ബഷീറിന്റെ മതിലുകളിലെ ചുമരുകൾക്കപ്പുറമുള്ള പ്രണയമൊന്നും ഉണ്ടാകില്ലെന്നറിയാമെങ്കിലും ജയിലിനെക്കുറിച്ചുള്ള  മനസ്സിലെ ചിത്രത്തിന് അത്ര മിഴിവ് ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് വിയ്യൂർ സെൻട്രൽ ജയിൽ സന്ദർശിക്കാനുള്ള അവസരം ഞങ്ങൾക്ക് ഒത്തുവന്നത്. പ്രിൻസിപ്പാളിന്റേയും അധ്യാപകരുേടയും ഏറെ നാളത്തെ പരിശ്രമങ്ങളുടെ ഫലമായിട്ടായിരുന്നു അത്. 
        നവംബറിന്റെ അവസാനനാളുകളിൽ ഞങ്ങൾ 80 പേരടങ്ങുന്ന സംഘം ജയിലിൽ എത്തിച്ചേർന്നു. ഒരുപാട് ആശങ്കകളും ധാരണകളും മനസ്സിൽ കുറിച്ചാണ് ഗേറ്റിനുള്ളിലേക്ക് കയറിയത്. മഞ്ഞപ്പെയിന്റടിച്ച നീളൻ കെട്ടിടങ്ങൾക്ക് ചുറ്റും മൂന്നാൾപ്പൊക്കത്തിലുള്ള കൂറ്റൻ മതിൽ ഉയർന്നു നിന്നു. 
   സഹതാപത്തിന്റെയോ അമർഷത്തിന്റെയോ വെറുപ്പിന്റെയോ ഒരു മതിൽ ഞങ്ങളുടെ ഹൃദയത്തിലും ഉണ്ടായിരുന്നു. എന്നാൽ വലിയ ഗേറ്റിനുള്ളിലേക്കുള്ള ആ കാൽവെപ്പ് തെറ്റിദ്ധാരണകളിൽ നിന്നുള്ള ഞങ്ങളുടെ മോചനമായിരുന്നു. ജയിലിന്റെ മൊത്തം അച്ചടക്കം ഞങ്ങളെയും അച്ചടക്കമുള്ളവരാക്കി. 
    വരിവരിയായിട്ടാണ് ഓരോ ഭാഗവും സന്ദർശിച്ചത്. ജയിൽ ഉദ്യോഗസ്ഥർ നൽകിയ ചെറിയ ക്ലാസ്‌ ഞങ്ങളിൽ വലിയ അറിവുകൾ ഉണ്ടാക്കി. സംശയങ്ങളൊക്കെ ക്ഷമയോടെ പറഞ്ഞു മനസ്സിലാക്കി. 
 സിനിമകളിൽമാത്രം കണ്ട ജയിലുകളേ ഞങ്ങൾക്ക് പരിചയമുണ്ടായിരുന്നുള്ളൂ. ‘കേരളത്തിലെ ഒരു ജയിലിലും പാറമടയില്ല’എന്ന ജയിൽ സൂപ്രണ്ടിന്റെ വാക്കുകളിൽ ഇല്ലാതായത് പല സിനിമകളും ഉള്ളിലേക്കാഴ്ത്തിയ കാഴ്ചയായിരുന്നു. 
ഏക്കറുകളായി പരന്നുകിടക്കുന്ന ജയിൽ പരിസരം അച്ചടക്കത്തിന്റേയും അധ്വാനത്തിന്റേയും വൃത്തിയുടേയും ദൃശ്യങ്ങൾ കാട്ടിത്തന്നു. മനോഹരമായ പൂന്തോട്ടവും മറ്റും ജയിലിന്റെ മനോഹാരിത ഒന്നുകൂവർധിപ്പിക്കുന്നു. ചീര, പയർ തുടങ്ങിയ വിളകളും പരന്നു കിടക്കുന്ന വിശാലമായ കൃഷിയിടങ്ങളും കണ്ടു. 
