ദേശീയപാതയോരത്തെ മരം കത്തി

Posted on: 23 Dec 2012തൃപ്രയാര്‍:ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചതില്‍ നിന്ന് തീ പടര്‍ന്ന് ദേശീയപാതയോരത്തെ മരം കത്തി. എടമുട്ടം പാലപ്പെട്ടി കിഴക്കേ വളവിനടുത്താണ് നാട്ടുകാരുടെ മനസ്സില്‍ തീ പടര്‍ത്തി മരം നിന്നു കത്തിയത്. മൂന്നു മണിക്കൂര്‍ നീണ്ട കഠിന യത്‌നത്തിനൊടുവില്‍ ജെ.സി.ബി. കൊണ്ടുവന്ന് മരം തട്ടിയിട്ടാണ് തീ കെടുത്തിയത്. ഫയര്‍ ഫോഴ്‌സും പോലീസും നാട്ടുകാരും കൈമെയ് മറന്നാണ് തീ അണയ്ക്കാനിറങ്ങിയത്.

ദേശീയ പാതയോരത്ത് പതിറ്റാണ്ടുകളായി നില്കുന്ന പൈന്‍മരമാണ് ശനിയാഴ്ച രാവിലെ കത്തിയത്. മരത്തിന്റെ ശാഖകള്‍ക്കിടയിലൂടെ തീ വരുന്നത് 9.30- ഓടെയാണ് സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. തീ കെടുത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ വലപ്പാട് പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി ശ്രമിച്ചിട്ടും തീ കെടുത്താനായില്ല.

ഇരിങ്ങാലക്കുട നിന്ന് അഗ്‌നിശമന സേനാംഗങ്ങളും ഇതിനിടെ സ്ഥലത്തെത്തി. സമീപത്തെ മരങ്ങളില്‍ കയറിയും മറ്റും വെള്ളം പമ്പ്‌ചെയ്തിട്ടും തീ അണഞ്ഞില്ല. മരത്തിന്റെ ഓരോ ഭാഗങ്ങളില്‍ നിന്നും മാറി മാറി തീ വന്നുകൊണ്ടിരുന്നു. ഒടുവില്‍ ജെ.സി.ബി. കൊണ്ടുവന്ന് മരം മറിച്ചിടുകയായിരുന്നു. മരത്തിന്റെ ഉള്‍ഭാഗം പൊള്ളയായിരുന്നതിനാലാണ് തീ ശിഖിരങ്ങളിലേക്ക് പടര്‍ന്നത്. ദേശീയപാതയിലേക്ക് മരം വീഴുമോയെന്ന ഭയവും ഉണ്ടായി.

മരം കത്തുന്നതറിഞ്ഞ് നൂറുകണക്കിന് പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്.

More News from Thrissur