ജ്ഞാനോത്സവത്തിന് ഇന്ന് കൊടി കയറും

Posted on: 23 Dec 2012വടക്കാഞ്ചേരി: പതിനൊന്നാമത് ശ്രീമദ് ഭാഗവത തത്ത്വസമീക്ഷാ സത്രത്തിന് പാര്‍ളിക്കാട് നൈമിഷാരണ്യത്തില്‍ ഞായറാഴ്ച തിരിതെളിയും. സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ നടക്കുന്ന സത്രസമാരംഭസമ്മേളനത്തില്‍ സത്രസമിതി അധ്യക്ഷന്‍ സ്വാമി ഭൂമാനന്ദതീര്‍ഥ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ജ്ഞാനസത്രം ഉദ്ഘാടനം ചെയ്യും. പതിനാറായിരം ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള സത്രശാലയിലെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വെങ്ങിണിശ്ശേരി നാരായണാശ്രമത്തില്‍നിന്ന് ഭക്തിഘോഷയാത്രയായി സത്രവേദിയിലേക്കുള്ള ഭാഗവതഗ്രന്ഥം ശനിയാഴ്ച നൈമിഷാരണ്യത്തിലെത്തി. പത്ത് ദിവസങ്ങളിലായി ഭാഗവതത്തിലെ അമൂല്യമായ വിഭവങ്ങള്‍ സംന്യാസിമാരും പണ്ഡിതന്മാരുമടക്കം മുപ്പത് പ്രവക്താക്കള്‍ ശ്രോതാക്കള്‍ക്ക് വിവരിച്ചുനല്കും.

സത്രശാലയില്‍ ഞായറാഴ്ച രാവിലെ എട്ടുമുതല്‍ നാലുമണിക്കൂര്‍ ആയിരങ്ങള്‍ സംയുക്തമായി നടത്തുന്ന മഹാമൃത്യുഞ്ജയഹോമം നടക്കും. വൈകുന്നേരം നാലിന് പാര്‍ളിക്കാട് വെള്ളിത്തിരുത്തി ക്ഷേത്രത്തില്‍നിന്ന് വാദ്യഘോഷങ്ങളോടെ ശ്രീകൃഷ്ണവിഗ്രഹം, ധ്വജം, ഭാഗവതഗ്രന്ഥം എന്നിവ നൈമിഷാരണ്യത്തിലേക്ക് ആനയിക്കും. ധ്വജാരോഹണത്തിനുശേഷം സത്രസമാരംഭസമ്മേളനം തുടങ്ങും.

More News from Thrissur