ദൃശ്യചാരുതയില്‍ കല്ലഴി പൂരം

Posted on: 04 Feb 2012



കുന്നംകുളം: ചൊവ്വന്നൂര്‍ കല്ലഴിക്ഷേത്രത്തിന്റെ വലിയ ഉത്സവപറമ്പിനെ അരഞ്ഞാണം ചാര്‍ത്തി 23 ഗജവീരന്മാര്‍ അണിനിരന്നു.

വൈകീട്ട് നടന്ന കൂട്ടി എഴുന്നള്ളിപ്പ് കാണാന്‍ ആയിരങ്ങളാണ് എത്തിയത്.

ഗജവീര പ്രൗഢിയിലലിഞ്ഞ് കൂട്ടി എഴുന്നള്ളിപ്പില്‍ കലാനിലയം കമല്‍നാഥും സംഘവും അവതരിപ്പിച്ച ചെണ്ടമേളവും നാടന്‍ കലാദൃശ്യരൂപങ്ങളുടെ വരവും കൊഴുപ്പേകി. പൂരം കണ്ടിറങ്ങിയ പുരുഷാരം നേരെ കല്ലഴി പാടശേഖരത്തിലെത്തി.

അവിടെ ചെര്‍പ്പുളശ്ശേരി മുഹമ്മദ്കുട്ടി വെടിക്കെട്ടിന് തിരികൊളുത്തി. രാത്രി ഏഴേകാലോടെ തുടങ്ങിയ വെടിക്കെട്ട് കല്ലഴി പൂരത്തിന്റെ ശക്തി വിളിച്ചോതി.

നിറമാല, ചുറ്റുവിളക്ക്, കേളി എന്നിവയ്ക്ക് ശേഷം രാത്രിപൂരത്തിനു തുടക്കമായി. കോമരം ഉല്ലാസിന്റെ നേതൃത്വത്തില്‍ പതിനെട്ടാം കര്‍മ്മം ഗുരുതിതര്‍പ്പണം ആരംഭിച്ചു. രാവിലെ ക്ഷേത്രം തന്ത്രി കക്കാട് വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കാവിലമ്മയ്ക്ക് തന്ത്രിപൂജ, നവകം, പഞ്ചഗവ്യം, കോമരത്തിന് കലശം എന്നീ ചടങ്ങുകള്‍ നടന്നു. 9ന് പൂരപ്പറയ്ക്കുശേഷം 11.30ന് ദേവീ സഭാ മഠത്തിലേക്ക് ആനപ്പുറത്ത് എഴുന്നള്ളി. തൃക്കണ്ടത്ത് ഭഗവതിയിങ്കല്‍ ഇറക്കി പൂജയ്ക്ക് ശേഷം മൂന്ന് ആനപ്പുറത്ത് തിരിച്ച് എഴുന്നള്ളി.

ഉച്ചതിരിഞ്ഞ് മൂന്നരയോടെ കിടങ്ങൂര്‍ ശ്രീകാര്‍ത്ത്യായനി ദേവിയുടെ ക്ഷേത്രാഗമനത്തോടെ വിവിധ ദേശപൂരങ്ങളുടെ കാവ് കയറ്റം ആരംഭിച്ചു.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു കെ. തോമസ്, എസ്‌ഐ ടി.പി. ഫര്‍ഷാദ് എന്നിവരടങ്ങിയ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു.

More News from Thrissur