തൃശ്ശൂര്‍: കന്യാകുമാരിയില്‍നിന്ന് കശ്മീരിലെ കര്‍ദുംഗല പാസ് വരെ 12,000  കിലോമീറ്റര്‍ സഞ്ചരിച്ച് ഷൈനി രാജ്കുമാര്‍ ശനിയാഴ്ച തൃശ്ശൂരിലെത്തി.  വനിതകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ അവസാനിപ്പിക്കുകയെന്ന   സന്ദേശമുണര്‍ത്തിയുള്ള യാത്ര ഞായറാഴ്ച തിരുവനന്തപുരത്ത് സമാപിക്കും. കേരളത്തിന്റെ ആദ്യ വനിതാ ബുള്ളറ്റ് ക്‌ളബ്ബിന്റെ സ്ഥാപകയാണ് ഷൈനി.

ജൂലായ് 16ന് തിരുവനന്തപുരത്തുനിന്നാണ് ഷൈനി യാത്രതിരിക്കുന്നത്. ആദ്യദിവസം മധുരയ്ക്കും തിരുനെല്‍വേലിക്കും ഇടയില്‍ രാത്രി ബൈക്ക് കല്ലില്‍ കയറി മറിഞ്ഞു. ഷൈനിക്ക് പരിക്ക് പറ്റിയില്ലെങ്കിലും ബൈക്കിന് തകരാര്‍ സംഭവിച്ചു. യാത്രാസ്വപ്നം  ഉപേക്ഷിക്കേണ്ടിവരുമോ എന്നുള്ള ആശങ്കയില്‍ സംഭവം വീട്ടിലറിയിച്ചില്ല. 

ബുള്ളറ്റ് അറ്റകുറ്റപ്പണി നടത്തി യാത്ര തുടര്‍ന്നു. മറ്റ് തടസ്സങ്ങളൊന്നും കൂടാതെ യാത്ര പൂര്‍ത്തിയാക്കാനായതിന്റെ ആവേശത്തിലാണ് ഷൈനി. ''യാത്ര തന്ന ഊര്‍ജത്താല്‍ താന്‍ പുതിയ ഒരാളായിമാറി. അത്രയേറെ അനുഭവങ്ങളാണുണ്ടായത്. നിരവധി സുഹൃത്തുക്കളെയും ലഭിച്ചു.'' - ഷൈനി പറഞ്ഞു. 

അനൂപ്, നാഷ് എന്നീ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഷൈനി യാത്രയാരംഭിക്കുന്നത്. ജോലിക്ക് തിരിച്ചുകയറേണ്ടതിനാല്‍ സുഹൃത്തുക്കള്‍ മണാലിയില്‍വെച്ച് യാത്ര അവസാനിപ്പിച്ചുവെങ്കിലും പിന്തിരിഞ്ഞുമടങ്ങാന്‍ ഷൈനി തയ്യാറായില്ല.

സുഹൃത്തുക്കളും വിവിധ സംസ്ഥാനങ്ങളിലെ ബുള്ളറ്റ് റൈഡിങ് ക്‌ളബ്ബുകളും സ്വീകരണവും താമസസ്ഥലവും ഒരുക്കി പിന്തുണച്ചു. യാത്രയില്‍ ദിവസം 700 കിലോമീറ്റര്‍ വരെ ബൈക്കോടിച്ചു. അതുവരെ പരമാവധി 300 കിലോമീറ്റര്‍ വരെയായിരുന്നു ഓടിച്ചിരുന്നത്. കായികാധ്യാപികകൂടിയായ ഷൈനിയില്‍ അച്ഛന്റെ അനിയന്‍ തങ്കരാജിന്റെ ബുള്ളറ്റ് കണ്ടാണ് റൈഡില്‍ ആവേശമുണര്‍ന്നത്. വീട്ടില്‍നിന്നുള്ള പ്രോത്സാഹനമേറിയതോടെ ഇരുപതാംവയസ്സുമുതല്‍ ഷൈനി ബുള്ളറ്റ് ഓടിച്ചുതുടങ്ങി. യാത്രയില്‍ പ്രചോദനമുള്‍ക്കൊണ്ട വനിതകളെ ഷൈനി ഒരുമിച്ചുകൂട്ടി. ബുള്ളറ്റ് പഠിപ്പിക്കാനും യാത്രപോകാനുമുള്ള വനിതാ ബുള്ളറ്റ്  ക്‌ളബ്ബുകള്‍ രൂപവത്കരിച്ചുതുടങ്ങി. ഇപ്പോള്‍ കേരളത്തിലെ മിക്കജില്ലകളിലും വനിതാ ബുള്ളറ്റ് ക്‌ളബ്ബുകള്‍ ഉണ്ട്.