‘വായന പുനർജീവന് ’  എന്നോർമ്മപ്പെടുത്തി വലിയ പുസ്തകശേഖരവുമായി ജയിൽ ലൈബ്രറിയും ഞങ്ങളെ അത്ഭുതപ്പെടുത്തി. അന്തേവാസികൾക്കുള്ള വസ്ത്രനിർമാണയൂണിറ്റിലെ ഓരോ ഘട്ടവും ഉദ്യോഗസ്ഥർ ഞങ്ങൾക്ക് വിവരിച്ചു തന്നു. മറ്റൊരിടത്ത്  ചപ്പാത്തി ഉണ്ടാക്കുന്ന തിരക്കിലായിരുന്നു കുറച്ചുപേർ. എപ്പോഴോ ജയിലിന് സർക്കാർ വിദ്യാലയത്തിന്റെ മുഖച്ഛായ തോന്നി. മഞ്ഞ പൂശിയ ചുവരുകൾ, അലക്കിത്തേച്ച വെള്ളവസ്ത്രമണിഞ്ഞ വിദ്യാർഥികൾ, നേർവഴി കാണിക്കുന്ന കാക്കിയുടുപ്പിട്ട അധ്യാപകർ. 
 ഒരു തരത്തിലുള്ള അവകാശങ്ങളും ജയിലിൽ നിഷേധിക്കപ്പെടുന്നില്ല. പഠനം, തൊഴിൽ, ഭക്ഷണം എല്ലാം സുലഭം. ആരോഗ്യസ്ഥിതി മോശമായ തടവുകാർക്കായി ആസ്പത്രിയുണ്ട്. പകർച്ചവ്യാധിയുള്ളവരെ താമസിപ്പിക്കാൻ പ്രത്യേക കെട്ടിടവും. പക്ഷേ എത്ര സൗകര്യങ്ങളുടെ പട്ടിക നിരത്തിയാലും ‘ സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം’ എന്ന ചിന്തയും ഒപ്പം ഉയരുന്നു. കോളേജ് യൂണിയൻ കോളേജിൽനിന്ന് ശേഖരിച്ച പുസ്തകങ്ങൾ പ്രിൻസിപ്പൽ പോലീസ് സൂപ്രണ്ടിന് കൈമാറി.
 വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. അന്തേവാസികളുടെ കൂട്ടത്തിൽനിന്നുള്ള കലാകാരന്മാരും പരിപാടികളുടെ ഭാഗമായി. ജയിൽചപ്പാത്തിയും ബിരിയാണിയും കഴിച്ച് വൈകീട്ട് മടങ്ങുമ്പോൾ പഴയ ധാരണകളെല്ലാം മനസ്സിൽനിന്ന് മാഞ്ഞു പോയിരുന്നു. അതിനെല്ലാം ഒരുപാട് സഹായിച്ചതും സഹകരിച്ചതും സൂപ്രണ്ടും  ചീഫ് വാർഡനും വെൽഫെയർ ഓഫീസറുമാണ്. 
   ജയിലിൽ മുഴുവൻ മഹാത്മാക്കൾ ആണെന്ന പ്രസ്താവനയല്ല നടത്തുന്നത്. പശ്ചാത്താപത്തിന്റെ കണ്ണുനീർ വീണ് അതിലെത്രപേരുടെ ഹൃദയത്തിലെ തിന്മകൾ മാഞ്ഞുപോയോ എന്ന ചോദ്യത്തിനും ഉത്തരമില്ല. പക്ഷേ നന്മയുടെ ഒരല്പമെങ്കിലും ആ മതിലുകൾക്കുള്ളിൽ ഇന്നും തളംകെട്ടി നിൽക്കുന്നുണ്ടെന്ന വിശ്വാസത്തോടെയാണ് ഞങ്ങൾ തിരിച്ചിറങ്ങിയത്.