യാത്രക്കാരിയെ അപമാനിച്ച യുവാവിനെ പരസ്യമായി മാപ്പ് പറയിപ്പിച്ചു

Posted on: 23 Dec 2012

മാള: മദ്യലഹരിയില്‍ ബസ്സിലെ യാത്രക്കാരിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച യുവാവിനെ യാത്രക്കാരും ബസ്സ്ജീവനക്കാരും പോലീസിലേല്പിച്ചു. പോലീസ് വൈദ്യപരിശോധനയ്ക്ക് ശേഷം ബസ്സ്റ്റാന്‍ഡില്‍ കൊണ്ടുവന്ന് യാത്രക്കാരോട് മാപ്പ് പറയിപ്പിച്ചു.

കോണത്ത്കുന്നില്‍ താമസിക്കുന്ന കോട്ടയം സ്വദേശിയായ പോട്ടയില്‍വീട്ടില്‍ അജേഷ്(32) ആണ് പിടിയിലായത്. പെയിന്റിങ് തൊഴിലാളിയായ ഇയാള്‍ ശനിയാഴ്ച 12 മണിയോടെയാണ് മാളയില്‍ നിന്ന് ഇരിങ്ങാലക്കുടയിലേയ്ക്കുള്ള സ്വകാര്യബസ്സില്‍ കയറിയത്.

മദ്യലഹരിയിലായിരുന്ന ഇയാള്‍ മധ്യവയസ്‌കയായ യാത്രക്കാരിയെ കയറിപ്പിടിക്കാനും ഉപദ്രവിക്കാനും ശ്രമിച്ചു. ശല്യം സഹിക്കവയ്യാതായപ്പോള്‍ യാത്രക്കാരി ബസ്ജീവനക്കാരുടെയും സഹയാത്രികരുടെയും ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ബസ് കുഴിക്കാട്ടുശ്ശേരിയില്‍ നിര്‍ത്തിയിട്ടശേഷം പോലീസില്‍ വിവരമറിയിച്ചു.

എസ്‌ഐ ആര്‍. ബിജോയിയുടെ നേതൃത്വത്തിലാണ് ഇയാളെ ബസ്സ്റ്റാന്‍ഡില്‍ കൊണ്ടുവന്ന് മാപ്പ് പറയിപ്പിച്ചത്. ഇയാള്‍ക്ക് ഭാര്യയും മക്കളുമുണ്ട്. കഴിഞ്ഞ ദിവസം ചാലക്കുടിയിലും സമാന സംഭവം നടന്നിരുന്നു. അഷ്ടമിച്ചിറ സ്വദേശിയായിരുന്നു സംഭവത്തില്‍ പിടിയിലായത്.

More News from Thrissur