കേരളോത്സവ വിജയികള്‍ക്ക് പി.എസ്.സി.യില്‍ ഗ്രേസ് മാര്‍ക്ക് പരിഗണനയില്‍

Posted on: 23 Dec 2012തൃശ്ശൂര്‍: സംസ്ഥാന കേരളോത്സവ വിജയികള്‍ക്ക് പി.എസ്.സി. പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. സംസ്ഥാന കേരളോത്സവത്തിന്റെ ഒരുക്കങ്ങള്‍ വിശദീകരിച്ചു നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഗ്രേസ് മാര്‍ക്ക് നല്‍കാന്‍ പറ്റുമോ എന്ന വിഷയം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും. ഗ്രാമീണ കലാരൂപങ്ങളെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കേരളീയ കലാഗ്രാമം ഉണ്ടാക്കിയെടുക്കും. സംസ്ഥാന വിജയികള്‍ക്ക് ദേശീയ- അന്തര്‍ദേശീയ മത്സരങ്ങളില്‍ മികവു തെളിയിക്കാന്‍ ആവശ്യമായ പരിശീലനം നല്‍കും- മന്ത്രി പറഞ്ഞു.

സംസ്ഥാന കേരളോത്സവത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്. പ്രശാന്ത് വിശദീകരിച്ചു.

കലാമത്സരങ്ങളില്‍ 2226 പേരും കായികമത്സരങ്ങളില്‍ 3402 പേരും മാറ്റുരയ്ക്കും. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ജില്ലാപഞ്ചായത്തും കോര്‍പ്പറേഷനും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. 26 മുതല്‍ കായികമത്സരങ്ങളും 28 മുതല്‍ കലാമത്സരങ്ങളും അരങ്ങേറും. കലാമത്സരങ്ങള്‍ക്ക് ആറ് വേദികളും കായികമത്സരങ്ങള്‍ക്ക് ഒന്‍പത് വേദികളുമാണ് ഒരുക്കിയത്.

ഘോഷയാത്രയോടുകൂടി തുടങ്ങുന്ന ഉത്സവത്തിന്റെ ഉദ്ഘാടനം 27ന് വൈകീട്ട് 4ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.കെ. ജയലക്ഷ്മി അധ്യക്ഷത വഹിക്കും. കായികമത്സരങ്ങളുടെ ഉദ്ഘാടനം 26ന് ഫുട്‌ബോള്‍താരം ഐ.എം. വിജയന്‍ നിര്‍വ്വഹിക്കും.

കലാതിലകം, കലാപ്രതിഭ എന്നിവര്‍ക്ക് 5000 രൂപയും മികച്ച നടന്‍, നടി എന്നിവര്‍ക്ക് 2000 രൂപ വീതവും സമ്മാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 30ന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.

More News from Thrissur