ആളൂര്‍: ആളൂരില്‍ അമ്പലവും വീടും കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ച യുവാവിനെ ആളൂര്‍ പോലീസ് അറസ്റ്റുചെയ്തു. ചാലക്കുടി ഉറുമ്പന്‍കുന്ന് വെള്ളച്ചാലില്‍ ബിബിനെ(19)യാണ് എസ്.ഐ. വി.വി. വിമലും സംഘവും അറസ്റ്റുചെയ്തത്.

ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ആളൂര്‍ എടത്താടന്‍ മുത്തപ്പന്‍ ക്ഷേത്രത്തിലും കനാല്‍പ്പാലത്തിനടുത്തുള്ള മംഗലത്തുപറമ്പില്‍ തോമസിന്റെ വീട്ടിലുമാണ് ഇയാള്‍ മോഷണം നടത്തിയത്. എ.എസ്.ഐ.മാരായ സി.എ. സാദത്ത്, ഒ.ജെ. പോള്‍സന്‍, ഗ്ലാഡിന്‍ ഫ്രാന്‍സിസ്, സീനിയര്‍ സി.പി.ഒ. അശോകന്‍, സി.പി.ഒ.മാരായ ജീവന്‍, ടെസ്സി, വിനു, ഷൈജു എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.

വിവിധ സ്ഥലങ്ങളില്‍നിന്ന് ഇയാള്‍ മൊബൈല്‍ഫോണും സൈക്കിളുകളും മോഷ്ടിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു. രാത്രികാലങ്ങളില്‍ വീടുവിട്ട് കറങ്ങിനടന്നാണ് യുവാവ് മോഷണം നടത്തുന്നത്.

സി.സി.ടി.വി. ദൃശ്യങ്ങളും സ്ഥിരം കുറ്റവാളികളെയും നിരീക്ഷിച്ചുവരുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. 2016-ല്‍ ചാലക്കുടി പോട്ടയില്‍ അമ്പലവും കടയും അലവി സെന്ററില്‍ കപ്പേളയും കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലും കൊടകരയില്‍ മോബൈല്‍ഫോണ്‍ മോഷണക്കേസിലും ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.