ഏപ്പുറത്ത് മന റോഡിന്റെ നിര്‍മാണം അശാസ്ത്രീയമെന്ന് പരാതി

Posted on: 23 Dec 2012പാവറട്ടി: എളവള്ളി പഞ്ചായത്തിലെ 4-ാം വാര്‍ഡില്‍ ഏപ്പുറത്ത് മന റോഡിന്റെ നിര്‍മാണം അശാസ്ത്രീയമാണെന്ന് പരാതി. റോഡിന്റെ മധ്യഭാഗം നൂറ് മീറ്ററിലധികം നീളത്തില്‍ കൂടുതല്‍ ഉയര്‍ത്തിയതാണ് വിവാദമായത്. രണ്ടടി ഉയര്‍ത്തേണ്ടതിന് പകരം നാലടി ഉയര്‍ത്തിയതിനാല്‍ റോഡിന്റെ ഒരുഭാഗത്ത് താമസിക്കുന്നവര്‍ ദുരിതത്തിലായി. ഇവരുടെ വീടും സ്ഥലവും റോഡ് നിരപ്പില്‍നിന്ന് ഏറെ താഴ്ച്ചയിലായി. ഇതോടെ വീടുകളും പറമ്പുകളും വെള്ളക്കെട്ടിലാകുമെന്നാണ് പ്രധാന പരാതി.

വെള്ളപ്പൊക്ക ദുരിതാശ്വാസപദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവിട്ടാണ് റോഡിന്റെ നിര്‍മാണം നടക്കുന്നത്. കടവല്ലൂര്‍ റോഡിനെയും എളവള്ളി ദുര്‍ഗാക്ഷേത്രത്തിന് മുന്നിലുള്ള റോഡിനെയും ബന്ധപ്പെടുത്തുന്ന ലിങ്ക് റോഡാണ് ഏപ്പുറത്ത് മന റോഡ്. ഈ റോഡിന് സര്‍ക്കാര്‍ ഫണ്ട് ചെലവാക്കുന്നതും വിവാദമായി. 12 അടി വീതിയുള്ള റോഡിന് ആറ് അടി സ്ഥലം തങ്ങള്‍ വിട്ടുകൊടുത്തതാണെന്നും സറണ്ടര്‍ ചെയ്യാത്ത റോഡിന് സര്‍ക്കാര്‍ ഫണ്ട് ചെലവാക്കുന്നത് പൊതുഫണ്ട് ദുരുപയോഗം ചെയ്യാനാണെന്നും റോഡിന്റെ ഗുണഭോക്താക്കളായ കല്ലിങ്കല്‍ സദാനന്ദന്‍, ശശിധരന്‍, ശിവദാസന്‍ എന്നിവര്‍ പറഞ്ഞു.

ഭൂപ്രകൃതി പഠിക്കാതെയുള്ള അശാസ്ത്രീയ നിര്‍മാണത്തിന്റെ അപാകം ഉടന്‍ പരിഹരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. അതേസമയം റോഡിനായി നല്‍കിയ സ്ഥലം പൂര്‍ണമായും ഏപ്പുറത്ത് മന വകയാണെന്നും ഇവര്‍ റോഡ് പഞ്ചായത്തിന് സറണ്ടര്‍ ചെയ്തിട്ടുള്ളതാണെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു.

മഴക്കാലത്ത് പൂര്‍ണമായും വെള്ളക്കെട്ടിലാകുന്ന റോഡിന്റെ നിര്‍മാണത്തില്‍ അശാസ്ത്രീയമായി ഒന്നുമില്ലെന്നും എസ്റ്റിമേറ്റ് പ്രകാരമുള്ള നിര്‍മാണമാണ് നടക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. റോഡിനായി എസ്റ്റിമേറ്റ് എടുക്കുന്ന സമയത്ത് ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

More News from Thrissur