വൈലോപ്പിള്ളിക്ക് തൃശ്ശൂരില്‍ സ്മാരകം നിര്‍മ്മിക്കണം -ഒ.എന്‍.വി.

Posted on: 23 Dec 2012തൃശ്ശൂര്‍: വൈലോപ്പിള്ളി ശ്രീധരമേനോന് ഉചിതമായ സ്മാരകം തൃശ്ശൂരില്‍ നിര്‍മ്മിക്കണമെന്ന് ഒ.എന്‍.വി. കുറുപ്പ്. താന്‍ ഇനി വരുമ്പോഴെങ്കിലും നഗരമധ്യത്തില്‍ വൈലോപ്പിള്ളിയുടെ ഒരു പ്രതിമ കാണണമെന്നാണ് ആഗ്രഹമെന്ന് വൈലോപ്പിള്ളി ജന്മശതാബ്ദി ആഘോഷസമാപനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

നിര്‍വ്വചനാതീതനായ കവിയാണ് വൈലോപ്പിള്ളി. തൃശ്ശൂര്‍ നഗരം എന്നും അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. അദ്ദേഹത്തെ ഓര്‍ക്കാന്‍ ഇവിടെ ഒരു ഹാള്‍ മാത്രം പോരാ. വിപരീതങ്ങളുടെ സമന്വയം ഏറ്റവും മനോഹരമായി നടത്തിയ കവിത വൈലോപ്പിള്ളിയുടേതാണ്. കാല്പനികതയും റിയലിസവും തമ്മിലും സാമൂഹികബോധവും വ്യക്ത്യനുഭവവും തമ്മിലും തെളിമലയാളവും സംസ്‌കൃതപദങ്ങളും തമ്മിലും വിപ്ലവപരതയും പക്വതയും തമ്മിലുമുള്ള സമന്വയം അദ്ദേഹത്തിന്റെ കവിതകളില്‍ കാണാം. നോബല്‍ സമ്മാനം നേടിയ പാബ്ലോ നെരൂദയുടെ 'കാന്‍ഡോ ജനറല്‍' പോലെ മഹത്തായ കൃതിയാണ് വൈലോപ്പിള്ളിയുടെ 'ഓണപ്പാട്ടുകാര്‍'. വൈലോപ്പിള്ളി കവിതകള്‍ ഇംഗ്ലീഷില്‍ വന്നാലേ നെരൂദയെപ്പോലെയോ എലിയറ്റിനെപ്പോലെയോ അതിലും വലിയൊരു കവി ഇവിടെ ജീവിച്ചിരുന്നുവെന്ന് ലോകമറിയൂ -ഒ.എന്‍.വി. പറഞ്ഞു. മലയാളം മഹത്തായ ഭാഷയാണെന്ന ബോധം ആദ്യമുണ്ടാകണം. അതറിയാതെയാണ് ഇംഗ്ലീഷിനു പിന്നാലെ പോകുന്നത്. ദോശയും ഇഡ്ഡലിയും കപ്പയും കളഞ്ഞിട്ട് ഷവര്‍മ തിന്നാന്‍ പോകുന്നവരെപ്പറ്റി എന്തു പറയാന്‍ - ഒ.എന്‍.വി. കുറുപ്പ് പറഞ്ഞു.

വൈലോപ്പിള്ളി സ്മാരക പുരസ്‌കാരം ചടങ്ങില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരിക്കുവേണ്ടി ആത്മാരാമന്‍ ഏറ്റുവാങ്ങി. ഡോ. ടി.ഐ. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ. പി.വി. കൃഷ്ണന്‍ നായര്‍, സി.പി. രാജശേഖരന്‍, ആര്‍. ഗോപാലകൃഷ്ണന്‍. ഡോ. ടി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.വി. രാമനാഥന്‍, പി.പി.കെ. പൊതുവാള്‍, ഡോ. ടി.ഐ. രാധാകൃഷ്ണന്‍ എന്നിവരെ ആദരിച്ചു.

രാവിലെ നടന്ന സാഹിത്യസദസ്സ് വൈലോപ്പിള്ളിയുടെ ഭാര്യ ഭാനുമതിഅമ്മ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം. തോമസ്മാത്യു, എന്‍.കെ. ദേശം, ഉണ്ണികൃഷ്ണന്‍ ചെറുതുരുത്തി, ആത്മാരാമന്‍, കെ.കെ. മാരാര്‍, കെ.ബി. രാജാനന്ദ്, എസ്.കെ. വസന്തന്‍ എന്നിവര്‍ സംസാരിച്ചു. കവിയരങ്ങും ഉണ്ടായിരുന്നു.

More News from Thrissur