തിങ്കളാഴ്ച മുതല്‍ മാലിന്യം നീക്കുമെന്ന് കോര്‍പ്പറേഷന്‍; തടയുമെന്ന് സമരസമിതി
Posted on: 04 Feb 2012
തൃശ്ശൂര്‍: നഗരത്തില്‍ കെട്ടിക്കിടക്കുന്ന മാലിന്യം തിങ്കളാഴ്ച മുതല്‍ ലലാലൂരിലേക്കുതന്നെ നീക്കിത്തുടങ്ങുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ മാലിന്യമല നീക്കുക, വികേന്ദ്രീകരണ മാലിന്യസംസ്‌കരണ പദ്ധതികള്‍ ആരംഭിക്കുക തുടങ്ങിയവ പ്രാവര്‍ത്തികമാക്കാതെ ലാലൂരിലേക്ക് മാലിന്യം കൊണ്ടുവരേണ്ട എന്ന നിലപാടിലാണ് സമരസമിതിക്കാര്‍. മാലിന്യം കൊണ്ടുവന്നാല്‍ തടയും. ഈ മാസം പതിനാലുമുതല്‍ നിരാഹാരസമരം ആരംഭിക്കാനും വെള്ളിയാഴ്ച വൈകീട്ട് നടന്ന സമരസമിതിയോഗം തീരുമാനിച്ചു. യോഗതീരുമാനം ശനിയാഴ്ച സമരസമിതി നേതാക്കള്‍ മേയറെ അറിയിക്കും. സമരസമിതി നേതാക്കളുമായി ഏറ്റുമുട്ടലിനില്ലെന്നും കോര്‍പ്പറേഷന്റെ തീരുമാനം സമവായത്തോടെ നടപ്പാക്കാനാണ് ശ്രമിക്കുന്നത് എന്നും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ് ശ്രീനിവാസന്‍ അറിയിച്ചു.
മാലിന്യമല നീക്കുന്നതിനായി മുളംകുന്നത്തുകാവ് പഞ്ചായത്തിലെ തോണിപ്പാറയില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്ന് മേയര്‍ ഐ.പി പോള്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ അറിയിച്ചു . ഇതുസംബന്ധിച്ച് സി.പി.എം. നേതാവ് ബേബി ജോണ്‍ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ചചെയ്ത് സമവായത്തിലെത്തും. വികേന്ദ്രീകരണ മാലിന്യസംസ്‌കരണ പദ്ധതികള്‍ക്കായി ഒരു പദ്ധതിനിര്‍വഹണ ഉദ്യോഗസ്ഥനെ ഉടന്‍ നിയമിക്കും. ലാംപ്‌സ് പദ്ധതിനിര്‍വഹണ ഉദ്യോഗസ്ഥനായിരുന്ന ഡോ. പത്തിയൂര്‍ ഗോപിനാഥിന് പകരമാണിത്. ലാംപ്‌സിനായി നീക്കിവെച്ചതില്‍ ബാക്കിയുള്ള 80 ലക്ഷം രൂപ പുതിയ പദ്ധതികള്‍ക്കായി ഇതോടെ ഉപയോഗിക്കാന്‍ സാധിക്കും.കോര്‍പ്പറേഷനിലും ഇത്തരം കാര്യങ്ങള്‍ക്ക് മാത്രമായി ഒരു ഉദ്യോഗസ്ഥനെ നിയമിക്കും. കാര്‍ഷികസര്‍വകലാശാലയിലെ സംസ്‌കരണപ്ലാന്റിനുള്ള സ്ഥലം കോര്‍പ്പറേഷന് കൈമാറുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും മേയര്‍ പറഞ്ഞു.
അതേസമയം മാലിന്യം റോഡരികില്‍ കൂട്ടിയിട്ട് കത്തിക്കുന്നത് വെള്ളിയാഴ്ചയും തുടര്‍ന്നു. പലയിടത്തും ഇതിനെതിരെ പ്രതിഷേധമുയര്‍ന്നു. ചില സ്ഥലങ്ങളില്‍ മാലിന്യം കത്തിച്ച പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.