വടക്കാഞ്ചേരി മേല്‌പാലം അവസാന ഘട്ടത്തില്‍

Posted on: 04 Feb 2012



വടക്കാഞ്ചേരി:ടൗണിലെ റെയില്‍വേ ഗെയ്റ്റ് ഒഴിവാക്കുന്ന മേല്പാലം യാഥാര്‍ത്ഥ്യത്തിലേക്ക്. ഫിബ്രവരി 28 ന് നടക്കുന്ന ഉത്രാളിപ്പൂരത്തിന് മേല്‍പ്പാലത്തിലൂടെ സഞ്ചരിയ്ക്കാനാവുമെന്ന മോഹം സഫലമാകുന്നതിനുള്ള സാദ്ധ്യതകള്‍ തെളിഞ്ഞു. വെള്ളിയാഴ്ച രാവിലെ നിലവിലെ സംസ്ഥാന പാതയ്ക്ക് മീതെ പൊതുമരാമത്ത് വകുപ്പ് റെയില്‍വെ മേല്പാലത്തെയും വ്യതിചലന റോഡിനെയും ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന മേല്‍പ്പാലത്തിന്റെ കോണ്‍ക്രീറ്റ് ആരംഭിച്ചു. സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പാലത്തിലെത്തി കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് തുടക്കം കുറിച്ചു.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ്. മോഹന്‍ദാസ്, ഷീല പത്മനാഭന്‍, സഹകരണ ക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഇ.കെ. ദിവാകരന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. അജിത്കുമാര്‍, സിന്ധു സുബ്രഹ്മണ്യന്‍, സുനില്‍ ജേക്കബ്, കോണ്‍ഗ്രസ് നേതാക്കളായ ജോസഫ് ചാലിശ്ശേരി, ജിജോ കുരിയന്‍, സി.എ. ശങ്കരന്‍കുട്ടി, ഫൊറോന വികാരി ഫാ. ഡോ. ദേവസ്സി പന്തല്ലൂക്കാരന്‍, കേരള കോണ്‍ഗ്രസ്സ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ജോണി ചിറ്റിലപ്പിള്ളി, മരാമത്ത് ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു.

കോണ്‍ഗ്രീറ്റിങ്ങിന് തുടക്കം കുറിച്ച മന്ത്രി സമയബന്ധിതമായി എല്ലാം വേഗം തീര്‍ക്കണമെന്ന് കരാറുകാരനോട് നിര്‍ദ്ദേശിച്ചപ്പോള്‍ മണല്‍ക്ഷാമം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നായി കരാറുകാരന്‍. ഉടനെ കളക്ടറെ ബന്ധപ്പെട്ട് മേല്‍ല്പാലത്തിന് ആവശ്യമായ മണല്‍ മന്ത്രി ലഭ്യമാക്കി. ഇനി പാലത്തിന്റെ കൈവരി, നടപ്പാത എന്നിവയുടെ പ്രവൃത്തിയാണ് അവശേഷിക്കുന്നത്.

More News from Thrissur