പരീക്ഷാഭവന്‍ അദാലത്ത് ജനവരി 5ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളിലെ പിഴവുകള്‍ തിരുത്താനവസരം

Posted on: 23 Dec 2012തൃശ്ശൂര്‍: യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളിലെ പിഴവുകള്‍ പരിഹരിക്കാനുള്ള ജില്ലാതല സ്‌പെഷല്‍ പരീക്ഷാഭവന്‍ അദാലത്ത് ജനവരി 5ന് നടക്കും. തൃശ്ശൂര്‍ ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ രാവിലെ 10മുതല്‍ വൈകീട്ട് 5 വരെയാണ് അദാലത്ത്. പരീക്ഷാഭവനില്‍ നിന്ന് ലഭിക്കുന്ന എസ്.എസ്.എല്‍.സി., മറ്റു യോഗ്യതാ പരീക്ഷകള്‍ എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളിലെ പിഴവുകള്‍ പരിഹരിക്കാം. ജനനത്തീയതി, വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പേര്, മാര്‍ക്ക്, ജനനസ്ഥലം, ജാതി, മതം, ആണ്‍-പെണ്‍, മേല്‍വിലാസം, തിരിച്ചറിയല്‍ അടയാളം എന്നിവ തിരുത്തുന്നതിനും ഡ്യൂപ്ലിക്കേറ്റ്-ട്രിപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുമുള്ള അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുക. ആദ്യ തവണ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയ സ്‌ക്കൂളിലെ പ്രധാനാധ്യാപകര്‍ വഴിയാണ് അപേക്ഷിക്കേണ്ടതെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ.എ. വത്സല, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ടി. ജോര്‍ജ്, അദാലത്ത് ഭാരവാഹികളായ പി.എ. സീതി, എം.എ. സാദിഖ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അപേക്ഷകളില്‍ തീര്‍പ്പു കല്‍പ്പിച്ച് 30 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

www.keralapareekshabhavan.in എന്ന വെബ്‌സൈറ്റിലും അതത് ഹൈസ്‌ക്കൂളുകളിലും അപേക്ഷകള്‍ ലഭിക്കും. സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അദാലത്ത് ഉദ്ഘാടനം ചെയ്യും. മേയര്‍ ഐ.പി.പോള്‍ അധ്യക്ഷനാകും.

More News from Thrissur