അന്താരാഷ്ട്ര നാടകോത്സവം അരങ്ങില്‍ കടലിലെ വിസ്മയലോകം
Posted on: 04 Feb 2012
തൃശ്ശൂര്‍: കടലിന്നടിയിലെ വിസ്മയത്തിരമാലകള്‍ക്കുള്ളില്‍ നിന്നുകൊണ്ടൊരു നാടകം. അന്താരാഷ്ട്ര നാടകോത്സവത്തില്‍ വെള്ളിയാഴ്ച അരങ്ങേറിയ നാടകമാണ് കാണികളെ അത്ഭുതപരതന്ത്രരാക്കിയത്. എല്‍.ഇ.ഡി ലൈറ്റുകളും ഡിജിറ്റല്‍ പ്രൊജക്ഷനും ഉപയോഗിച്ചാണ് വേദിയിലെ വിസ്മയലോകം സൃഷ്ടിച്ചത്. 2000 ലീഗ്‌സ് അണ്ടര്‍ ദ സീയില്‍ ശാസ്ത്രജ്ഞയായ നെമോയും ശിങ്കിടി അരോനക്‌സുമാണ് പ്രധാന കഥാപാത്രങ്ങള്‍. കടലിന്നടിയിലെ സത്വത്തെപ്പറ്റിയും ഭാവിയും മുന്‍കൂട്ടി കാണാന്‍ കഴിയുന്നു ഇവര്‍ക്ക്. അതിനെപ്പറ്റി പഠിക്കാന്‍ പോകുന്ന ഇവരുടെ സാഹസികതയും അവരെ സഹായിക്കുന്ന കപ്പിത്താനും കപ്പല്‍ജീവനക്കാരും ചേരുന്നതോടെ അതിശയങ്ങളുടെ ചുരുളഴിയുന്നു. കടലിന്നടിയില്‍ സത്വത്തിന്റെ പിടിയില്‍നിന്ന് കപ്പിത്താനെ രക്ഷിക്കുന്നതും കാടിനുള്ളില്‍ പോകുന്നതും എല്ലാം യഥാര്‍ത്ഥ ദൃശ്യഭംഗിയോടെ വേദിയില്‍ അവതരിപ്പിച്ചു. കടലും കടല്‍ക്ഷോഭവും കടലിന്നടിയിലെ ലോകവും കണ്‍മുന്നിലെത്തുകയാണ്. ദൃശ്യങ്ങള്‍ക്കൊപ്പം പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദസംവിധാനങ്ങളും കാഴ്ചകള്‍ക്കു ജീവന്‍ നല്‍കുന്ന പ്രകാശക്രമീകരണങ്ങളും നാടകത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കി. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള നാടകത്തില്‍ അഞ്ചുപേരാണ് അഭിനയിച്ചത്. പിനോ ഡി ബുഡുവോ ആണ് സംവിധായകന്‍.
ശനിയാഴ്ച ഹ്യുമാര്‍ട്ടല്‍, ദി വാട്ടര്‍ സ്റ്റേഷന്‍ എന്നിവ അരങ്ങേറും. കാറ്റലോണിയന്‍ നാടകസംഘമായ ഇ.എഫ്.എസ്സിനുവേണ്ടി അലക്‌സ് നവാറോ സംവിധാനം ചെയ്ത തെരുവുനാടകാവതരണമാണ് ഹ്യുമാര്‍ട്ടല്‍. മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിനു പകരം ദഹിപ്പിക്കുന്ന ശീലം പ്രചരിച്ചതോടെ ശവമടക്കാന്‍ നേരിടുന്ന പ്രതിസന്ധിയെയാണ് ഈ നാട്യാവതരണം പ്രമേയമാക്കുന്നത്. തീയറ്റര്‍ റൂട്‌സ് ആന്‍ഡ് വിങ്‌സിനുവേണ്ടി ശങ്കര്‍ വെങ്കിടേശ്വരന്‍ സംവിധാനം ചെയ്ത ദി വാട്ടര്‍ സ്റ്റേഷന്‍ ഭാഷയോ സംഭാഷണമോ ഇല്ലാത്ത ഒരു നാടകമാണ്. ജാപ്പനീസ് നാടകകൃത്തായ ഷോഗോ ഓട്ടോയുടെ പ്രശസ്തമായ ഈ നാടകം പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളുടെ പാതയില്‍ സ്ഥിതിചെയ്യുന്ന ഒരു പൈപ്പിന്റെ ചുറ്റും നടക്കുന്ന സംഭവങ്ങളാണ്. ഏറ്റവും പതിഞ്ഞ താളത്തില്‍ അഭിനേതാക്കള്‍ ചലിക്കുന്ന ഈ നാടകം നിശ്ശബ്ദതയിലൂടെയും ചലനത്തിലൂടെയും ധ്യാനാത്മകമായൊരു യാത്രയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും 18 നടീനടന്മാരാണീ നാടകത്തില്‍ പങ്കെടുക്കുന്നത്. കോഴിക്കോട് സ്വദേശിയായ ശങ്കര്‍ വെങ്കിടേശ്വരന്‍ തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനശേഷം സിംഗപ്പുരിലെ ടി.ടി.ആര്‍.ഡി.യില്‍നിന്ന് തിയേറ്ററില്‍ ഉപരിപഠനം നടത്തി.