വൈദ്യുതിലൈന്‍ ഉന്നതസംഘം പരിശോധിച്ചു

Posted on: 04 Feb 2012



വടക്കേക്കാട്: തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കവേ തൊഴിലാളി ശാന്ത ഷോക്കേറ്റുമരിക്കാനിടയാക്കിയ കടാമ്പുള്ളി പാടത്തെ പതിനൊന്ന് കെ.വി. ലൈന്‍ കെ.എസ്.ഇ. ബോര്‍ഡിലെ ഉന്നത സംഘം വെള്ളിയാഴ്ച പരിശോധിച്ചു. വൈദ്യുതി സേഫ്റ്റി കമ്മീഷണര്‍ കെ. ഹെന്‍ട്രിയുടെ നേതൃത്വത്തിലാണ് ലൈന്‍ പരിശോധിച്ചത്. 24 വര്‍ഷം മുമ്പ് വലിച്ച ലൈന്‍ ആല്‍ത്തറ ഫീഡറില്‍ ഉള്‍പ്പെട്ടതാണെന്ന് ജീവനക്കാര്‍ പറഞ്ഞു. വൈദ്യുതി കമ്പികള്‍ താഴ്ന്നുകിടക്കുകയാണെന്ന നാട്ടുകാരുടെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തും. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ ടി. രാജന്‍, ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ. രാജന്‍ എന്നിവരും സംഭവസ്ഥലത്തെത്തി.

ഷോക്കേറ്റു മരിച്ച ശാന്തയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. വെള്ളിയാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ടില്‍നിന്നുള്ള സഹായധനമായി 25000 രൂപയുടെ ചെക്ക് വടക്കേക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ഫസലുല്‍ അലി ശാന്തയുടെ വീട്ടുകാര്‍ക്ക് നല്കി.

More News from Thrissur