തൃശ്ശൂർ നഗരത്തിന്റെ നാടകമോഹങ്ങൾക്ക് ചിറകു നൽകിയ ഇറ്റ്‌ഫോക്കിനും ഒപ്പം തെരുവിലേക്കിറങ്ങിവന്ന നാടകങ്ങൾക്കും ചൊവ്വാഴ്ച സമാപനം. രാവും പകലും പകർന്നാടിയ നാടകക്കാഴ്ചകളുടെ മാറ്റൊലികൾ മാത്രം നിലനിൽക്കും. ജീവിതത്തിന്റെ പ്രതിഫലനങ്ങളായി വേദിയിൽ നിറഞ്ഞ അഭിനേതാക്കൾ മറ്റ് വേദികളോ ജീവിതത്തിന്റെ അരങ്ങുകളോ തേടി യാത്രയാകും. 
    ഇറ്റ്‌ഫോക്കിന്റെ ഒൻപതാം പതിപ്പ് വേദിയിലെത്തിയത് തെരുവുനാടകങ്ങളുടെ വലിയ സ്വാതന്ത്ര്യത്തെ കടംകൊള്ളാനുള്ള ധീരമായ പരീക്ഷണവുമായായിരുന്നു. ഒരു വേദിയിൽ കാത്തിരിക്കുന്ന പരിമിതമായ കാഴ്ചക്കാർക്കപ്പുറം ഒരു നാടിനെയാകെ ഒപ്പം കൂട്ടാൻ തെരുവുനാടകങ്ങൾക്ക് കഴിയുമെന്ന ബോധത്തെ ഉറപ്പിക്കുന്നതായി തെരുവവതരണങ്ങൾ. 
തെരുവുനാടകത്തിന്റെ ശക്തിയിൽ ആസ്വാദകവൃന്ദത്തെ ഒപ്പം നിർത്തിയ നാടകപരമ്പരയിൽ ആദ്യത്തേത്  സ്പാനിഷ്-ലിത്വാനിയൻ നാടകം അറൈവ്ഡ് ആയിരുന്നു. കണ്ടു പരിചയിച്ച നാടകങ്ങളിൽ നിന്നും വേറിട്ട് സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ഒരു പൂർണ സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നു അത്. തുടർന്നുള്ള ദിവസങ്ങളിൽ അവതരിപ്പിക്കപ്പെട്ട ‘ഐ ആം അൺടച്ചബിൾ, ഐ ആം രോഹിത് വെമുല’, ‘സാരി റോസ’ തുടങ്ങിയ നാടകങ്ങളും സമകാലീന വിഷയങ്ങളേറ്റെടുത്ത് നാട്ടുകാർക്കൊപ്പം ചേർന്ന് നടത്തിയ പ്രഖ്യാപനങ്ങളായി.

     അവതരിപ്പിക്കപ്പെട്ട എല്ലാ നാടകങ്ങളും മികച്ച നിലവാരം പുലർത്തിയതും നാടകോത്സവത്തിന്റെ പ്രത്യേകതയായി എടുത്തുപറയാവുന്നതാണ്. ഒരു നാടകത്തോട് പോലും കാണികൾ മുഖംതിരിഞ്ഞ് നിന്നില്ല. എന്നാൽ നാടകോത്സവത്തിലെ തന്നെ മികച്ച നാടകങ്ങളായി വിലയിരുത്തപ്പെട്ട പല നാടകങ്ങൾക്കും പുനരവതരണങ്ങൾ ഇല്ലാതിരുന്നതും ഒരേസമയത്ത് രണ്ട് നാടകങ്ങൾ അരങ്ങേറിയതും ആസ്വാദകരെ അലോസരപ്പെടുത്തി.  
സ്ഥലപരിമിതിമൂലം പ്രതീക്ഷയോടെ കാത്തിരുന്ന നാടകം കാണാൻ കഴിയാതെപോയ നിരാശയിൽ ബഹളം വച്ചാണ് ആസ്വാദകർ ‘ദ ക്യാബിനറ്റ് ഓഫ് ഡോ.കാലിഗരി’ അടക്കമുള്ള ചില നാടകങ്ങളുടെ വേദികൾക്ക് മുൻപിൽനിന്നും പിരിഞ്ഞുപോയത്. 
     ഹർത്താൽ ദിവസത്തിലും തളരാത്ത ആവേശവുമായി ആളുകൾ നാടക വേദിയിൽ ഒത്തുചേർന്നതും മികച്ച അനുഭവമായി.

      നാടകാസ്വാദനത്തിന് വ്യത്യസ്ത ഭാവങ്ങൾ നൽകിയ യു.എസ്.എ.യിൽ നിന്നുള്ള നാടകസംഘം അവതരിപ്പിച്ച പൂൾ പ്ലേ, പരമ്പരാഗത ഫ്ലീ സർക്കസിന്റെ തനിമകൾ സ്വാംശീകരിച്ചൊരുക്കിയ ആക്ടിങ്‌ ബഗ്, പാവകളിയും നിഴൽനാടകവും പോലുള്ള സങ്കേതങ്ങളെ ഒന്നിച്ച് ചേർത്തവതരിപ്പിച്ച ഡെന്മാർക്കിൽ നിന്നെത്തിയ ‘ക്ലൗൺസ് ഹൗസസ്’ തുടങ്ങിയ നാടകങ്ങളും അവതരണമികവിൽ ശ്രദ്ധനേടി. മലയാള നാടകങ്ങളിൽ കാളി, ബാൽക്കണി, തീയൂർ രേഖകൾ, ചരിത്രപുസ്തകത്തിലേയ്ക്കൊരേട് തുടങ്ങിയ നാടകങ്ങൾ ചർച്ച ചെയ്യപ്പെട്ടു.
നാടകവേദിയിൽ കവിതകൾക്കും സംഗീതത്തിനും ഇടനൽകി അവതരിപ്പിക്കപ്പെട്ട മ്യൂസിക് ക്രോസ് ഓവർ പരിപാടികളും, നാടകാവതരണത്തിന്റെ തൊട്ടടുത്ത ദിവസം സംഗീത നാടക അക്കാദമി കാമ്പസിലൊരുക്കിയ മീറ്റ് ദ ആർട്ടിസ്റ്റ് പരിപാടികളും മികച്ചുനിന്നു. സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കൊളോക്യങ്ങൾ ഗൗരവമുള്ള ചർച്ചകളുടെ വേദിയായി. പൊതുവിൽ ഇറ്റ്‌ഫോക്ക് കഴിഞ്ഞ പതിപ്പിന്റെ അത്രത്തോളം ആസ്വാദകരെ സ്വീകരിച്ചില്ലെന്ന അഭിപ്രായങ്ങളും ഉയർന്നു.