നൂറടി നീളമുള്ള കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷം

Posted on: 23 Dec 2012ചാലക്കുടി: ഗവ. ബോയ്‌സ് സ്‌കൂള്‍ അങ്കണത്തില്‍ നൂറടി നീളത്തില്‍ അലങ്കരിച്ചൊരുക്കിയ കേക്ക്. പ്രായത്തിന്റെ അവശതകള്‍ മറന്ന് അവര്‍ കേക്കിന് ഇരുവശത്തുമായി നിന്നു. ചലച്ചിത്രതാരം സുകുമാരി ഇവര്‍ക്കിടയിലേക്കെത്തിയപ്പോള്‍ പലര്‍ക്കും ആവേശം അണപൊട്ടി. പിന്നെ സുകുമാരിയോടൊപ്പം അവര്‍ കേക്ക് മുറിച്ച് പരസ്​പരം പങ്കുവെച്ചു. ചാലക്കുടി നഗരസഭയുടെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് നഗരപരിധിയിലെ 70 വയസ്സ് പിന്നിട്ട മുതിര്‍ന്ന പൗരന്മാര്‍ കേക്ക് മുറിച്ചത്.

100 അടി നീളമുള്ള കേക്കില്‍ വിവിധ ഭാഗങ്ങളില്‍ ചോക്ലേറ്റുകൊണ്ട് സുകുമാരിയുടെയും നഗരസഭാധ്യക്ഷന്‍ വി.ഒ. പൈലപ്പന്റെയും മറ്റും ചിത്രങ്ങള്‍ ആലേഖനം ചെയ്തിരുന്നു. 400 കിലോ തൂക്കം വരുന്ന കേക്ക് ചാലക്കുടിയിലെ ഓറഞ്ച് ബേക്കറിയാണ് നിര്‍മ്മിച്ച് നല്‍കിയത്. അങ്കണത്തില്‍ വെച്ച് തന്നെയാണ് കേക്ക് നിര്‍മ്മിച്ചത്. നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള 70 വയസ്സു തികഞ്ഞ 470 പേരാണ് കേക്ക് മുറിക്കാനെത്തിയത്. ഇവര്‍ക്കൊപ്പം ചടങ്ങിനെത്തിയവരും കേക്ക് മുറിച്ച് മധുരം പങ്കിട്ടു. പ്രായം കൂടിയവര്‍ക്ക് ഒത്തുകൂടുന്നതിനും അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനും ഇത്തരം പരിപാടി വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സംഘടിപ്പിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ചലച്ചിത്രതാരം സുകുമാരി ആവശ്യപ്പെട്ടു.

നഗരസഭാധ്യക്ഷന്‍ വി.ഒ. പൈലപ്പന്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി.പി. പോള്‍, ജോസ് മാനാടന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ മേരി നളന്‍, പ്രതിപക്ഷനേതാവ് പി.എം. ശ്രീധരന്‍, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് മനേഷ് സെബാസ്റ്റ്യന്‍, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡെന്നീസ് കെ. ആന്റണി, വൈസ് പ്രസിഡന്റ് ലീന ഡേവിസ്, ഫാ. ജോസ് മാളിയേക്കല്‍, എം.എല്‍. ജോര്‍ജ്, സിനിമാസംവിധായകന്‍ രാജീവ് രംഗന്‍, രാജീവ് രാജന്‍, മൂര്‍ക്കന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരി, ഹെഡ്മിസ്ട്രസ് സുശീല, ഫാ. ജോസഫ് അമ്പൂക്കന്‍, ചാലക്കുടി ജുമാ മസ്ജിദ് ഇമാം ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. പഴയ ഗാനങ്ങള്‍ കോര്‍ത്തൊരുക്കി അവതരിപ്പിച്ച സംഗീതവിരുന്നും ഉണ്ടായി.

More News from Thrissur