മയക്കുമരുന്ന് കടത്ത്; സെയ്ഫുദ്ദീനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്

Posted on: 23 Dec 2012കുന്നംകുളം: രാജ്യാന്തര മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ പിടിക്കപ്പെട്ട കേച്ചേരി പെരുമണ്ണ് പോക്കാക്കില്ലത്ത് സെയ്ഫുദ്ദീന്റെ ജാമ്യാപേക്ഷയില്‍ കോടതി ശനിയാഴ്ച വാദം കേട്ടു. ജാമ്യാപേക്ഷയെ പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു എതിര്‍ത്തു. തൃശ്ശൂര്‍ ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ബി. രമാകാന്തിന്റെ മുന്നിലാണ് ജാമ്യാപേക്ഷ എത്തിയത്.

അന്വേഷണോദ്യോഗസ്ഥനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു കെ.തോമസ് എട്ടുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ സെയ്ഫുദ്ദീനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. പിടിച്ചെടുത്ത രേഖകളും കേസ് ഡയറിയും ഹാജരാക്കി.

സെയ്ഫുദ്ദീന്റെ ജാമ്യാപേക്ഷയും പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കുന്നതും സംബന്ധിച്ച് വിധി പറയുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. ജില്ല അതിവേഗ കോടതി ജഡ്ജി കെ. ഹരിബാല്‍ ആണ് വിധി പ്രസ്താവിക്കുക.

വിയ്യൂര്‍ സ്‌പെഷല്‍ സബ്ജയിലിലേക്കാണ് ജനവരി രണ്ട് വരെ സെയ്ഫുദ്ദീനെ റിമാന്‍ഡ് ചെയ്തിട്ടുള്ളത്.

More News from Thrissur