പൂരം കഴിഞ്ഞ് മടങ്ങിയ യുവാവിനെ വെട്ടിയ കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍

Posted on: 04 Feb 2012



കുന്നംകുളം: ചിറ്റഞ്ഞൂര്‍ കാവിലക്കാട് പൂരം കഴിഞ്ഞ് മടങ്ങിയ യുവാവിനെ വെട്ടിയ കേസില്‍ സഹോദരങ്ങള്‍ അറസ്റ്റിലായി.

ആര്‍ത്താറ്റ് ചിറ്റഞ്ഞൂര്‍ ആലത്തി വീട്ടില്‍ വാസു (48), ഷിജു (32), വിബിഷ് (26) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ മറ്റൊരു സഹോദരനായ ബിനീഷിനെ (23) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ആര്‍ത്താറ്റ് തലക്കാട്ട് വീട്ടില്‍ വിനോദിനാണ് (30) വെട്ടേറ്റത്. ചാവക്കാട് താലൂക്ക് ആസ്​പത്രിയില്‍ കഴിഞ്ഞിരുന്ന വിനോദ് വീട്ടിലേക്ക് മടങ്ങി.

ജനവരി 27നാണ് കേസിന് ആസ്​പദമായ സംഭവം. ചിറ്റഞ്ഞൂര്‍ കാവിലക്കാട് പൂര മഹോത്സവത്തിനിടയില്‍ വിനോദും പ്രതികളായ സഹോരങ്ങളും തമ്മില്‍ കശപിശ ഉണ്ടായി. മുന്‍ വൈരാഗ്യമാണ് തര്‍ക്കത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. സംഭവം നടന്ന പിറ്റേ ദിവസം ബിനീഷിനെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു കെ. തോമസും സംഘവും അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോയ മറ്റ് സഹോദരങ്ങളെ വ്യാഴാഴ്ച രാത്രിയാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു കെ. തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

More News from Thrissur