അനധികൃതമായി കടത്തിയ റേഷനരിയും ഗോതമ്പും പിടികൂടി

Posted on: 23 Dec 2012കോവളം: കിളിമാനൂരില്‍നിന്നും പൂവാറിലേക്ക് അനധികൃതമായി മിനിലോറിയില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന 40 ചാക്ക് അരിയും 40 ചാക്ക് ഗോതമ്പും വിഴിഞ്ഞം പോലീസ് പിടികൂടി. ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി നിദ്രവിള ഏഴുദേശം കലിംഗരാജപുരം അംബേദ്കര്‍ കോളനിയില്‍ ഫാറൂഖി (22) നെ പോലീസ് അറസ്റ്റ് ചെയ്തു.

വിഴിഞ്ഞത്തിനടുത്ത് ഉച്ചക്കട വട്ടവിളയില്‍വെച്ചാണ് അരിയും ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തത്. റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ വില്പന നടത്തുന്നത് തടയുന്നതിന്റെ ഭാഗമായി റേഷന്‍ കടകളിലും ഗോഡൗണുകളിലും കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ്‌നടത്തിയിരുന്നു. പൂവാര്‍ സ്വദേശി കാര്‍ത്തിക്കിന് വേണ്ടിയാണ് റേഷന്‍ സാധനങ്ങള്‍ കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.

ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം വിഴിഞ്ഞം സി.ഐ സ്റ്റുവര്‍ട്ട് കീലര്‍, വിഴിഞ്ഞം എസ്.ഐ. ജയസനില്‍, പോലീസുകാരായ അനില്‍കുമാര്‍, രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് റേഷന്‍ സാധനങ്ങള്‍ പിടികൂടിയത്.

More News from Thiruvananthapuram