മദ്യപാനത്തെ എതിര്‍ത്ത കടയുടമയുടെ കൈ തല്ലിയൊടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

Posted on: 04 Feb 2012



കുന്നംകുളം: കടയുടെ മുന്നിലെ മദ്യപാനത്തെ എതിര്‍ത്ത ഉടമയുടെ കൈ ആയുധം ഉപയോഗിച്ച് തല്ലിയൊടിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പഴഞ്ഞി ഐനൂര്‍ സ്വദേശി കിഷോര്‍ (ആന്ധ്രകിഷോര്‍-32) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി കുന്നംകുളത്ത് നിന്നാണ് കിഷോറിനെ എസ്‌ഐ ടി.വി. ഫര്‍ഷാദും സംഘവും അറസ്റ്റ് ചെയ്തത്.

വലതുകൈയ്ക്ക് പൊട്ടലേറ്റ തയ്യില്‍ വളപ്പില്‍ ഹംസ (50) റോയല്‍ ആസ്​പത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രിയാണ് മര്‍ദനമേറ്റത്. അയിന്നൂര്‍ റേഷന്‍ കടയ്ക്ക് സമീപം പച്ചക്കറി കച്ചവടം നടത്തുന്ന ഹംസ തന്റെ സ്ഥാപനത്തിന് മുന്നിലെ മദ്യപാനത്തെ എതിര്‍ത്തതാണ് മര്‍ദനത്തിന് കാരണം. കിഷോറും സംഘവും ആണ് മദ്യപിക്കാനെത്തിയത്.

വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ കിഷോറിനെ വെള്ളിയാഴ്ച വൈകീട്ട് കോടതിയില്‍ ഹാജരാക്കും. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

More News from Thrissur