കണ്ടല്‍ക്കാടുകളെക്കുറിച്ച് പഠിക്കാന്‍ ഉദ്യോഗസ്ഥസംഘം എത്തി

Posted on: 04 Feb 2012



പാവറട്ടി: ചേറ്റുവ മേഖലയില്‍ ഉദ്യോഗസ്ഥസംഘം കണ്ടല്‍ക്കാടുകള്‍ സന്ദര്‍ശിച്ചു. കേരള ഫോറസ്റ്റ് റിസര്‍വ് ഇന്‍സ്റ്റിറ്റിയൂട്ടിലെ സീനിയര്‍ ശാസ്ത്രജ്ഞന്‍ ഡോ. എന്‍. ശശിധരന്‍, ഡോ. പി. സുജനപാലന്‍, പട്ടിക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറായ കെ.ആര്‍, തോമസ് പൊങ്ങണേങ്ങാട്, ഫോറസ്റ്റ് ഡെപ്യൂട്ടി ഓഫീസറായ ടി.സി. ദേവസ്സി എന്നിവരാണ് സന്ദര്‍ശിച്ചത്. പൂക്കണകുറ്റിക്കണ്ടല്‍, ഭ്രാന്തന്‍കണ്ടല്‍, ചെറു ഉപ്പട്ടി, ചുള്ളികണ്ടല്‍, പുഴമുല്ല, കമ്മട്ടിവള്ളി എന്നീ ഇനത്തില്‍പ്പെട്ട എട്ടുതരം കണ്ടലുകളെ കണ്ടെത്തി. വേലിയേറ്റത്തില്‍ നിന്ന് കരപ്രദേശത്തെ സംരക്ഷിക്കുന്ന കണ്ടലുകള്‍ ദേശാടനപക്ഷികളുടെ സങ്കേതംകൂടിയാണ്. മത്സ്യങ്ങള്‍ പ്രജനനത്തിനായി ആശ്രയിക്കുന്നതും കണ്ടല്‍ക്കാടുകളെയാണ്. വിവിധ ഉദ്യേശങ്ങള്‍ക്കായി കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിക്കുന്ന പ്രേരണ തടയണമെന്നും നാശത്തിന്റെ വക്കിലെത്തിയ കണ്ടലുകളെ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുണമെന്നും ന്യൂസ് കെ. സംഘടന ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മേല്‍നടപടികള്‍ ആരംഭിച്ചു. ന്യൂസ് കെ. ഭാരവാഹികളായ രവി പനയ്ക്കല്‍, ഡോ. ത്രേസ്യാ ഡയസ്, കെ. സുഗതന്‍, എ.ജെ. ഷണ്‍മുഖന്‍ വൈദ്യര്‍, വി.എ. ഖാദര്‍, കെ.എല്‍. ഷാജി, എ.എന്‍. ജോഷി എന്നിവരും സന്ദര്‍ശന സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ഒരുമനയൂര്‍ പഞ്ചായത്തില്‍പ്പെട്ട എട്ടര ഏക്കറോളം കണ്ടല്‍ പ്രദേശമാണ് ടോട്ടല്‍ സ്റ്റേഷന്‍ എന്ന ആധുനിക ഉപകരണത്തിന്റെ സഹായത്തോടെ സര്‍വ്വേ നടത്തിയത്.

More News from Thrissur