പൂരപ്പറമ്പിലെ പൊട്ടിത്തെറി പരിഭ്രാന്തി പരത്തി

Posted on: 04 Feb 2012



തൃശ്ശൂര്‍:വടക്കുന്നാഥ ക്ഷേത്രത്തിനു മുന്നില്‍ വെള്ളിയാഴ്ച രാത്രിയിലുണ്ടായ സ്‌ഫോടനം പരിഭ്രാന്തി പരത്തി. പൂരം വെടിക്കെട്ടിന്റെ അവശിഷ്ടങ്ങളില്‍ പൊട്ടാതെ കിടന്ന ഡൈന വേനലിലെ ചൂട് മൂലം പൊട്ടിത്തെറിച്ചതാണെന്നാണ് നിഗമനം.

രാത്രി 7.45 നാണ് വലിയ ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്. ശ്രീമൂലസ്ഥാനത്തിനടുത്ത് നായ്ക്കനാല്‍ ഭാഗത്ത് വെടിക്കെട്ടില്‍ കൂട്ടപ്പൊരിച്ചില്‍ നടക്കുന്നിടത്താണ് പൊട്ടിത്തെറിയുണ്ടായത്. പാര്‍ക്കിങ് സ്ഥലത്ത് കിടന്നിരുന്ന വാഹനങ്ങളിലൊക്കെ മണ്ണും ചരലും പതിച്ചു. നിലത്തു നിന്ന് അധികം ഉയരത്തിലല്ലാതെയാണ് പൊട്ടിത്തെറി ഉണ്ടായത്. സമീപത്തുണ്ടായിരുന്നവരെല്ലാം പരിഭ്രാന്തരായി. അസി.കമ്മീഷണര്‍ ടി.കെ. തോമസിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി.

പൂരത്തിന് വെടിക്കെട്ടിന്റെ കൂട്ടപ്പൊരിച്ചില്‍ നടക്കുമ്പോള്‍ മണ്ണ് വീണ് ചില അമിട്ടുകള്‍ പൊട്ടാതെ കിടക്കും. കോറയിലൂടെ മഴയിലും നനവ് തട്ടിയില്ലെങ്കില്‍ അപൂര്‍വമായി വേനലില്‍ പൊട്ടിത്തെറിച്ചേക്കാം. ഇത്തരം വസ്തുക്കള്‍ പൂരം കഴിയുമ്പോള്‍ തിരഞ്ഞെടുത്ത് മാറ്റാറുണ്ട്. കണ്ണില്‍ പെടാതെ മണ്ണില്‍ മറഞ്ഞുകിടന്നത് ചൂടില്‍ പൊട്ടിത്തെറിച്ചതാകാമെന്ന് കരുതുന്നു. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആര്‍ക്കും പരിക്കില്ല.

More News from Thrissur