മുക്രിമുങ്ങി; പള്ളിയിലെ പണവും സാധനവും നഷ്ടപ്പെട്ടതായി പരാതി

Posted on: 04 Feb 2012



ചാവക്കാട്:കടപ്പുറം അഞ്ചങ്ങാടി സെന്‍ട്രല്‍ ജുമാഅത്ത് പള്ളിയിലെ ഖത്തീബും മുക്രിയും പണവും സാധനങ്ങളുമായി മുങ്ങിയതായി കാണിച്ച് പള്ളി കമ്മിറ്റി ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കി. കുറെ കിത്താബുകള്‍ പതിനായിരത്തോളം രൂപ എന്നിവ നഷ്ടപ്പെട്ടതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഖത്തീബ് വേങ്ങര സ്വദേശി സിദ്ധിഖ് ഹസ്തനി, മുക്രി താനൂര്‍ തെയ്യാല സ്വദേശി അബ്ദുള്‍ കരീം സഖാഫി എന്നിവരെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെയോടെ കാണാതായത്. പള്ളിയും താമസിക്കുന്ന മുറിയും പൂട്ടി താക്കോല്‍ അവിടെ തന്നെ വെച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ സമയത്തിന് വാങ്ക് വിളി കേള്‍ക്കാത്തതിനെതുടര്‍ന്ന് പള്ളിയില്‍ നമസ്‌കരിക്കാനെത്തിയവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അപ്രത്യക്ഷമായ വിവരം അറിയുന്നത്. മൂന്ന് മാസം മുമ്പാണ് മുക്രി ചുമതലയേറ്റത്. താമസവും ഭക്ഷണവും പള്ളിയില്‍ തന്നെയാണ്. രസീത് പ്രകാരം വിശ്വാസികളില്‍ നിന്ന് വാങ്ങിക്കുന്ന പണമാണ് കാണാതായിട്ടുള്ളത്. കൂടുതല്‍ പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പള്ളി കമ്മിറ്റി പ്രസിഡന്റ് പി.സി. കോയമോന്‍, സെക്രട്ടറി പി.എ. മുജീബ് എന്നിവര്‍ ചാവക്കാട് പോലീസില്‍ പരാതി നല്‍കി.

More News from Thrissur