് വീണ്ടും കാല്‍പ്പന്തിന്റെ ദിനങ്ങള്‍

Posted on: 23 Dec 2012ചാവക്കാട്:കാല്‍പ്പന്ത് കളിയുടെ ആവേശം അന്യം നിന്ന ചാവക്കാടിന് ഉണര്‍വേകി മണല്‍പ്പരപ്പില്‍ വീണ്ടും പന്തുരുണ്ടു. ചാവക്കാട് ജനമൈത്രി പോലീസും നഗരസഭയും ചേര്‍ന്നൊരുക്കിയ സെവന്‍സ് ഫുട്‌ബോള്‍ മേളയാണ് ആവേശത്തിന്റെ തിരയിളക്കിയത്. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന ഘോഷയാത്രയില്‍ ആയിരങ്ങള്‍ അണിനിരന്നു. വിവിധ വാദ്യമേളങ്ങള്‍, സാന്താക്ലോസ്, മത്സരത്തിന് വിവിധ ദിവസങ്ങളില്‍ അണിനിരക്കുന്ന ടീം അംഗങ്ങള്‍, ജനമൈത്രി പോലീസ് ടീം എന്നിവര്‍ക്കൊപ്പം നാട്ടുകാരും അണിനിരന്നത് ചാവക്കാടിന്റെ തെരുവീഥികള്‍ക്ക് പുതിയ അനുഭവമായി. മുന്‍ ഇന്ത്യന്‍ നായകന്‍ ഐ.എം. വിജയന്‍ മത്സരത്തിന് തുടക്കം കുറിച്ച് പന്തു തട്ടി.

കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ. കളി ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.കെ. സതീരത്‌നം അധ്യക്ഷയായി. കുന്നംകുളം ഡിവൈഎസ്​പി കെ.കെ. ഇബ്രാഹിം, സിഐ കെ. സുദര്‍ശന്‍, എസ്‌ഐ എം.കെ. ഷാജി, വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, നഗരസഭാംഗങ്ങളായ കെ.വി. സത്താര്‍, കെ.എം. അലി, കെ.വി. ഷാനവാസ്, അബ്ദുള്‍ റഷീദ്, എം.ബി. രാജലക്ഷ്മി, ലെല സുബൈര്‍, കെ.കെ. കാര്‍ത്ത്യായനി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന മത്സരത്തില്‍ സെഫ്റ്റ് പുതിയറ പുന്ന ബെറിറ്റയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോല്പിച്ചു. രണ്ടാം മത്സരത്തില്‍ ചാവക്കാട് പ്രചര യുവധാര ചെങ്കോട്ടയെ മൂന്ന് ഗോളിന് തോല്പിച്ചു. ഞായറാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്‍ഫാക്ട് ഓവുങ്ങലും ചാലഞ്ചേഴ്‌സ് അയിനിപ്പുള്ളിയും മത്സരിക്കും. രണ്ടാം മത്സരത്തില്‍ ക്രസന്റ് ചീനിച്ചുവടും, എച്ച്എംസി ബ്ലാങ്ങാടും മത്സരിക്കും.

More News from Thrissur