അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ സംഘര്‍ഷം

Posted on: 23 Dec 2012കാട്ടകാമ്പാല്‍:കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ സി.പി.ഐ. - കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും. പ്രശ്‌നത്തില്‍ ഇടപെട്ട് എല്‍.ഡി.എഫ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്തില്‍ എത്തിയത് സംഘര്‍ഷത്തിനിടയാക്കി.

ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മിനിട്‌സ് കൃത്യസമയത്ത് തരുന്നില്ലെന്ന പഞ്ചായത്തംഗം കെ.ടി. ഷാജന്റെ പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്.

പരാതിയെകുറിച്ച് അന്വേഷിക്കാന്‍ ഡി.ഡി.പി. ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു.

പരാതിയെക്കുറിച്ച് ചര്‍ച്ച നടക്കുന്നതിനിടെ പഞ്ചായത്തംഗം കെ.ടി. ഷാജനും സെക്രട്ടറി റോയും തമ്മില്‍ തര്‍ക്കമുണ്ടായി. മോശമായ ഭാഷ ഉപയോഗിച്ച് പഞ്ചായത്തംഗം അധിക്ഷേപിച്ചതായി സെക്രട്ടറി പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥര്‍ അപമാനിക്കുകയാണുണ്ടായതെന്ന് സി.പി.ഐ. അംഗം കെ.ടി. ഷാജനും പറഞ്ഞു.

ഇതിനിടെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. മണികണ്ഠനും സ്ഥലത്ത് എത്തി. വൈസ് പ്രസിഡന്റും പഞ്ചായത്ത് അംഗവും തമ്മില്‍ തര്‍ക്കവും ഉന്തും തള്ളും ഉണ്ടായി. ഇതിനിടെ പ്രശ്‌നത്തില്‍ സി.പി.ഐ. കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇടപെട്ടു. ഇതോടെ സംഘര്‍ഷം ശക്തമായി. വിവരമറിഞ്ഞ് സി.പി.എം. പ്രവര്‍ത്തകരും എത്തിയതോടെ പഞ്ചായത്തങ്കണം ജനങ്ങളെക്കൊണ്ട് നിറഞ്ഞു. സ്ഥലത്ത് കുതിച്ചെത്തിയ കുന്നംകുളം എസ്‌ഐ മാധവന്‍കുട്ടി പഞ്ചായത്ത് അംഗങ്ങള്‍ ഒഴികെയുള്ളവരൈ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് മാറ്റി. തുടര്‍ന്ന് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും മുതിര്‍ന്ന അംഗങ്ങള്‍ ഇരുപക്ഷത്തെയും സമാധാനിപ്പിച്ച് സംഘര്‍ഷം ഒഴിവാക്കി.

More News from Thrissur