Suryaവെള്ളറട: ഉത്തർപ്രദേശിലെ മഥുരയിലെ സ്വകാര്യ ആശുപത്രിയിൽ മലയാളി നഴ്‌സിനെ മരിച്ചനിലയിൽ കണ്ടെത്തി. 
മഥുര നായാതി മെഡിസിറ്റി ആശുപത്രിയിലെ നഴ്‌സ് കുന്നത്തുകാൽ മാണിനാട് കെ.എസ്. ഭവനിൽ സോമൻ പിള്ളയുടെയും സരസ്വതിയുടെയും മകൾ സൂര്യ(27)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സൂര്യയുടെ മരണവിവരം വീട്ടുകാർ അറിയുന്നത്. 
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.

സൂര്യയെ ക്വാർട്ടേഴ്‌സിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയെന്നാണ്‌ ആദ്യം അറിയിച്ചത്‌.
 പിന്നീട് അല്പനേരംകഴിഞ്ഞ് മരിച്ചുവെന്നും ആത്മഹത്യയായിരുന്നുവെന്നുമുള്ള സന്ദേശങ്ങളാണ് ആശുപത്രിയിൽനിന്നു ലഭിച്ചതെന്നും ബന്ധുക്കൾ പറയുന്നു.  ആന്ധ്രയിലെ കെ.കെ.സി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബി.എസ്‌സി. നഴ്‌സിങ് പഠനം പൂർത്തിയാക്കിയ സൂര്യ 2016-ലാണ് നായാതിയിലെ ആശുപത്രിയിൽ ജോലിക്ക് ചേർന്നത്. ആശുപത്രിക്ക് സമീപത്തെ ക്വാർട്ടേഴ്സിലായിരുന്നു മറ്റ്‌രണ്ട് പെൺകുട്ടികളോടൊപ്പം സൂര്യ താമസിച്ചിരുന്നത്. ഇക്കൂട്ടത്തിലുള്ള മലയാളിയായ മറ്റൊരു നഴ്സ്‌ അവധിക്ക്‌ നാട്ടിലായിരുന്നു.

ശനിയാഴ്ച ജോലികഴിഞ്ഞ്‌ രാത്രി 10 മണിയോടെ സൂര്യയും അമ്മ സരസ്വതിയും ഫോണിൽ സംസാരിച്ചിരുന്നതായി വീട്ടുകാർ പറയുന്നു. ഞായറാഴ്ച രാവിലെയാണ് മരണവാർത്ത വീട്ടുകാർ അറിയുന്നത്. മകൾ ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ സൂര്യയുടെ അച്ഛൻ സോമൻ പിള്ള മുഖ്യമന്ത്രിക്ക്‌ പരാതി നൽകി.  

സൗമ്യയാണ് സൂര്യയുടെ സഹോദരി. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്‌. സി.കെ.ഹരീന്ദ്രൻ എം.എൽ.എ.യും മറ്റ്‌ രാഷ്ട്രീയനേതാക്കളും സംഭവമറിഞ്ഞ്‌ സൂര്യയുടെ വീട്ടിലെത്തി.