ഗുരുവായൂര്‍ റെയില്‍വേ വികസനം; 10 കോടി ലഭ്യമാക്കും-പി.സി. ചാക്കോ

Posted on: 04 Feb 2012



ഗുരുവായൂര്‍: ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസന പദ്ധതികള്‍ക്കായി പരിഗണനയിലുള്ള 10 കോടി രൂപ ഉടന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പി.സി. ചാക്കോ എം.പി. പറഞ്ഞു.

സ്റ്റേഷനിലെ വികസന പ്രവര്‍ത്തനങ്ങള്‍ ആരായാന്‍ എത്തിയ പി.സി. ചാക്കോ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. രണ്ടാം പ്ലാറ്റ്‌ഫോം നിര്‍മ്മാണം, ഭൂമിയെടുപ്പ് അനുബന്ധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പൂര്‍ത്തിയാക്കുന്നതിനായാണ് 10 കോടി ലഭ്യമാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

രണ്ടാം പ്ലാറ്റ് ഫോം നിര്‍മ്മാണവും ഫൂട്ട് ഓവര്‍ ബ്രിഡ്ജും തിരുവെങ്കിടം റെയില്‍വെ ഗേറ്റ് ഒഴിവാക്കുന്നതിനു മുമ്പ് തിരുവെങ്കിടം പ്രദേശത്തേയ്ക്കുള്ള റോഡിന്റെ നിര്‍മ്മാണവും വേഗത്തിലാക്കാന്‍ എം.പി. നിര്‍ദേശം നല്‍കി.

തിരുവെങ്കിടത്ത് പുതിയ സബ്‌വേ നിര്‍മ്മിക്കാന്‍ സാധ്യതാ പഠനം നടത്താമെന്നും ടിക്കറ്റ് കൗണ്ടറിലെ തിരക്ക് കുറയ്ക്കാന്‍ ആവശ്യമെങ്കില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുന്ന കാര്യം ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പ്ലാറ്റിന്റെ നിര്‍മ്മാണ പുരോഗതി, സ്റ്റേഷനിലെ ഓഫീസുകള്‍, വിശ്രമമുറി എന്നിവിടങ്ങളിലെല്ലാം അദ്ദേഹം സന്ദര്‍ശിച്ചു. ജീവനക്കാരുടെ കുറവും മറ്റു പോരായ്മകളും ഉദ്യോഗസ്ഥര്‍ എം.പി. യുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഇതുമായി ബന്ധപ്പെട്ട് റെയില്‍വെ ഡിവിഷണല്‍ മാനേജരുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് തൃശ്ശൂരില്‍ പ്രത്യേക യോഗം നടക്കുന്നുണ്ട്. ഗുരുവായൂരിന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും യോഗത്തില്‍ അവതരിപ്പിക്കുമെന്ന് എം.പി. സൂചിപ്പിച്ചു.

അലൈന്‍മെന്റിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതാണ് ഗുരുവായൂര്‍-തിരുനാവായ പാതയുടെ നിര്‍മ്മാണം വൈകാന്‍ ഇടയാക്കുന്നതെന്നും അക്കാര്യവും റെയില്‍വേ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പി.എ. മാധവന്‍ എം.എല്‍.എ., ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് വൈസ് ചെയര്‍മാന്‍ പി. വേണുഗോപാല്‍, നഗരസഭാ പ്രതിപക്ഷനേതാവ് കെ.പി.എ. റഷീദ്, കൗണ്‍സിലര്‍മാരായ ഉണ്ണികൃഷ്ണന്‍ കാഞ്ഞുള്ളി, കെ. മണികണ്ഠന്‍, യു.ഡി.എഫ്. ചെയര്‍മാന്‍ ശശി വാറണാട്ട്, കോണ്‍ഗ്രസ് നേതാക്കളായ പി. ഐ. ലാസര്‍, ആര്‍, ജയകുമാര്‍, പാലിയത്ത് ചിന്നപ്പന്‍, ബാലന്‍ വാറണാട്ട് തുടങ്ങിയവര്‍ എം.പിയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

More News from Thrissur