'ഹിന്ദു ലീഗ്' അനിവാര്യമെന്ന ചിന്ത ഉണര്‍ന്നുകഴിഞ്ഞു -വെള്ളാപ്പള്ളി

Posted on: 09 Jul 2012കൊടുങ്ങല്ലൂര്‍: അവഗണനയുടേയും ഇല്ലായ്മകളുടേയും ആള്‍രൂപമായി മാറിയ ഹിന്ദുസമുദായത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കുന്നതിന് ആദിവാസി മുതല്‍ ബ്രാഹ്മണന്‍ വരെയുള്ളവരെ അണിനിരത്തിക്കൊണ്ടുള്ള 'ഹിന്ദു ലീഗ്' അനിവാര്യമാണെന്ന ചിന്ത ഉയര്‍ന്നുവന്നു കഴിഞ്ഞുവെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള പുതിയ ചിന്തകളും ഭാവനകളും ഭൂരിപക്ഷ സമുദായത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമായിരിക്കുകയാണ്.

കൊടുങ്ങല്ലൂര്‍ എസ്.എന്‍.ഡി.പി. യോഗം യൂണിയന്‍ പടിഞ്ഞാറെ വെമ്പല്ലൂരില്‍ സംഘടിപ്പിച്ച മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു വെള്ളാപ്പള്ളി.

ചത്ത കുതിരയെന്ന് നെഹ്രു വിശേഷിപ്പിച്ച മുസ്‌ലിം ലീഗ് ജാതിയും മതവും പറഞ്ഞ് ഇന്ന് കേരളഭരണം നിയന്ത്രിക്കുന്നു. ഭരണം പാണക്കാട് തങ്ങളുടെ കയ്യിലാണെന്നും വിദ്യാഭ്യാസ മേഖലയൊട്ടാകെ, മന്ത്രിസഭ പോലും അറിയാതെ ലീഗ് കീഴ്‌പ്പെടുത്തിയിരിക്കുകയാണ്. ഇത് സംസ്ഥാനത്ത് മതങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്നതിന് കാരണമായിക്കഴിഞ്ഞു. പള്ളിയെ തള്ളിപ്പറഞ്ഞു വന്നാല്‍, കേരള കോണ്‍ഗ്രസ്സിനെ മുന്നണിയിലെടുക്കാമെന്ന് പറഞ്ഞ വിപ്ലവകാരികള്‍ ഇന്ന് അരമനകള്‍ക്കു മുന്നില്‍ ബിഷപ്പിനെ കാണുവാന്‍ കഴിഞ്ഞില്ലെങ്കില്‍ കപ്യാരെയെങ്കിലും കാണുവാന്‍ അനുമതിവേണമെന്ന് പറഞ്ഞ് കിടക്കുന്നു -അദ്ദേഹം അഭിപ്രായപ്പെട്ടു.

യോഗം പ്രസിഡന്റ് ഡോ. എ.കെ. സോമന്‍ അധ്യക്ഷത വഹിച്ചു. വിവാഹ സഹായനിധി വിതരണം യൂണിയന്‍ സെക്രട്ടറി പി.കെ. രവീന്ദ്രനും പുസ്തക വിതരണം യോഗം കൗണ്‍സിലര്‍ ബേബിറാമും നവതി അംഗത്വവിതരണം ഡി. രാജനും നിര്‍വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് ഉമേഷ് ചള്ളിയില്‍, ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത്, ഷാജിന്‍ നടുമുറി, അഡ്വ. സംഗീത വിശ്വനാഥ്, കെ.കെ. ഗോപാലകൃഷ്ണന്‍, ലക്ഷ്മിനാരായണന്‍, സി.ബി. ജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. ബാലതാരം സാന്ദ്ര അനിലിന് സ്വീകരണം നല്‍കി.

More News from Thrissur