മാളയിലേക്കുള്ള കരുണാകരന്റെ വെങ്കലപ്രതിമ ഒരുങ്ങി

Posted on: 23 Dec 2012കൊടുങ്ങല്ലൂര്‍: കെ. കരുണാകരനെ അര നൂറ്റാണ്ടുകാലം നെഞ്ചേറ്റിയ മാളയില്‍ അദ്ദേഹത്തിന്റെ പൂര്‍ണ്ണകായ വെങ്കല പ്രതിമ ഒരുങ്ങുന്നു. ജനവരി 11ന് 11.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിമ അനാച്ഛാദനം ചെയ്യും.

കൊടുങ്ങല്ലൂരിലെ ഡാവിഞ്ചി സുരേഷാണ് പ്രതിമ നിര്‍മ്മിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ആരംഭിച്ച നിര്‍മ്മാണ ജോലികള്‍ അവസാനഘട്ടത്തിലാണ്. 400 കിലോഗ്രാം തൂക്കമുള്ള പ്രതിമ ആറ് അടി ഉയരത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. കളിമണ്ണുകൊണ്ട് ആദ്യം ശില്പമുണ്ടാക്കി അത് ഫൈബറിലേക്ക് ഡൈ നടത്തി മെഴുക് പ്രതിമുണ്ടാക്കിയശേഷമാണ് പ്രത്യേക നിര്‍മ്മാണ ഘട്ടങ്ങളിലൂടെ വെങ്കലത്തിലേക്ക് മാറ്റിയത്. പല ഭാഗങ്ങളായി നിര്‍മ്മിച്ച് ഒടുവില്‍ വെല്‍ഡുചെയ്ത് ഘടിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. മാളയിലെ രണ്ടര സെന്റ് സ്ഥലത്തെ കെ. കരുണാകരന്‍ സ്‌ക്വയറില്‍ പ്രത്യേകം തയ്യാറാക്കിയ പീഠത്തിലാണ് പ്രതിമ സ്ഥാപിക്കുക. ടി.എന്‍. പ്രതാപന്‍ എം.എല്‍.എ.യുടെ പ്രത്യേക ആവശ്യപ്രകാരം മന്ത്രിസഭാ യോഗമാണ് കെ. കരുണാകരന്റെ പ്രതിമ സ്ഥാപിക്കാന്‍ 25 ലക്ഷം രൂപയും കരുണാകരന്‍ സ്‌ക്വയര്‍ അനുവദിക്കുകയും ചെയ്തത്. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിനെ ഇതിനായി ചുമതലപ്പെടുത്തി. നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും എം.എല്‍.എ. പ്രതിമ സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. കരുണാകരന്റെ ജന്മനാളില്‍ മകള്‍ പത്മജ കൊടുങ്ങല്ലൂരിലെത്തി പ്രതിമ കാണുകയും ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിമ കൊടുങ്ങല്ലൂരില്‍നിന്നും മാളയിലേക്ക് കൊണ്ടുപോകും. പ്രതിമ സ്ഥാപനച്ചടങ്ങില്‍ കെ. മുരളീധരന്‍, പത്മജ വേണുഗോപാല്‍, രമേശ് ചെന്നിത്തല, മന്ത്രി ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവര്‍ പങ്കെടുക്കും.

More News from Thrissur