കേരളം മൂന്നാം ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃക: മന്ത്രി എം.കെ. മുനീര്‍

Posted on: 23 Dec 2012മുളംകുന്നത്തുകാവ്:അധികാര വികേന്ദ്രീകരണത്തിന്റെ കാര്യത്തില്‍ കേരളം മൂന്നാംലോക രാഷ്ട്രങ്ങള്‍ക്ക് മാതൃകയാണെന്ന് മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് കിലയില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീലങ്കയും ബംഗ്ലാദേശും നേപ്പാളും ഭൂട്ടാനുമെല്ലാം കേരള മാതൃകയാണ് അനുകരിക്കുന്നത്. ഗ്രാമതലത്തിലുള്ള ആസൂത്രണവും ഗ്രാമസഭകളുടെ പ്രവര്‍ത്തനവും ദാരിദ്ര്യ നിര്‍മ്മാര്‍ജനപരിപാടികളും സാമ്പത്തിക വികസനവുമെല്ലാം കേരളത്തിലെ അധികാര വികേന്ദ്രീകരണത്തിന്റെ പ്രത്യേകതകളാണെന്ന് മന്ത്രി പറഞ്ഞു.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള ഏഷ്യയിലെ തന്നെ മികച്ച സംവിധാനമാണ് കേരളത്തിലെ കുടുംബശ്രീ. 38 ലക്ഷം സ്ത്രീകളാണ് കുടുംബശ്രീയില്‍ പ്രവര്‍ത്തിക്കുന്നത്. സമീപ ഭാവിയില്‍ തന്നെ കിലയെ കല്‍പ്പിത സര്‍വകലാശാലാ പദവിയിലേക്കുയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു.

കില ഡയറക്ടര്‍ ഡോ.പി.പി. ബാലന്‍ അദ്ധ്യക്ഷനായി. ജര്‍മ്മനിയിലെ പ്രൊഫ. വോള്‍മാര്‍ ക്രീസിങ്, ഇസ്രയേലില്‍ നിന്നുള്ള പ്രൊഫ. മൈക്കിള്‍ പാല്‍ഗി, നോര്‍വേയില്‍ നിന്നുള്ള എഫ്. ഹനീഫ്, ഡോ. പീറ്റര്‍ എം.രാജ്, ഡോ.ജെ.ബി. രാജന്‍, ഡോ. സണ്ണി ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.

കില ക്യാമ്പസില്‍ ഒരുക്കിയ ഗ്രാമസഭയുടെ ശില്‍പ്പ മാതൃകയും മന്ത്രി ഉദ്ഘാടനം ചെയ്തു.

More News from Thrissur