dgഇരിങ്ങാലക്കുട: തെരുവിലെറിഞ്ഞ നായയ്ക്ക് സംരക്ഷകനായി വാര്‍ഡ് കൗണ്‍സിലര്‍. ജര്‍മന്‍ ഷെപ്പേഡ് വര്‍ഗത്തില്‍പ്പെട്ട നായയുടെ സംരക്ഷണമാണ് വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ ഏറ്റെടുത്തത്.

ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ കിട്ടമേനോന്‍ റോഡിലാണ് നാലുവയസ് പ്രായം വരുന്ന നായയെ കണ്ടത്. ഭക്ഷണം കൊടുത്താല്‍ നായ പോകില്ലെന്ന ഭയത്താല്‍ ആരും കണ്ട ഭാവം നടിച്ചില്ല. ഓരോ വീടിന്റെയും ഗേറ്റിന് മുന്നില്‍ മഴയും വെയിലും കൊണ്ടാണ് നായ നാലുനാള്‍ കഴിഞ്ഞത്. തുടര്‍ന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്.

നായ്ക്കള്‍ക്ക് വേണ്ടിയുള്ള തൃശ്ശൂരിലെ സംഘടനയെ ബന്ധപ്പെട്ടപ്പോള്‍ ഷെല്‍ട്ടര്‍ ഇല്ലാത്തതിനാല്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് നായയുടെ സംരക്ഷണം സന്തോഷ് ബോബന്‍ ഏറ്റെടുക്കുകയായിരുന്നു.

കാര്യമായ അസുഖങ്ങള്‍ ഒന്നുംതന്നെ നായയ്ക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.